പനമരത്ത് ഭരണമാറ്റത്തിന് സാധ്യത

പനമരം: രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചകളും ധാരണകളും സജീവമാകുമ്പോള്‍ പനമരം ഗ്രാമപഞ്ചായത്തില്‍ ഭരണമാറ്റത്തിനുള്ള സാധ്യത തെളിയുന്നു. എന്നാല്‍, ഇക്കാര്യം പരസ്യമായി സമ്മതിക്കാന്‍ ഇടത്- വലത് മുന്നണി നേതൃത്വം തയാറാകുന്നില്ല. യു.ഡി.എഫ് മുന്നണിയില്‍പെട്ട സി.എം.പി ഇടതിലേക്ക് പോകാനുള്ള ധാരണകളും ചര്‍ച്ചകളുമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി അണിയറയില്‍ സജീവമായിരുന്നത്. 12- 11 എന്ന നിലയില്‍ യു.ഡി.എഫ് ഭരിക്കുന്ന പനമരത്ത് സി.എം.പിയിലെ രണ്ട് അംഗങ്ങള്‍ മറുകണ്ടം ചാടിയാല്‍ ഭരണമാറ്റമുണ്ടാകും. യു.ഡി.എഫ് വിടുമെന്ന് രണ്ടാഴ്ച മുമ്പ് സി.എം.പി നേതാവ് ടി. മോഹനന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം, ജില്ലാ സഹകരണബാങ്കിലെ ഏതാനും ഡയറക്ടര്‍മാരുടെ രാജി സി.എം.പി ഇടതിലേക്ക് മാറുന്നതിന്‍െറ സൂചനയായിവേണം കണക്കാക്കാന്‍. പനമരത്ത് പതിറ്റാണ്ടുകളായി സി.എം.പി യു.ഡി.എഫിന്‍െറ ഭാഗമാണ്. മലങ്കര, വിളമ്പുകണ്ടം ഭാഗങ്ങളാണ് സി.എം.പിയുടെ ശക്തികേന്ദ്രങ്ങള്‍. യു.ഡി.എഫ് ഭരിക്കുമ്പോഴൊക്കെ ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ സി.എം.പി പ്രബല ശക്തിയാണ്. പതിറ്റാണ്ടുകളായി എതിര്‍ചേരിയില്‍നിന്നവര്‍ തങ്ങളോടൊപ്പം ചേരുന്നതിനെ ചില ഇടത് പ്രവര്‍ത്തകര്‍ക്കെങ്കിലും ഇപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ളെന്നതാണ് അണിയറ വിവരം. അണികള്‍ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനെ ശക്തമായി വിലക്കിയാണ് നേതൃത്വം സി.എം.പിയെ സ്വാഗതം ചെയ്യുന്നതെന്ന് വ്യക്തം. സി.എം.പിയെ പിടിച്ചുനിര്‍ത്തി ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫ് വലിയ താല്‍പര്യം കാണിക്കുന്നില്ല. സി.എം.പി മുന്നണിവിടുമെന്നത് വെറും ഊഹാപോഹമാണെന്നും അങ്ങനെയുണ്ടായാല്‍ അപ്പോള്‍ അതിനെതിരെ പ്രതികരിക്കുമെന്നും കോണ്‍ഗ്രസ് പനമരം മണ്ഡലം പ്രസിഡന്‍റും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ അരിഞ്ചേര്‍മല ബെന്നി പറഞ്ഞു. സി.എം.പി നേതൃത്വം ഇതുവരെ വിവരം തങ്ങളെ ഒൗദ്യോഗികമായി അറിയിച്ചിട്ടില്ളെന്ന് പനമരത്തെ ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേസമയം സി.എം.പി യു.ഡി.എഫ് വിടുന്നത് സംബന്ധിച്ച് അടുത്തദിവസം പ്രഖ്യാപനമുണ്ടാകുമെന്ന് സി.എം.പിയുമായ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.