മഴുവന്നൂര്‍ കോളനിക്കാര്‍ക്ക് വീടുവേണം; അതിനുമുമ്പ് റോഡും

വെള്ളമുണ്ട: റോഡ് നിര്‍മാണത്തിനായി സ്ഥലം അളന്നുതിരിച്ച് കുറ്റിയിട്ടിട്ട് മാസങ്ങള്‍ കഴിയുമ്പോഴും റോഡ് നിര്‍മാണത്തിന് നടപടിയില്ല. ഇതുമൂലം ആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മാണവും നീളുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി മഴുവന്നൂര്‍ പണിയ കോളനിയിലാണ് സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാല്‍ വീടുനിര്‍മാണത്തിന് സാധനങ്ങള്‍ എത്തിക്കാന്‍പോലുമാവാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായത്. കോളനിയിലെ പത്തു കുടുംബങ്ങള്‍ പാളയും പ്ളാസ്റ്റിക്കുംകൊണ്ട് മറച്ച കൂരകളിലാണ് കഴിയുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ വീടും ശൗചാലയങ്ങളുമില്ലാതെ നരകിക്കുകയാണ്. മരിച്ചാല്‍ അടക്കാന്‍ സ്ഥലം പോലുമില്ലാ. വാസയോഗ്യമായ ഒരു വീട് പോലുമില്ലാത്ത കോളനിയില്‍ ഒറ്റമുറി കൂരകളില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് ജീവിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് രണ്ട് വീടുകള്‍ പാസായിരുന്നെങ്കിലും വീടു നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാന്‍ റോഡില്ലാത്തതിനാല്‍ മുടങ്ങി. കോളനിക്കാരുടെ ദുരിതജീവിതം വാര്‍ത്തയായതോടെ പഞ്ചായത്തധികൃതര്‍ ഇടപെട്ട് കോളനിയിലേക്ക് റോഡ് നിര്‍മിക്കാനുളള നീക്കം നടത്തിയിരുന്നു. ഇതിന്‍െറ ഭാഗമായി സ്വകാര്യ വ്യക്തി വിട്ടുനല്‍കിയ സ്ഥലത്ത് കോളനിയുടെ ഒരു വശത്ത് റോഡും നിര്‍മിച്ചിരുന്നു. എന്നാല്‍, കോളനിയിലെ ഏറ്റവും അവഗണന നേരിടുന്ന ഉള്‍വശത്തേക്ക് ഇനിയും റോഡായിട്ടില്ല. ഇവിടേക്ക് റോഡ് വെട്ടുന്നതിനായി വയല്‍ കരയിലൂടെയുള്ള സ്ഥലത്ത് സ്ഥലം ഏറ്റെടുത്ത് കുറ്റിയടിച്ചിരുന്നു. പക്ഷേ, പിന്നീട് നടപടികളൊന്നുമുണ്ടായിട്ടില്ല. റോഡ് നിര്‍മിക്കാനുള്ള ഫണ്ട് ഇല്ലാത്തതാണ് നിര്‍മാണം വൈകാന്‍ ഇടയാക്കിയതെന്നും കോളനി വികസനത്തിന് പ്രത്യേക പാക്കേജ് എര്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടറോട് അപേക്ഷിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി ടീച്ചര്‍ പ്രതികരിച്ചു. കലക്ടര്‍ കോളനി സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുശേഷം വീടും മറ്റ് സൗകര്യങ്ങളും ഒരുക്കാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.