അങ്കണവാടികളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥയാവുന്നു

കല്‍പറ്റ: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ അങ്കണവാടികളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ക്രമാതീതമായി വര്‍ധിക്കുന്നു. ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെയും പ്രീപ്രൈമറി സ്കൂളുകളുടെയും വ്യാപനത്തെ തുടര്‍ന്നാണ് അങ്കണവാടികളിലും ബാലവാടികളിലും കുട്ടികളുടെ എണ്ണം നാമമാത്രമായി കുറയുന്നത്. ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ വ്യാപനത്തെ തുടര്‍ന്ന് അങ്കണവാടികളിലേക്ക് കുട്ടികളെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോള്‍. ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ക്ക് പുറമെ നിരവധി സര്‍ക്കാര്‍ എല്‍.പി സ്കൂളുകളില്‍ പ്രീപ്രൈമറി നഴ്സറി ക്ളാസുകള്‍ ആരംഭിച്ചതും അങ്കണവാടിയില്‍ കുട്ടികള്‍ കുറയാന്‍ കാരണമാകുന്നുണ്ട്. ജില്ലയിലെ ഏറ്റവുംകൂടുതല്‍ ആദിവാസി കുരുന്നുകളുള്ള വയനാട്ടിലെ 50 ശതമാനം എല്‍.പി സ്കൂളുകള്‍ക്ക് സമീപവും ആധുനിക സൗകര്യങ്ങളോടുകൂടിയ ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ വന്‍തോതിലാണ് ഉയര്‍ന്നുവരുന്നത്. ഫീസ് അല്‍പം കൂടിയാലും ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളെ ആകര്‍ഷിക്കാന്‍ വാഹനമുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ അങ്കണവാടിയില്‍ ചേര്‍ക്കാതെ നഴ്സറി ക്ളാസുകളിലേക്ക് പറഞ്ഞയക്കാനാണ് രക്ഷിതാക്കളും ശ്രമിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണമെന്ന ലക്ഷ്യത്തോടെ 1975ലാണ് അങ്കണവാടികള്‍ക്ക് തുടക്കമായത്. കുട്ടികള്‍ക്ക് പോഷകാഹാരവിതരണം, ബോധവത്കരണം, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുമുള്ള മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഗ്രാമത്തിലെ കേന്ദ്രം എന്നിങ്ങനെ ഗ്രാമങ്ങളിലെ സാമൂഹിക പ്രക്രിയയിലെ പ്രധാന ഏജന്‍സികളിലൊന്നായിരുന്നു അങ്കണവാടികള്‍. എന്നാല്‍, അങ്കണവാടികളുടെ അടിസ്ഥാന വികസന സൗകര്യത്തില്‍ സര്‍ക്കാറുകളുടെ നിസ്സംഗത തുടരുന്നതും വിദ്യാര്‍ഥികളെ അകറ്റാന്‍ കാരണമാകുകയാണ്. പട്ടികവര്‍ഗ മേഖലയായ വയനാട്ടില്‍ ആയിരത്തിനടുത്ത് അങ്കണവാടികളാണ് ആകെയുള്ളത്.ഇതില്‍ മിക്കയിടത്തും മറ്റുള്ളവര്‍ ധാനമായി നല്‍കിയ സ്ഥലങ്ങളിലടക്കം നല്ല കെട്ടിടത്തോടുകൂടി അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ കെട്ടിട സൗകര്യപ്രശ്നവും സ്ഥലപരിമിതിയും ടോയ്ലറ്റ്, വെള്ളം, പഠിക്കാനും കളിക്കാനുമുള്ള മതിയായ സൗകര്യങ്ങള്‍ എന്നിവയില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.ഇതിനാല്‍തന്നെ പലയിടത്തും പത്തില്‍താഴെ മാത്രമാണ് അങ്കണവാടികളിലെ കുട്ടികളുടെ എണ്ണം. കൂടാതെ, സംസ്ഥാന സാമൂഹികക്ഷേമ വകുപ്പിന്‍െറ നേതൃത്വത്തില്‍ വിതരണംചെയ്യുന്ന പൂരക പോഷകാഹാരം വിതരണം ചെയ്യുന്നതിലും തിരിച്ചടിയാവുകയാണ്. അതേസമയം, ഈ മേഖലയില്‍ തൊഴിലെടുക്കുന്ന വര്‍ക്കര്‍, ഹെല്‍പര്‍ എന്നിവരുടെ വേതനം വര്‍ധിപ്പിച്ചിട്ടുണ്ട്. എങ്കിലും അങ്കണവാടികളില്‍ കുട്ടികള്‍ കുറഞ്ഞുവരുന്നത് ഇവരുടെ തൊഴില്‍നഷ്ടപ്പെടുത്തുമെന്ന ആശങ്കയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.