പനമരത്ത് ഭരണം പിടിക്കാന്‍ ഇടതുപക്ഷം; നിലനിര്‍ത്താന്‍ യു.ഡി.എഫ്

പനമരം: സി.എം.പി, സി.പി.എമ്മിലേക്ക് ചുവടുമാറ്റിയതോടെ പനമരം പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കരുനീക്കങ്ങള്‍ ശക്തമാക്കി. യു.ഡി.എഫില്‍നിന്ന് ഭരണം പിടിച്ചെടുക്കാനുള്ള ഒരുക്കങ്ങള്‍ ഇടതുപക്ഷത്തിന് ആവേശമുണ്ടാക്കുമ്പോള്‍ ഭരണം എങ്ങനെയെങ്കിലും നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആലോചനയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. അതേസമയം, അടുത്ത ഒന്നാം തീയതിയോടെ അവിശ്വാസത്തിന് നോട്ടീസ് കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഇടതു കേന്ദ്രങ്ങള്‍. സി.എം.പി, സി.പി.എമ്മിലേക്ക് വന്നതായി പ്രഖ്യാപിച്ചതോടെ പനമരത്തെ രാഷ്ട്രീയ മേഖല മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഇടത് അംഗങ്ങളോടൊപ്പം സി.എം.പിയുടെ രണ്ട് അംഗങ്ങള്‍ കൂടി ചേര്‍ന്നാല്‍ ഗ്രാമപഞ്ചായത്തില്‍ വരാന്‍പോകുന്ന അവിശ്വാസം പാസാക്കിയെടുക്കാനാകും. 16ാം വാര്‍ഡില്‍നിന്ന് വിജയിച്ച സീന സാജനും 17ാം വാര്‍ഡിലെ ടി. മോഹനനുമാണ് സി.എം.പിയുടെ പ്രതിനിധികള്‍. ടി. മോഹനന്‍ ഇടതില്‍ ഉറച്ചുനില്‍ക്കുമെന്നുറപ്പാണ്. എന്നാല്‍, അവിശ്വാസം വന്നാല്‍ ആരുടെ കൂടെ നില്‍ക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ളെന്നാണ് സീന സാജന്‍ തിങ്കളാഴ്ച പറഞ്ഞത്. 12- 11 എന്ന നിലയിലാണ് പനമരത്ത് യു.ഡി.എഫ് ഭരണം നടത്തുന്നത്. സി.എം.പിയുടെ രണ്ട് അംഗങ്ങള്‍ ചുവട് മാറുമ്പോള്‍ 13-10 എന്ന നിലയില്‍ ഇടതിന് ഭൂരിപക്ഷമാകും. അതല്ല, ഇനി സി.എം.പിയുടെ ഒരംഗം മാത്രം പിന്തുണച്ചാലും എല്‍.ഡി.എഫിന് ഭരണം കിട്ടും. യു.ഡി.എഫിന്‍െറ അടിയന്തര യോഗം ചൊവ്വാഴ്ച പനമരത്ത് ചേരുന്നുണ്ട്. അവിശ്വാസം വന്നാല്‍ പെട്ടെന്ന് ഭരണം വിട്ടുകൊടുക്കാന്‍ തയാറാകില്ളെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞത്. അണിയറ നീക്കത്തിലൂടെ കൂടുതല്‍ മെംബര്‍മാരെ അവര്‍ തങ്ങളോടൊപ്പം നിര്‍ത്താന്‍ ശ്രമിക്കുമെന്നുറപ്പ്. ഒന്നര പതിറ്റാണ്ടിനുശേഷം ഭരണം പിടിച്ചെടുക്കാനുള്ള അവസരമാണ് എല്‍.ഡി.എഫിന് വന്നിട്ടുള്ളത്. അതിനാല്‍, അവരും വെറുതെയിരിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 12 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ആദ്യത്തെ രണ്ടര വര്‍ഷം പ്രസിഡന്‍റ് പദവി കോണ്‍ഗ്രസിനും ബാക്കി രണ്ടര ലീഗിനും കൊടുക്കാനാണ് പനമരത്തെ യു.ഡി.എഫ് ധാരണ. അതേസമയം, വൈസ് പ്രസിഡന്‍റ് സ്ഥാനം അഞ്ചുവര്‍ഷമാണ് സി.എം.പിക്ക് അനുവദിച്ചത്. അര്‍ഹമായത് സി.എം.പിക്ക് കൊടുത്തിട്ടുണ്ടെന്നും അതിനാല്‍, അവരുടെ ചുവടുമാറ്റം നീതിക്ക് നിരക്കുന്നതല്ളെന്നും പനമരത്തെ യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.