വയനാട്ടില്‍ വന്യജീവി ആക്രമണം വര്‍ധിക്കുന്നു

കല്‍പറ്റ: വനസമ്പന്ന ജില്ലയായ വയനാട്ടില്‍ ഓരോ വര്‍ഷവും വന്യജീവി ആക്രമണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വന്യജീവികള്‍ കാടിറങ്ങുന്നതിന്‍െറ ഫലമായി കാര്‍ഷിക വിളകള്‍, കാടിനോടു ചേര്‍ന്ന വീടുകള്‍, വാഹനങ്ങള്‍ എന്നിവ നശിപ്പിക്കപ്പെടുന്നതോടൊപ്പം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിക്കേല്‍ക്കുന്നതും കൊല്ലപ്പെടുന്നതും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചിരിക്കുകയാണ്. 2014-15 വര്‍ഷത്തില്‍ വയനാട് നോര്‍ത് ഡിവിഷനില്‍ വന്യജീവി ആക്രമണത്തില്‍ കൃഷി നശിച്ചതുമായി ബന്ധപ്പെട്ട് 1157 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഈ വര്‍ഷം 1284 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2014-15 വര്‍ഷം കന്നുകാലി നഷ്ടവുമായി ബന്ധപ്പെട്ട് 37 പരാതികള്‍ ലഭിച്ചപ്പോള്‍ 2015-16 വര്‍ഷം 67 പരാതികളാണ് ലഭിച്ചത്. 4,83,400 രൂപയാണ് ഈയിനത്തില്‍ ആദ്യ വര്‍ഷം നഷ്ടപരിഹാരം നല്‍കിയതെങ്കില്‍ 2015-16ല്‍ അത് 8,81,800 രൂപയാണ്. 2014-15 കാലയളവില്‍ വന്യജീവി ആക്രമണത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായി പരാതി ലഭിച്ചപ്പോള്‍ തൊട്ടടുത്ത വര്‍ഷം 22 ആയി ഉയര്‍ന്നു. ആദ്യ ഒമ്പതു പേര്‍ക്കും 3,45,455 രൂപ നഷ്ടപരിഹാരം നല്‍കി. എന്നാല്‍, 2015-16 വര്‍ഷം ഏഴു പേരുടെ പരാതി മാത്രമാണ് പരിഹരിച്ചത്. 2,85,000 രൂപയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ചെലവഴിച്ചത്. 2014-15 വര്‍ഷം വയനാട് നോര്‍ത് ഡിവിഷനില്‍ മാത്രം 43 വീടുകളാണ് വന്യജീവി ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടത്. എന്നാല്‍, 2015-16 വര്‍ഷം അത് 29 ആയി കുറയുകയാണ് ചെയ്തത്. 2015-16 വര്‍ഷം വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട 1403 സംഭവങ്ങളാണ് നോര്‍ത് ഡിവിഷനില്‍നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് 1071 പരാതികള്‍ വനംവകുപ്പിന് ലഭിച്ചെങ്കിലും 770 എണ്ണത്തില്‍ മാത്രമാണ് നഷ്ടപരിഹാാരം അനുവദിച്ചത്. 59,92,265 രൂപ കഴിഞ്ഞവര്‍ഷം നഷ്ടപരിഹാരം നല്‍കി. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ 6603 പരാതികളില്‍ 3,49,96,538 രൂപയാണ് വന്യജീവി ആക്രമണത്തിനിരയായവര്‍ക്ക് നല്‍കിയ നഷ്ടപരിഹാരം. വയനാട് സൗത് ഡിവിഷനിലെ കണക്കുകള്‍ കൂടാതെയാണിത്. 2015-16 വര്‍ഷം കാര്‍ഷിക മേഖലയില്‍ മാത്രം 1107 കേസുകളില്‍ 39,10,216 രൂപയാണ് സൗത് ഡിവിഷനില്‍ നഷ്ടപരിഹാരമായി നല്‍കിയത്. വന്യജീവി ആക്രമണത്തിന്‍െറ തോത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതിന്‍െറ സൂചനയാണ് മേല്‍ പരാമര്‍ശിച്ച കണക്കുകളില്‍നിന്ന് ലഭിക്കുന്നത്. വന്യജീവി ആക്രമണം അനുദിനം രൂക്ഷമാവുമ്പോഴും ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തതുമൂലം നഷ്ടപരിഹാരമായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികളാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്.നഷ്ടപരിഹാരം നല്‍കുന്ന തുകയുണ്ടെങ്കില്‍ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.