കമ്പമലയിലെ തൊഴിലാളികളുടെ ദുരിതമറിയാന്‍ കലക്ടറത്തെി

മാനന്തവാടി: ശ്രീലങ്കന്‍ വംശജരായ തമിഴരെ പുനരധിവസിപ്പിച്ച കേരള വനം വികസന കോര്‍പറേഷന് കീഴിലുള്ള തവിഞ്ഞാല്‍ കമ്പമല തേയില തോട്ടത്തിലെ തൊഴിലാളികളുടെ ദുരിതം നേരിട്ടറിയാന്‍ ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനിയത്തെി. വെള്ളിയാഴ്ച രാവിലെയാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കലക്ടര്‍ കോളനിയിലത്തെിയത്. തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതസാഹചര്യത്തെക്കുറിച്ച് സാമൂഹിക നീതി വകുപ്പ് ഉള്‍പ്പെടെ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു കലക്ടറുടെ സന്ദര്‍ശനം. പാടികളുടെ ദയനീയാവസ്ഥ കലക്ടര്‍ നേരില്‍ കണ്ട് മനസ്സിലാക്കി. പത്തംഗങ്ങള്‍ വരെയുള്ള കുടുംബങ്ങള്‍ ഒറ്റമുറിയില്‍ താമസിക്കേണ്ട ദുരവസ്ഥയും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കക്കൂസ് പോലുമില്ലാത്ത ദുരിതങ്ങളുമടക്കം തൊഴിലാളികള്‍ കലക്ടറെ ബോധ്യപ്പെടുത്തി. റേഷന്‍ കാര്‍ഡ് എ.പി.എല്‍ ആയവര്‍, സ്ഥിരമായി തൊഴില്‍ ഇല്ലാത്തവര്‍, ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ എന്നിവരും പരാതികളുമായി എത്തിയിരുന്നു. എസ്റ്റേറ്റിലേക്ക് ഗതാഗതയോഗ്യമായ റോഡില്ലാത്തതും അങ്കണവാടി, ഡിസ്പെന്‍സറി എന്നിവയുടെ അഭാവവും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. 1981ലാണ് ശ്രീലങ്കന്‍ വംശജരെ ഇവിടെ പുനരധിവസിപ്പിച്ചത്. അന്നുമുതല്‍ നരകതുല്യമായ ജീവിതമാണ് ഇവരുടേത്. തൊഴിലുറപ്പിലുള്‍പ്പെടുത്തി പ്രദേശവാസികള്‍ക്ക് ജോലി നല്‍കാനും പാടികള്‍ പുനര്‍നിര്‍മിക്കാനും കക്കൂസ് നിര്‍മിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. വനം വകുപ്പ് സ്ഥലം വിട്ടുനല്‍കിയാല്‍ അങ്കണവാടി, ഡിസ്പെന്‍സറി എന്നിവ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്നും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുള്‍പ്പെടെയുള്ള സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അടിയന്തരമായി സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. സബ് കലക്ടര്‍ ശീറാം സാംബശിവറാവു, മാനന്തവാടി തഹസില്‍ദാര്‍ ഇ.പി. മേഴ്സി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈമ മുരളീധരന്‍, ഡി.എം.ഒ ഡോ. ആശാദേവി, ടെക്നിക്കല്‍ അസി. യു.കെ. കൃഷ്ണന്‍, എസ്.എം.എസ് ഡിവൈ.എസ്.പി അശോക് കുമാര്‍, ബേഗൂര്‍ റെയ്ഞ്ചര്‍ നജ്മല്‍ അമീന്‍, ജില്ലാ സപൈ്ള ഓഫിസര്‍ തങ്കച്ചന്‍, ഐ.സി.ഡി.എസ് ഓഫിസര്‍ രാജശ്രീ, പഞ്ചായത്തംഗങ്ങള്‍, കെ.എഫ്.ഡി.സി ഉദ്യോഗസ്ഥര്‍ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.