കല്‍പറ്റ: ടൈബ്രേക്കറിലേക്കു നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും വയനാടിന്‍െറ യുവനിര പതറിയില്ല. സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ കരുത്തരായ ആലപ്പുഴയെ അടിയറവുപറയിച്ച് ആതിഥേയ സംഘം സെമിഫൈനലിലത്തെിയപ്പോള്‍ അത് അര്‍ഹിച്ച നേട്ടമായി. സെമിയില്‍ കരുത്തരായ തൃശൂരാണ് എതിരാളികളെങ്കിലും പൊരുതിക്കളിച്ചാല്‍ ഫൈനല്‍ പ്രവേശനമെന്ന അഭിമാനനേട്ടം അകലെയാവില്ളെന്ന് ടീം മാനേജ്മെന്‍റും ജില്ലയിലെ ഫുട്ബാള്‍ പ്രേമികളും കണക്കുകൂട്ടുന്നു. ഡിപ്പാര്‍ട്മെന്‍റ് ടീമുകള്‍ ഒന്നുമില്ലാത്ത വയനാട്ടില്‍ പരിമിതമായ സാഹചര്യത്തില്‍ കളിച്ചുവളരുന്ന പ്രതിഭകളാണ് കരുത്തുറ്റ ടീമുകള്‍ക്കെതിരെ മികവുകാട്ടുന്നത്. പ്രീക്വാര്‍ട്ടറില്‍ പത്തനംതിട്ടക്കെതിരെ ഇഞ്ചുറി ടൈമില്‍ രണ്ടുവട്ടം വലകുലുക്കി വിസ്മയജയം കുറിച്ച ടീം ആലപ്പുഴക്കെതിരായ ക്വാര്‍ട്ടറിലും അനിവാര്യസമയത്ത് പൊരുതിക്കയറി. എറണാകുളത്തെ വീഴ്ത്തി ക്വാര്‍ട്ടറിലത്തെിയ ആലപ്പുഴക്കെതിരെ തുടക്കംമുതല്‍ വയനാടിന്‍െറ സമഗ്രാധിപത്യമായിരുന്നു. കളി പൂര്‍ണമായും ആലപ്പുഴ ഗോള്‍മുഖത്തേക്കൊതുങ്ങി. എന്നാല്‍, പന്തെടുത്ത് എതിര്‍ പ്രതിരോധത്തെ കടന്നുകയറുന്നതില്‍ മുന്‍നിര പരാജയപ്പെട്ടപ്പോള്‍ വല കുലുങ്ങിയില്ല. മധ്യനിരയില്‍ നിറഞ്ഞുകളിച്ച സെന്‍ട്രല്‍ എക്സൈസ് താരം മുനീറായിരുന്നു വയനാടന്‍ മുന്നേറ്റങ്ങളുടെ ചാലകശക്തി. മികച്ച പന്തടക്കവും ഡ്രിബ്ളിങ് പാടവവും പുറത്തെടുത്ത് ഈ മുട്ടിലുകാരന്‍ മധ്യനിര ഭരിച്ചപ്പോള്‍ വയനാട് തുടരെ അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകള്‍ വിനയായി. ഒരു തവണ ഡിഫന്‍സിനിടയിലൂടെ മുനീര്‍ തൊടുത്ത ഗോളെന്നുറച്ച ഗ്രൗണ്ടര്‍ പോസ്റ്റിനിടിച്ചാണ് വഴിമാറിയത്. ഏതുനിമിഷവും വയനാട് ഗോളടിച്ചേക്കാമെന്ന നിലയില്‍ മുന്നേറിയ മത്സരത്തില്‍ ലഭിച്ച ആദ്യ അവസരം ഗോളാക്കിമാറ്റി ആലപ്പുഴ ആതിഥേയരെ ഞെട്ടിക്കുകയായിരുന്നു. വയനാടന്‍ പ്രതിരോധം അമാന്തിച്ചുനില്‍ക്കെ വലതുവിങ്ങില്‍നിന്നുയര്‍ന്ന ക്രോസ് നിയന്ത്രിച്ചെടുത്ത് ഇടംവലം എതിര്‍ ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കി അല്‍അമീന്‍ ഇബ്രാഹിം തൊടുത്ത പ്ളേസിങ്ഷോട്ട് ഗോളി മുഹമ്മദ് ഷാഫിക്ക് പിടികൊടുക്കാതെ വലയിലേക്ക് പാഞ്ഞുകയറി. ഒരു ഗോളിന്‍െറ ബാധ്യതയുമായി രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ വയനാട്, തുടരെ കോര്‍ണര്‍ കിക്കുകള്‍ നേടിയെങ്കിലും ആലപ്പുഴയുടെ മിടക്കനായ ഗോളി മുഹമ്മദ് സുഹൈലിന്‍െറ മെയ്വഴക്കത്തിനു മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കാനായില്ല. ഒരുതവണ എതിര്‍ പ്രതിരോധം പിളര്‍ന്ന് മുനീര്‍ നല്‍കിയ ത്രൂപാസില്‍ നിസാമുദ്ദീന് ഗോളി മാത്രം നില്‍ക്കെ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനായില്ല. നിരന്തര മുന്നേറ്റങ്ങളിലൂടെ കയറിക്കളിച്ച വയനാട് തകര്‍പ്പന്‍ ഗോളുമായി തിരിച്ചടിക്കുന്നതായിരുന്നു അടുത്ത കാഴ്ച. തന്നെ വീഴ്ത്തിയതിന് മുനീര്‍ എടുത്ത ഫ്രീകിക്ക് എതിര്‍ ഗോള്‍മുഖത്തേക്ക് പറന്നിറങ്ങിയപ്പോള്‍ മനുപ്രസാദ് തലകൊണ്ട് മറിച്ചിട്ടു. ഉശിരന്‍ വോളിയിലൂടെ അര്‍ഷാദ് സൂപ്പി വലയുടെ ഇടതുമൂലയിലേക്ക് പായിച്ചപ്പോള്‍ കാണികള്‍ ആവേശത്തിലാണ്ടു. പിന്നീട് ആലപ്പുഴ ഗോള്‍മുഖം നിരന്തരം റെയ്ഡു ചെയ്യുകയായിരുന്നു വയനാട്. മുനീറിനെ പിന്നില്‍നിന്ന് കാല്‍വെച്ചുവീഴ്ത്തി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് അലി അക്ബര്‍ ഖാന്‍ തിരിച്ചുകയറുമ്പോള്‍ കളി 20 മിനിറ്റോളം ബാക്കി കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഡിഫന്‍ഡര്‍മാരടക്കം ആക്രമണത്തിനിറങ്ങിയിട്ടും വയനാടിന് വിജയഗോളിലേക്ക് വെടിയുതിര്‍ക്കാനായില്ല. ഒരുതവണ മുനീറിന്‍െറ കിടിലന്‍ ഷോട്ട് പോസ്റ്റിനെ പ്രകമ്പനംകൊള്ളിച്ചാണ് വഴിമാറിയത്. പത്തു പേരായി ചുരുങ്ങിയ ആലപ്പുഴ പ്രതിരോധത്തില്‍ കോട്ട കെട്ടി മത്സരം ടൈബ്രേക്കറിലേക്ക് നീട്ടിയെടുക്കുകയെന്ന അജണ്ടയിലായിരുന്നു. ജാക്സണിന്‍െറ നീളന്‍ ത്രോകള്‍ പലകുറി കോര്‍ണറുകളെപ്പോലെ ആലപ്പുഴ ഗോള്‍മുഖത്തത്തെിയിട്ടും സുഹൈല്‍ മനസ്സാന്നിധ്യത്തോടെ നിലയുറപ്പിച്ചു. ഷാനവാസിന്‍െറയും നിസാമിന്‍െറയും കരുത്തുറ്റ ഷോട്ടുകള്‍ സുഹൈലിന്‍െറ മിടുക്കിനു മുന്നില്‍ മുനതേഞ്ഞുപോയി. ഒരുതവണ വയനാടന്‍ നീക്കം ചെറുക്കുന്നതിനിടയില്‍ ആലപ്പുഴ ഡിഫന്‍ഡര്‍ ഇബ്രാഹിം ബാദുഷ ഹെഡ് ചെയ്ത പന്ത് സെല്‍ഫ് ഗോളിന്‍െറ രൂപത്തില്‍ വലയിലേക്ക് പാഞ്ഞുകയറുമ്പോള്‍ സുഹൈല്‍ അവസാനനിമിഷം ഡൈവ്ചെയ്ത് തട്ടി. ടൈബ്രേക്കറില്‍ സുഹൈലിന്‍െറ മിടുക്ക് തുണക്കുമെന്ന ആലപ്പുഴയുടെ പ്രതീക്ഷകള്‍ക്ക് വയനാടന്‍ ചുണക്കുട്ടികള്‍ പഴുതു നല്‍കിയില്ല. കിക്കുകളെടുത്ത റഫീഖ്, അനീസ്, അര്‍ഷാദ്, ഷാനവാസ്, മുനീര്‍ എന്നിവര്‍ അനായാസം വല കുലുക്കിയപ്പോള്‍ ആലപ്പുഴ നിരയില്‍ ഷറഫുദ്ദീന്‍െറ കിക്ക് പോസ്റ്റിനുതട്ടി വഴിമാറിയത് വയനാടന്‍ വിജയത്തിന് വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.