നെലാക്കോട്ട പ്രാഥമിക ആരോഗ്യകേന്ദ്രം എം.എല്‍.എ സന്ദര്‍ശിച്ചു

ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കില്‍പ്പെട്ട നെലാക്കോട്ട പ്രാഥമിക ആരോഗ്യകേന്ദ്രം ഗൂഡല്ലൂര്‍ എം.എല്‍.എ അഡ്വ. ദ്രാവിഡമണി സന്ദര്‍ശിച്ചു. ആധുനിക സൗകര്യങ്ങളോടെ പ്രാഥമിക കേന്ദ്രം വിപുലപ്പെടുത്തിയെങ്കിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുകാരണം ഇവിടെ എത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഗര്‍ഭിണികളെയാണ് ഇവിടെ കൂടുതല്‍ ചികിത്സക്കായി എത്തിക്കുന്നത്. എന്നാല്‍, അടിയന്തര ചികിത്സ നേരിട്ടാല്‍ ഉടന്‍ ഇവിടെനിന്ന് ഊട്ടിയിലേക്കോ കോയമ്പത്തൂരിലേക്കോ അയക്കുകയാണ് പതിവ്. ഈ ആശുപത്രികളില്‍ എത്താന്‍ മണിക്കൂറുകളുടെ യാത്ര ആവശ്യമാണ്. ഇതുകാരണം പലരും സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കോ, സര്‍ക്കാര്‍ ആശുപത്രിയിലേക്കോ ആണ് പോവാറ്. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസവും സൃഷ്ടിക്കുന്നതിനാല്‍ നെല്ലാക്കോട്ട് പ്രാഥമിക ആരോഗ്യകേന്ദ്രം മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ആശുപത്രിയാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ശക്തമായി. ഇതുസംബന്ധിച്ച് എം.എല്‍.എക്കും നിവേദനം ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് എം.എല്‍.എ പ്രാഥമിക കേന്ദ്രം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞത്. ഏഴു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഈ ഡോക്ടര്‍ അനസ്തറ്റിസ്റ്റായതിനാല്‍ രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ല. നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് കാരണമാണ് രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയാതെ വരുന്നതെന്ന് മനസ്സിലാക്കിയ എം.എല്‍.എ ഇത് സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവന്ന് നടപടി ആവശ്യപ്പെടുമെന്ന് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.