മുറ്റം ഇന്‍റര്‍ലോക്ക് ചെയ്തതിന് പിന്നാലെ കക്കൂസ് നിര്‍മാണത്തിലും അപാകത

കല്‍പറ്റ: ശോച്യമായ വീടുകള്‍ പൊളിച്ചുമാറ്റാതെ ആദിവാസി കോളനി മുറ്റം ഇന്‍റര്‍ലോക്ക് ചെയ്ത വിവാദ സംഭവത്തിന് പിന്നാലെ അശാസ്ത്രീയ ടോയ്ലറ്റ് നിര്‍മാണവും ഒരുമ്മല്‍ കോളനിക്കാരില്‍ അമര്‍ഷം പുകയുന്നു. പണിയ വിഭാഗത്തില്‍പ്പെട്ട പതിനെട്ടോളം കുടുംബങ്ങള്‍ താമസിക്കുന്ന വെള്ളപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മാടക്കുന്ന് ഒരുമ്മല്‍ കോളനിയിലാണ് പഞ്ചായത്തിന്‍െറ അശാസ്ത്രീയ കക്കൂസ് നിര്‍മാണത്തിനെതിരെ കുടുംബങ്ങള്‍ പരാതിക്കൊരുങ്ങുന്നത്. ടോയിലറ്റുകള്‍ ഇല്ലാത്ത കോളനിയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കേന്ദ്ര സര്‍ക്കാറിന്‍െറ സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം കോളനിയിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് ടോയ്ലറ്റ് നിര്‍മിച്ചു നല്‍കുന്നതിനായി അനുമതി നല്‍കിയത്. ഇതുപ്രകാരം ഓരോ ഗുണഭോക്താവിനും 22,000 രൂപ അനുവദിക്കുകയും നിര്‍മാണത്തിന്‍െറ ചുതമല പഞ്ചായത്ത് നേരിട്ട് കരാറുകാരനെ ഏല്‍പിക്കുകയുമായിരുന്നു. ആകെ 73 സെന്‍റ് സ്ഥലമുള്ള കോളനിയില്‍ കഴിഞ്ഞ മാസം നിര്‍മാണം പൂര്‍ത്തിയാക്കിയ ഒമ്പത് ടോയ്ലറ്റുകളും ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലാണെന്നാണ് കോളനിക്കാര്‍ പറയുന്നത്. പദ്ധതി പ്രകാരമുള്ള തുകക്കൊന്നും വിനിയോഗിക്കാത്ത വിധത്തില്‍ ഷീറ്റും തകരവും മാത്രം ഉപയോഗിച്ച് നിര്‍മിച്ചതാണിവ. തറയില്‍ ക്ളോസറ്റ് ഉപയോഗിച്ച് ഫിറ്റു ചെയ്ത് സിമന്‍റ് ഉപയോഗിച്ച് ഉറപ്പിക്കുന്ന രീതിയിലുള്ള ടോയിലറ്റുകള്‍ എല്ലാം വീതി കുറഞ്ഞതും ക്ളോസറ്റില്‍ വെള്ളം ഒഴിച്ചാല്‍ ശരിയായ രീതിയില്‍ ഒഴുകിപോവാതെ പുറത്തേക്ക് വരുന്ന രീതിയിലുമാണ് കക്കൂസുകളുടെ ഘടനയുള്ളത്. ഇതിനെതിരെ കരാറുകാരനോട് പരാതി പറഞ്ഞിട്ട് പിന്നീട് ഈ വഴി വന്നിട്ടില്ളെന്നാണ് കോളനിക്കാര്‍ പറയുന്നത്. സര്‍ക്കാറിന്‍െറ തലതിരിഞ്ഞ ആദിവാസി വികസനത്തിന്‍െറ പേരില്‍ ദുരിതം പേറുന്ന ഒരുമ്മല്‍ കോളനി ഈ വര്‍ഷം രണ്ടാം തവണയാണ് ആദിവാസി ഫണ്ട് തട്ടിപ്പിന്‍െറ നേര്‍ക്കാഴ്ചയായി മാറിയിരിക്കുന്നത്. വീടും കക്കൂസും കുടിവെള്ളവും ഇല്ലാത്ത നരകിക്കുന്ന കോളനിയില്‍ 96 ലക്ഷം രൂപ ചെലവിട്ട് പരിസരം ഇന്‍റര്‍ലോക്ക് ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. വീട് അനുവദിക്കാതെ മുറ്റം ഇന്‍റര്‍ലോക്ക് ചെയ്ത സമഗ്ര കോളനി വികസനപദ്ധതി ഫണ്ട് തട്ടിപ്പിന് തട്ടിക്കൂട്ടിയ പദ്ധതിയായിരുന്നു. ഇതിനെതിരെ ജില്ല പട്ടികവര്‍ഗ ഓഫിസര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല. അതുപോലെ, കോളനിയിലെ കക്കൂസുകളുടെ നിര്‍മാണവും മറ്റൊരു തട്ടിപ്പിന് വേദിയായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.