മാനന്തവാടിയില്‍ കുഴല്‍പ്പണ മാഫിയ പിടിമുറുക്കുന്നു

മാനന്തവാടി: നഗരം കേന്ദ്രീകരിച്ച് കുഴല്‍പ്പണ ഇടപാട് മാഫിയ പിടിമുറുക്കുന്നു. വിദേശങ്ങളില്‍നിന്ന് ഹുണ്ടി എന്ന പേരില്‍ നികുതി വെട്ടിച്ച് അയക്കുന്ന പണം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുക എന്നതാണ് ഈ ഏജന്‍റുമാരുടെ ജോലി. ഇതിന് ഇവര്‍ക്ക് കൃത്യമായ കമീഷനും ലഭിക്കും. മുമ്പ് കൊടുവള്ളി, മലപ്പുറം എന്നിവിടങ്ങളിലാണ് പ്രധാനമായും ഹുണ്ടി ഇടപാട് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മാനന്തവാടി നഗരത്തില്‍ ഇത്തരത്തിലുള്ള സംഘം സജീവമാണ്. മുമ്പ് സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പലരും സ്ഥലം വില്‍പന ഗണ്യമായി കുറഞ്ഞതോടെ കുഴല്‍പ്പണ ഇടപാടിലേക്ക് തിരിയുകയായിരുന്നത്രെ. നഗരത്തിലെ ചെറുകിട ജ്വല്ലറികള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇടപാടുകള്‍ നടക്കുന്നതെന്നാണ് പറയപ്പെടുന്നത്. കൂടാതെ ഇത്തരത്തില്‍ എത്തുന്ന പണം നിശ്ചിത ശതമാനം ലാഭം നല്‍കി മറ്റ് വ്യാപാരങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ബാങ്കുകളില്‍നിന്ന് ലേലം ചെയ്യുന്ന സ്വര്‍ണ ഉരുപ്പടികള്‍ വാങ്ങി മറിച്ചുവിറ്റ് വന്‍ ലാഭം കൊയ്യുന്ന ലോബിയും നഗരത്തിലുണ്ടത്രെ. ലാഭം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍നിന്നുമായി രണ്ട് കോടിയോളം രൂപ വാങ്ങിയ ശേഷം യുവാവ് മുങ്ങിയതും മാനന്തവാടിയില്‍ സജീവ ചര്‍ച്ചാവിഷയമാണ്. എന്നാല്‍, പണം നഷ്ടപ്പെട്ടവരില്‍ ആരുംതന്നെ പരാതി നല്‍കാത്തതും ദുരൂഹത ഉണര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ അമിതലാഭം പ്രതീക്ഷിച്ചുള്ള കുഴല്‍പ്പണ ഇടപാടുകളും സ്വര്‍ണക്കച്ചവടവുമെല്ലാം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് പൊലീസിന്‍െറ രഹസ്യാന്വേഷണ വിഭാഗം പോലും അറിയുന്നില്ളെന്നത് തട്ടിപ്പുകാര്‍ക്ക് ഏറെ ഗുണകരമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.