ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ സ്ഥലവും വീടും; കരാറെടുത്തവര്‍ ഒരുവീടു പോലും പൂര്‍ണമായി നിര്‍മിച്ചില്ല

വൈത്തിരി: ഒരു ദശാബ്ദം പിന്നിടുമ്പോഴും ആ വീടുകളില്‍ ഒന്നില്‍പോലും ഒരാള്‍ക്കും താമസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂരഹിതരായ ആദിവാസികള്‍ക്ക് വീട് നിര്‍മിക്കുന്നതിനുവേണ്ടി തരാതരം പദ്ധതികളും പണം വകയിരുത്തലുകളുമൊക്കെ നടക്കുമ്പോഴാണ് കരാറെടുത്ത 32ല്‍ ഒരുവീടു പോലും പൂര്‍ണമായി നിര്‍മിക്കാത്തവര്‍ക്കെതിരെ നടപടിയൊന്നുമെടുത്തിട്ടില്ല. വൈത്തിരി പഞ്ചായത്തിലെ കുന്നത്തിടവക വില്ളേജില്‍ ഉള്‍പ്പെട്ട തളിപ്പുഴ പൂക്കോട് കുന്നുമ്മല്‍ പാവപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ സ്ഥലവും വീടും കൊടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് 2003ല്‍ എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. എന്നാല്‍, ഇതില്‍ നാലു വീടുകള്‍ കോണ്‍ക്രീറ്റ് വരെയുള്ള പണി എത്തി എന്നതൊഴിച്ചാല്‍ മറ്റു വീടുകളൊക്കെ നിര്‍മാണം നടത്താതെയും തറകെട്ടിയും പാതിപണി പൂര്‍ത്തിയായ നിലയിലുമൊക്കെ ഉപേക്ഷിക്കുകയായിരുന്നു. മുത്തങ്ങ സംഭവത്തിന് പിന്നാലെയാണ് ആന്‍റണി സര്‍ക്കാര്‍ ഒരേക്കര്‍ വീതം നല്‍കി ഭവന നിര്‍മാണത്തിന് ശ്രമം നടത്തിയത്. തുടര്‍ന്നുവന്ന ഇടതു സര്‍ക്കാറിന്‍െറ കാലത്ത് 32 വീടുകളുടെ നിര്‍മാണ കരാര്‍ ഒരു പ്രമുഖ സി.പി.ഐ നേതാവിന്‍െറ നേതൃത്വത്തിലുള്ള സംഘം സ്വന്തമാക്കുകയായിരുന്നു. എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍െറ പേരിലായിരുന്നു കരാര്‍. പണിയ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ടിയായിരുന്നു സര്‍ക്കാര്‍ വീടുകള്‍ നല്‍കിയിരുന്നത്. വീടുകള്‍ പലയിടത്തായി നിര്‍മാണം തുടങ്ങിയെങ്കിലും പതിയെ മന്ദീഭവിക്കുകയായിരുന്നു. നാലെണ്ണം മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന നിലയിലായതിനാല്‍ ഇതിലാര്‍ക്കും താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ബാക്കി 28 വീടുകളില്‍ ചിലതിന്‍െറ തറക്കുവേണ്ടി സ്ഥലം നിരപ്പാക്കി. മറ്റു ചിലത് തറ മാത്രം പണി കഴിച്ചു. കുറച്ചെണ്ണം തറകെട്ടിയശേഷം പകുതി പണി മാത്രം ചെയ്ത നിലയിലാണ്.എല്ലാ വീടുകളും തറയും കാടുമൂടി ഉപയോഗശൂന്യമായി കിടക്കുകയാണ്. കരാറുകാര്‍ വീട് പണിക്കുള്ള മുഴുവന്‍ തുകയും കൈയിലാക്കി മുങ്ങിയതായാണ് ഇവിടെയുള്ളവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷം മുമ്പ് പണിയ സമാജം ജില്ലാ പ്രസിഡന്‍റ് സി. ബാലകൃഷ്ണന്‍ പ്രശ്നം അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.