പുഴയെ ഗതിമാറ്റിയ മാത്തൂര്‍വയല്‍ തടയണക്ക് ശാപമോക്ഷമില്ല

പനമരം: പുഴയെ ഗതിമാറ്റിയ മാത്തൂര്‍വയല്‍ തടയണക്ക് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ശാപമോക്ഷമില്ല. അശാസ്ത്രീയമായ നിര്‍മാണമാണ് കാല്‍ കോടിയോളം രൂപ പാഴായിപ്പോകാന്‍ കാരണം. പനമരം പാലത്തില്‍നിന്ന് 400 മീറ്ററോളം അകലെ മാത്തൂര്‍വയലില്‍ തടയണ നിര്‍മിക്കുമ്പോള്‍ നെല്‍കൃഷി വികസനമായിരുന്നു അധികൃതര്‍ ഉന്നംവെച്ചിരുന്നത്. വെള്ളത്തിന്‍െറ അഭാവത്തില്‍ മാത്തൂര്‍വയലില്‍ മാത്രം 50 ഏക്കറില്‍ കൃഷി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, തടയണ നിര്‍മാണം കഴിഞ്ഞയുടനെ പുഴയുടെ ഒരു വശം ഇടിയാന്‍ തുടങ്ങി. മഴക്കാലങ്ങള്‍ പലത് കഴിഞ്ഞതോടെ തടയണക്ക് സമീപം പുഴക്ക് ഇരട്ടിയോളം വീതിയുണ്ടായി. പുഴയെ പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ ഇനി വന്‍ തുക ചെലവഴിക്കണം. തടയണ നിര്‍മാണവും തുടര്‍ന്നുള്ള അരിക് ഭിത്തി ഇടിയലും പത്തു വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്തില്‍ ഏറെ കോലാഹലം ഉണ്ടാക്കിയിരുന്നു. കരാറുകാരനും ജനപ്രതിനിധികളും ലാഭമുണ്ടാക്കിയതായി ആരോപണം ശക്തമായി. ഒരു രൂപയുടെ ഗുണം പോലും ജനത്തിന് ലഭിക്കാത്ത സാഹചര്യത്തില്‍ തടയണക്ക് മുടക്കിയ തുക ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കണമെന്ന അഭിപ്രായങ്ങളും പൊതുജനത്തിനിടയില്‍നിന്ന് ഉയര്‍ന്നു. എന്നാല്‍, ആരും ചെവിക്കൊണ്ടില്ല. ഓരോ വര്‍ഷം കഴിയുമ്പോഴും പുഴ ഈ ഭാഗത്ത് കൂടുതല്‍ വികൃതമായിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്തിരുന്ന സ്ഥലമാണ് പനമരം. പുഴ വെള്ളം പരമ്പരാഗതരീതിയില്‍ വയലിലത്തെിച്ചാണ് അന്ന് കൃഷി ചെയ്തിരുന്നത്. നിലവില്‍ 15ഓളം തടയണകള്‍ പനമരം പഞ്ചായത്തിലുണ്ട്. ഇതുകൊണ്ട് കൃഷിയിടങ്ങള്‍ക്ക് കാര്യമായ ഗുണമുണ്ടാകുന്നില്ല. മാത്തൂര്‍വയലില്‍ ചെറു പുഴയിലെ തടയണക്കും പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. വെള്ളം കെട്ടിനിര്‍ത്താന്‍ പലക ഇല്ലാത്തതാണ് ഇവിടെ പ്രശ്നം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടികക്കളങ്ങളുള്ളത് ഈ ചെറു പുഴയോരത്താണ്. തടയണയിലെ വെള്ളം കൃഷിയിടത്തിലത്തെിക്കാന്‍ ഫലപ്രദമായ നടപടി എടുത്തിരുന്നെങ്കില്‍ നെല്‍വയലുകള്‍ ഇഷ്ടികക്കളങ്ങള്‍ക്ക് വഴിമാറില്ലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.