ജീവനക്കാരെ പൂട്ടിയിട്ട സംഭവം; കെ.ജി.എം.ഒ സമരം ഒത്തുതീര്‍ന്നു

മാനന്തവാടി: പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ട സംഭവത്തില്‍ ഒ.പി ബഹിഷ്കരിച്ചുള്ള കെ.ജി.എം.ഒ.എ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് ആശുപത്രി അതിക്രമത്തില്‍ നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. എഫ്.ഐ.ആറിന്‍െറ കോപ്പി അസോസിയേഷന് നല്‍കും. കൂടാതെ, പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ജോലി സുരക്ഷ ഉറപ്പാക്കാന്‍ പകലും രാത്രിയും പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തും. ഇതനുസരിച്ച് ചൊവ്വാഴ്ച മുതല്‍ പൊരുന്നന്നൂരിലെ ഒ.പി പ്രവര്‍ത്തിക്കും. ചര്‍ച്ചയില്‍ ഡി.എം.ഒ ഡോ. ആശാ ദേവി, കെ.ജി.എം.ഒ.എ ഭാരവാഹികളായ ഡോ. വി.കെ. താഹര്‍ മുഹമ്മദ്, ഡോ. എം.വി. വിജേഷ്, ഡോ. മഞ്ജുനാഥ്, ഡോ. ടോജോ എന്നിവര്‍ പങ്കെടുത്തു. ജീവനക്കാരെ പൂട്ടിയിട്ട സംഭവത്തില്‍ പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഒ.പി പ്രവര്‍ത്തനം തടസ്സപ്പെട്ടു. പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തുന്ന പ്രതിഷേധത്തിന്‍െറ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ഒ.പി വിഭാഗം തിങ്കളാഴ്ച രണ്ടു മണിക്കൂര്‍ ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചു. പൊരുന്നന്നൂരിലെ നാല് ഡോക്ടര്‍മാരും പ്രതികളെ പിടികൂടുന്നതുവരെ ജോലിയില്‍നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്. എല്ലാ ദിവസവും ഡി.എം.ഒക്ക് മുന്നില്‍ ഒപ്പിട്ടശേഷം മറ്റേത് ആശുപത്രിയിലും ഡ്യൂട്ടിയും ഇവര്‍ ഏറ്റെടുക്കുമെന്നും എന്നാല്‍, പൊരുന്നന്നൂരില്‍ ഡ്യൂട്ടിക്ക് പോകില്ളെന്നുമായിരുന്നു ഇവരുടെ നിലപാട്. ഇതോടെ ആശുപത്രിയെ ആശ്രയിക്കുന്ന ആദിവാസികളുള്‍പ്പെടെയുള്ള നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്. നാല് ഡോക്ടര്‍മാരും അഞ്ച് സ്റ്റാഫ് നഴ്സുമാരും ഇവിടെ ജോലിചെയ്യുന്നുണ്ട്. ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസ് രേഖപ്പെടുത്തി പ്രതികളെ പിടികൂടി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഭീതി കൂടാതെ ജോലിചെയ്യാന്‍ അവസരമൊരുക്കണമെന്ന് കെ.ജി.എം.ഒ കലക്ടര്‍ക്കും ഡി.എം.ഒക്കും പൊലീസ് മേധാവിക്കും നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനിടെ ഡി.വൈ.എഫ്.ഐ സമരത്തില്‍ പരിക്കേറ്റ വനിതാ ഡോക്ടര്‍ പ്രിന്‍സി ഇന്നലെ വെള്ളമുണ്ട പൊലീസിന് അക്രമം സംബന്ധിച്ച് മൊഴി നല്‍കി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമരക്കാര്‍ക്കെതിരെ നേരത്തേ പൊലീസ് എടുത്ത കേസിന് പുറമെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കുറ്റക്കാരെ പിടികൂടുമെന്നാണ് പൊലീസ് കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം. നേരത്തേ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉള്‍പ്പെടെ കണ്ടാലറിയുന്ന 32 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സമരത്തെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ തിങ്കളാഴ്ച രംഗത്ത് വന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.