ജീവനക്കാരെ പൂട്ടിയിട്ട് സമരം: ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ

മാനന്തവാടി: ഒ.പി ടിക്കറ്റ് ചാര്‍ജ് കുറക്കുക, കിടത്തി ചികിത്സ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പൊരുന്നന്നൂര്‍ സി.എച്ച്.സിക്ക് മുന്നില്‍ നടത്തിയ സമരത്തിനിടെ വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ഓഫിസില്‍ പൂട്ടിയിട്ട സംഭവത്തെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ നേതാക്കള്‍ രംഗത്ത്. സംഭവം നടന്ന ദിവസം രാവിലെ മുതല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. തങ്ങള്‍ ഉന്നയിച്ച രണ്ട് ആവശ്യങ്ങള്‍ക്കും ബ്ളോക് പഞ്ചായത്തോ ആരോഗ്യ വകുപ്പധികൃതരോ പ്രതികരിക്കാതിരുന്നതിനാല്‍ ഉച്ചക്ക് 1.30ഓടെ മൂന്നു ജീവനക്കാരെ മാത്രമാണ് പൂട്ടിയിട്ടതെന്ന് ജില്ലാ സെക്രട്ടറി കെ. റഫീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നിട്ടും പരിഹാരം കാണാതായതോടെ നാലു മണിയോടെയാണ് മറ്റുള്ളവരെ കൂടി പൂട്ടിയിട്ട് സമരം ശക്തിപ്പെടുത്തിയത്. ഇതോടെ ആരോഗ്യവകുപ്പിലെ ഉന്നതര്‍ എത്തി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കുകയായിരുന്നു. ആ സമയത്ത് ഡോക്ടര്‍ക്ക് പരാതി ഉണ്ടായിരുന്നില്ല. പിന്നീട് സമ്മര്‍ദഫലമായാണ് കേസ് നല്‍കിയത്. കിടത്തി ചികിത്സ നടക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍െറ രേഖകളില്‍ ഉള്ളത്. ഇതേക്കുറിച്ച് അന്വേഷിക്കണം. ഒ.പി ടിക്കറ്റ് ചാര്‍ജ് കുറക്കുന്നതുവരെ ഡി.വൈ.എഫ്.ഐ സമരം ചെയ്യും. സമരം നടത്തിയവര്‍ക്കെതിരെ കേസെടുക്കില്ളെന്ന് ഒരുറപ്പും ലഭിച്ചിരുന്നില്ളെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളായ കെ.പി. ഷിജു, കെ. മുഹമ്മദലി, എം. രജ്ഞിത്ത്, പി.ജി. അനൂപ് എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.