ഭൂമി തരം മാറ്റം: ആറ് വന്‍കിടക്കാര്‍ക്ക് നോട്ടീസ്

മാനന്തവാടി: അനുവദിച്ച ആവശ്യത്തിനല്ലാതെ ഭൂമി തരം മാറ്റി ഉപയോഗിച്ച ജില്ലയിലെ ആറ് വന്‍കിടക്കാര്‍ക്ക് നോട്ടീസ് നല്‍കി. ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവുവാണ് ഏക്കറുകണക്കിന് ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് നല്‍കിയത്. സര്‍ക്കാര്‍ ഭൂമിതരം മാറ്റിയ പ്രമുഖ എസ്റ്റേറ്റ് ഉടമകള്‍ക്കെതിരെ കെ.എല്‍.ആര്‍ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വൈത്തിരി, മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളാണ് ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് വന്‍കിട എസ്റ്റേറ്റ് ലോബിക്കെതിരെ സബ് കലക്ടറുടെ നേതൃത്വത്തില്‍ കര്‍ശന നിലപാടുകളുമായി മുന്നോട്ടുപോകുന്നത്. പ്രൈം ലാന്‍ഡ് ഹോള്‍ഡിങ്സിന്‍െറ വൈത്തിരി റിസോര്‍ട്ട്, വാഴക്കാല എസ്റ്റേറ്റ്, രാജഗിരി എസ്റ്റേറ്റ്, കല്‍പറ്റ നഗരത്തിലെ നീലിക്കണ്ടി പക്കര്‍ ഹാജിയുടെ 49 ഏക്കര്‍, മേപ്പാടി ചെമ്പ്ര പീക്കില്‍ അബ്ദുല്‍ വഹാബിന്‍െറ പേരിലുള്ള 10 ഏക്കര്‍, എം.എന്‍. സന്താനത്തിന്‍െറ കൊട്ടാരം പ്ളാന്‍േറഷന്‍െറ പേരിലുള്ള ഭൂമി തുടങ്ങി നിരവധി വന്‍കിട എസ്റ്റേറ്റുകാര്‍ക്കെതിരെയാണ് നോട്ടീസ് നല്‍കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്. കേരള ഭൂപരിഷ്കരണ നിയമത്തിന്‍െറ ചുവടുപിടിച്ച് സെക്ഷന്‍ 81 പ്രകാരം കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഇളവനുവദിച്ച ഭൂമി പ്രസ്തുത ആവശ്യത്തിലേക്ക് വിനിയോഗിക്കാതെ പൂര്‍ണമായോ ഭാഗികമായോ തരംമാറ്റം വരുത്തിയതിനെതിരെയാണ് റവന്യൂ വകുപ്പ് നിയമ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഭൂമിയും കേരള ഭൂപരിഷ്കരണനിയമത്തിന്‍െറ പരിധിയിലാണെന്ന് ഹൈകോടതി വിധി പ്രഖ്യാപിട്ടുണ്ട്. അതിനാല്‍ സെക്ഷന്‍ 81 പ്രകാരം പ്ളാന്‍േറഷന്‍, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, ചാരിറ്റബിള്‍ സംഘടന മുതലായവക്ക് ഇളവുനല്‍കിയ ഭൂമി തരംമാറ്റിയിട്ടുണ്ടെങ്കില്‍ ചില നടപടികള്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. തരംമാറ്റിയ ഭൂമിയുടെ വിസ്തീര്‍ണം, ആര്‍ക്കാണോ സീലിങ് കേസില്‍ ഇളവ് അനുവദിച്ചത് ആ കക്ഷിയുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തി സീലിങ് പരിധിയിലധികം വരുന്ന ഭൂമിയെ സെക്ഷന്‍ 87 പ്രകാരം മിച്ചഭൂമിയായി പ്രഖ്യാപിക്കുന്നതിന് അതത് താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹൈകോടതി നിര്‍ദേശിച്ചിരുന്നത്. ഈ നിയമം നടപ്പാക്കുമ്പോള്‍ ഇളവുനല്‍കിയ ഭൂമിയുടെ നിലവിലെ അവസ്ഥമാത്രം പരിഗണിച്ചാല്‍ മതിയാകുമെന്നും ഭൂമിയുടെ ഉടമസ്ഥത പരിഗണിക്കേണ്ടതില്ളെന്നും ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. ഈ സാഹചര്യത്തില്‍ കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഇളവനുവദിച്ച ഭൂമി പൂര്‍ണമായോ ഭാഗികമായോ ആരുടെ കൈവശമായിരുന്നാലും പ്രസ്തുത കൈവശക്കാരന്‍ ആ ഭൂമിയെ ഇളവ് നല്‍കിയ ഇനത്തിനായി മാത്രം വിനിയോഗിക്കേണ്ടതാണ്. കൈവശക്കാരന്‍ നിയമം അനുവദിച്ച ഇളവ് നഷ്ടപ്പെടുത്തിയാല്‍ ഏത് സീലിങ് കേസും ഏതു സമയത്തും സെക്ഷന്‍ 87 പ്രകാരം പുനരാരംഭിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്ക് അധികാരം ഉണ്ടെന്ന ഹൈകോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തിലാണ് നടപടികളുമായി റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ് മുന്നോട്ടുപോകുന്നത്. ജീവനക്കാരുടെ കുറവ് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും മാനന്തവാടി, വൈത്തിരി ലാന്‍ഡ് ബോര്‍ഡുകള്‍ സമയബന്ധിതമായാണ് മിച്ചഭൂമി നടപടികളുമായി മുന്നോട്ടുപോകുന്നത്. മാനന്തവാടിയില്‍ 140 ഓളവും, വൈത്തിരിയില്‍ 100 ഓളവും ലാന്‍ഡ് ബോര്‍ഡ് കേസുകള്‍ നിലവിലുണ്ട്. എന്നാല്‍, ബത്തേരിയില്‍ 10ല്‍ താഴെ കേസുകളേ നിലവിലുള്ളൂവെങ്കിലും നടപടി ക്രമങ്ങള്‍ പാതിവഴിയില്‍ നിലച്ച സ്ഥിതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.