ആനക്കൊലക്കേസ് പ്രതിയുടെ അറസ്റ്റ്; ആശ്വാസത്തോടെ വനംവകുപ്പ്

സുല്‍ത്താന്‍ ബത്തേരി: കുപ്പാടിയില്‍ ആനയെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിയെ അറസ്റ്റ്ചെയ്തത് വനംവകുപ്പിന് ആശ്വാസമായി. ആനകള്‍ തുടരെ വെടിയേറ്റുവീണിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാത്തതില്‍ വിമര്‍ശമുയരുന്ന ഘട്ടത്തിലാണ് കുളത്തിങ്കല്‍ ഷാജിയെ പിടികൂടുന്നത്. ആനക്കൊലക്കു പിന്നില്‍ നിസ്സാരക്കാരനല്ല എന്നത് വനംവകുപ്പിന് വ്യക്തമായിരുന്നതിനാല്‍ വളരെ തന്ത്രപൂര്‍വമാണ് അന്വേഷണം നടത്തിയത്. നേരത്തേ തന്നെ പ്രതിയെക്കുറിച്ച് സംശയമുണ്ടായിരുന്നെങ്കിലും കസ്റ്റഡിയിലെടുക്കുന്നതിനോ ചോദ്യം ചെയ്യുന്നതിനോ തിടുക്കം കാട്ടിയില്ല. ഇതിനിടെയാണ് ജൂലൈ 26ന് രാത്രി നൂല്‍പുഴ പാട്ടവയല്‍ ഭാഗത്ത് വനത്തില്‍ വേട്ടയാടുന്നതിനിടെ ഒരു സംഘത്തെ വനംവകുപ്പ് പിടികൂടുന്നത്. പുത്തന്‍കുന്ന് സ്വദേശികളായ പാലപ്പൊറ്റ സംജാദ് (23), തോട്ടപുര പ്രവീണ്‍ (23), ചെതലയം വാളയില്‍ സുമേഷ് (42), മലപ്പുറം മങ്കട കൂട്ടില്‍ നെല്ളേങ്കര ഷമീര്‍ ഫൈസല്‍ (48), അബ്ദുല്‍ ഗഫൂര്‍ (41), അബ്ദുല്‍ ലത്തീഫ് (40) എന്നിവരെയാണ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ആനക്കൊലയുമായി ബന്ധപ്പെട്ട തുമ്പുണ്ടായത്. ഇതില്‍ സഞ്ചു എന്ന സംജാദിന് ആനക്കൊലയുമായി ബന്ധമുണ്ടെന്ന് വനംവകുപ്പിന് ബോധ്യപ്പെട്ടിരുന്നു. കുളത്തിങ്കല്‍ ഷാജിയുമായി അടുത്ത ബന്ധമാണ് സംജാദിന്. ഇയാള്‍ക്കെതിരെ വന്യമൃഗവേട്ടയുമായി ബന്ധപ്പെട്ട് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ നാലിനാണ് വനത്തില്‍വെച്ച് വാഷുമായി ചുണ്ടാട്ട് ബേബിയെ പിടികൂടുന്നത്. ബേബിയുടെ മൊഴിയനുസരിച്ച് പുതുക്കുടി ഷാജിയെ അറസ്റ്റ്ചെയ്തു. ആനയെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് ഇയാളുടെ വീട്ടില്‍നിന്നാണ് കുളത്തിങ്കല്‍ ഷാജി വാങ്ങിയത്. പിടിച്ചെടുത്ത തോക്കില്‍നിന്നുള്ളതാണ് ആനയുടെ നെറ്റിയില്‍ തറച്ച വെടിയുണ്ടയെന്ന് തെളിയിക്കുക മാത്രമാണ് ഇനി ബാക്കിയുള്ളത്. അതേസമയം, പിടിച്ചെടുത്ത തോക്കില്‍ നിന്നുള്ളതാണ് വെടിയുണ്ട എന്ന് ഇതിനകം സ്ഥിരീകരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. കൃത്യം ചെയ്യുന്നതിനുപയോഗിച്ച വാഹനവും പിടിച്ചെടുക്കേണ്ടത് വനംവകുപ്പിന് ആവശ്യമായിരുന്നു. വാഹനമടക്കം പ്രതിയെ അറസ്റ്റ്ചെയ്യുന്നതിനായിരുന്നു വനംവകുപ്പ് കാത്തിരുന്നത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് ഷാജിക്കെതിരെ ചുമത്തിയിട്ടുള്ളത്. ആനക്കൊലയാളികളെ പിടിക്കാത്തതിനത്തെുടര്‍ന്ന് വനംവകുപ്പിന് പല ഭാഗത്തുനിന്നും വിമര്‍ശം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍, എല്ലാ തെളിവുകളോടുംകൂടി പ്രതിയെ പിടികൂടിയത് വനംവകുപ്പിന് വലിയ നേട്ടമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.