ഇന്‍സ്പെയര്‍ എക്സ്പോ: ജില്ലക്ക് അഭിമാനമായി അഖിനും ശ്രീലക്ഷ്മിയും

കല്‍പറ്റ: കേന്ദ്ര സര്‍ക്കാറിന്‍െറ ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തിയ ഇന്‍സ്പെയര്‍ എക്സ്പോയില്‍ മികവുകാട്ടി അഖിന്‍ മാത്യുവും പി. ശ്രീലക്ഷ്മിയും. വയനാട്ടില്‍നിന്ന് ഈ വിദ്യാര്‍ഥികളാണ് ദേശീയ ശാസ്ത്ര പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍. ആലുവയില്‍ നടന്ന സംസ്ഥാന പ്രദര്‍ശനത്തില്‍ അഞ്ചു വിദ്യാര്‍ഥികള്‍ ദേശീയ മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂള്‍ വിദ്യാര്‍ഥിയായ അഖിനും പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥിനി പി. ശ്രീലക്ഷ്മിയും അര്‍ഹത നേടുകയായിരുന്നു. ഈ മാസം ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ പ്രദര്‍ശനത്തില്‍ മികവ് തെളിയിച്ചാല്‍ അമേരിക്കയില്‍ ശാസ്ത്രജ്ഞരുമായി ആശയവിനിമയത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പിലാക്കാവ് കാനക്കുന്നേല്‍ ജോര്‍ജ്-രാജി ദമ്പതികളുടെ മകനാണ് ഏഴാംതരം വിദ്യാര്‍ഥിയായ അഖിന്‍. കൊതുക് പരത്തുന്ന രോഗങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, കൊതുക് നശീകരണികള്‍ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു, ബോധവത്കരണം, കൊതുക് ലേപന നിര്‍മാണം എന്നിവ സംബന്ധിച്ച് തയാറാക്കിയ ‘കുഞ്ഞന്‍ ഡ്രാക്കുളകള്‍’ എന്ന പ്രോജക്ടിനാണ് സംസ്ഥാന അവാര്‍ഡും ദേശീയ മത്സരത്തിന് അര്‍ഹതയും ലഭിച്ചത്. കൊതുകിനെതിരെ ആയുര്‍വേദ ലേപനം നിര്‍മിച്ച് പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്യുകയും അവരുടെ അനുഭവം റിപ്പോര്‍ട്ടാക്കുകയും ചെയ്തു. 75 വീടുകളില്‍ സര്‍വേ നടത്തി അവര്‍ സ്വീകരിക്കുന്ന കൊതുക് പ്രതിരോധ മാര്‍ഗങ്ങളും വരുത്തേണ്ട മാറ്റങ്ങളും പ്രോജക്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അരിയാഹാരം ആരോഗ്യത്തിന് ഹാനികരമോ എന്ന പഠനമാണ് ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ ശ്രീലക്ഷ്മിയെ അംഗീകാരത്തിന് അര്‍ഹയാക്കിയത്. വയനാട് ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരന്‍ എ. പ്രദീപ്കുമാറിന്‍െറയും കൊച്ചി എ.ജി ഓഫിസിലെ ജീവനക്കാരി ബി. പ്രീതയുടെയും മകളാണ്. കടകളില്‍നിന്നും വാങ്ങുന്ന അരിയിലെ കൃത്രിമത്വങ്ങളെക്കുറിച്ചുള്ള പഠനമാണിത്. കടകളില്‍നിന്നും വാങ്ങിയ അരി കഴുകുമ്പോള്‍ നിറത്തിലും മണത്തിലും ഉണ്ടാകുന്ന മാറ്റം നിരീക്ഷിച്ചാണ് പ്രോജക്ട് തയാറാക്കിയത്. അരി കഴുകുമ്പോള്‍ വെള്ളത്തിന്‍െറ നിറത്തിലുള്ള മാറ്റവും തിളക്കുമ്പോള്‍ ഊറിവരുന്ന മെഴുകു രൂപത്തിലുള്ള വസ്തുവും പഠനത്തിന് വിധേയമാക്കി. കടകളില്‍നിന്നും വാങ്ങുന്ന ബിരിയാണി അരിയുടെ മണം കഴുകുമ്പോള്‍ നഷ്ടമാവുന്നതും ജൈവ ഗന്ധകശാലയുടെ ഗന്ധം നിലനില്‍ക്കുന്നതും പ്രോജക്ടില്‍ വിവരിക്കുന്നു. മട്ട, ജയ, കുറുവ, പൊന്നി തുടങ്ങി മാര്‍ക്കറ്റില്‍ ലഭിക്കുന്ന അരി കഴുകുമ്പോള്‍ നിറത്തിലും തെളിച്ചത്തിലും ഏറെ മാറ്റമുണ്ടാകുന്നതും ശ്രീലക്ഷ്മി വിശദീകരിക്കുന്നു. എഫ്.സി.ഐ വഴി റേഷന്‍ കടകളില്‍ എത്തുന്ന അരിയില്‍ കൃത്രിമ നിറം കുറവാണെന്നും പഠനത്തില്‍ കണ്ടത്തെി. വിവിധ ബ്രാന്‍റുകളില്‍ കമ്പോളത്തിലിറങ്ങുന്ന അരിയില്‍ രൂപത്തിനും നിറത്തിനും മണത്തിനും ഉപയോഗിക്കുന്നത് മനുഷ്യന് ഹാനികരമായ മാരകവസ്തുക്കളാണെന്ന് പ്രോജക്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.