ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍ പരാജയം

മാനന്തവാടി: ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ച പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാനുള്ള നടപടി പരാജയം. കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികള്‍ക്കായി പൊലീസ് നെട്ടോട്ടമോടേണ്ടിവരുകയും ചെയ്യുന്നു. 2010 മുതല്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇവ പ്രായോഗികവത്കരിക്കുന്നില്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് 2016 മേയില്‍ കൂടുതല്‍ ശക്തമായ നിര്‍ദേശങ്ങള്‍ പൊലീസ്തലത്തില്‍നിന്നുണ്ടായിരുന്നു. പെരുമ്പാവൂര്‍ ജിഷ വധത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു പുതിയ നിര്‍ദേശങ്ങള്‍ പൊലീസ് പുറപ്പെടുവിച്ചത്. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലുമുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കാനായിരുന്നു പ്രധാന നിര്‍ദേശം. ഇതിന് പുറമെ ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ജില്ലയില്‍ നാമമാത്രമായ പൊലീസ്സ്റ്റേഷനുകള്‍ മാത്രമാണ് നിര്‍ദേശം നടപ്പാക്കാന്‍ പ്രത്യേക രജിസ്ട്രേഷന്‍ ക്യാമ്പുകളുള്‍പ്പെടെ സംഘടിപ്പിച്ചത്. ഈ ക്യാമ്പുകളില്‍തന്നെ മുഴുവന്‍ പേരെയുമത്തെിക്കാനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരാള്‍ പോലും പുതുതായി രജിസ്റ്റര്‍ ചെയ്യാത്ത നിരവധി പൊലീസ്റ്റേഷനുകള്‍ ജില്ലയിലുണ്ട്. തലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ഇതുവരെയായി 50 തൊഴിലാളികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തലപ്പുഴ, മക്കിമല, പേര്യ, വാളാട് തുടങ്ങിയ സ്ഥലങ്ങളിലായി നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുണ്ട്. കൂടാതെ മാനന്തവാടി, തിരുനെല്ലി, വെള്ളമുണ്ട, തൊണ്ടര്‍നാട് എന്നിവിടങ്ങളിലും നിരവധി തൊഴിലാളികള്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരൊന്നുംതന്നെ ഒരു പൊലീസ് സ്റ്റേഷനിലും പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിലവില്‍ തൊഴിലാളികളുടെ ഉടമകള്‍ക്കാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ട ചുമതല. എന്നാല്‍, ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ഏതെങ്കിലും തൊഴിലുടമയുടെ കൂടെ സ്ഥിരമായി ജോലി ചെയ്യുന്നവരല്ല. രണ്ടോ മൂന്നോ മാസം മാത്രം കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഇത്തരക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനോ അത് പൊലീസിലോ ലേബര്‍ ഓഫിസിലോ കൈമാറാനോ താല്‍ക്കാലിക തൊഴിലുടമകള്‍ മെനക്കെടാറില്ല. രജിസ്റ്റര്‍ ചെയ്താല്‍തന്നെ ആ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ജോലി കഴിഞ്ഞ് മറ്റൊരിടത്തേക്ക് പോയാല്‍ അറിയാനുള്ള ഒരു സംവിധാനവും നിലവില്‍ പൊലീസിലില്ല. ഇതിനു പകരം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ വിവരങ്ങള്‍ കൈമാറണമെന്ന കര്‍ശന നിര്‍ദേശങ്ങളുണ്ടായാല്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഗ്രാമങ്ങളില്‍പോലും ചെറിയ മുറികളില്‍ അഞ്ചും പത്തും പേര്‍ കൂട്ടമായി താമസിച്ചുവരുന്നുണ്ട്. ഇവിടങ്ങളില്‍ തൊഴില്‍ വകുപ്പോ പൊലീസോ പരിശോധനകള്‍ നടത്താറുമില്ല. തൊഴിലാളികളുടെ രണ്ട് കോപ്പി ഫോട്ടോ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവയാണ് പൊലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍, ഇവിടങ്ങളിലത്തെുന്നവരില്‍ ഇത്തരം രേഖകളില്ലാത്തവര്‍ നിരവധിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന രേഖകള്‍ വെച്ച് അവരുടെ നാട്ടില്‍ ഏതെങ്കിലും കേസുകളില്‍ പ്രതിയാണോ എന്ന് തിരിച്ചറിയാന്‍ പൊലീസ് ശ്രമം നടത്തിയിരുന്നെങ്കിലും കൃത്യമായി വിവരങ്ങള്‍ കൈമാറാന്‍ ഇതര സംസ്ഥാനങ്ങളിലെ പൊലീസ് തയാറാവുന്നില്ളെന്നും പറയപ്പെടുന്നുണ്ട്. ഇതോടെയാണ് പൊലീസ് ഈ കാര്യത്തിലുള്ള കര്‍ശന നീക്കങ്ങള്‍ക്ക് താല്‍പര്യമെടുക്കാത്തത്. എന്നാല്‍, കൊടും കുറ്റവാളികള്‍വരെ ഒരു നിയന്ത്രണമോ പരിശോധനയോ കൂടാതെ സംസ്ഥാനത്തത്തെുന്നതും മാസങ്ങളോളം താമസിച്ച് ജോലിചെയ്യുന്നതും സംസ്ഥാനത്തിന്‍െറ സുരക്ഷക്കും ആരോഗ്യ രംഗത്തും ഭീഷണിയാണെന്ന് കണ്ടത്തെിയിട്ടും ഏത് വിധേന നിയന്ത്രിക്കണമെന്ന കൃത്യമായ ധാരണ സര്‍ക്കാറിനില്ല. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വലിയ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അതിന് പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് കണ്ടത്തെിയാല്‍ പിന്നീട് പൊലീസ് സംഘങ്ങളായി തിരിഞ്ഞ് ഇതര സംസ്ഥാനങ്ങളില്‍ നെട്ടോട്ടമോടുകയാണ് പതിവ്. ഇതാകട്ടെ സമയ, സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കാരണമാകുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.