വെട്ടിവെളുപ്പിച്ച 66 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

കല്‍പറ്റ:നിബന്ധനകള്‍ മറികടന്ന് വെട്ടിവെളുപ്പിച്ച കാപ്പിത്തോട്ടം സര്‍ക്കാര്‍ ഏറ്റെടുത്തു. 66.6 ഏക്കര്‍ സ്ഥലമാണ് മിച്ചഭൂമിയായി ഏറ്റെടുത്തത്. ഇതുസംബന്ധിച്ച ‘മാധ്യമം’ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് അന്നത്തെ സബ് കലക്ടര്‍ ശീറാം സാംബശിവറാവുവിന്‍െറ നേതൃത്വത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തി ഉത്തരവിറങ്ങിയത്. ഒക്ടോബര്‍ 25ന് ഉത്തരവിറങ്ങിയതിന്‍െറ അടിസ്ഥാനത്തില്‍ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വൈത്തിരി താലൂക്കില്‍ മുട്ടില്‍ നോര്‍ത്ത് വില്ളേജില്‍ ബ്ളോക്ക് നമ്പര്‍ 15-ല്‍ റീ.സര്‍വേ നമ്പര്‍ 480/1, 474/8 എന്നിവയില്‍പ്പെട്ട ഭൂമിയാണ് വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുക്കാന്‍ ഉത്തരവിറക്കിയത്. ഉത്തരവിറങ്ങി ഏഴു ദിവസത്തിനകം സ്ഥലത്തിന്‍െറ അവകാശം വൈത്തിരി തഹസില്‍ദാര്‍ക്ക് കൈമാറണമെന്ന നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുപ്രകാരമാണ് സ്ഥലം തഹസില്‍ദാര്‍ ഏറ്റെടുത്തത്. സബിതാ ദേവി എന്ന വ്യക്തിയുടെ പേരിലുണ്ടായിരുന്ന എസ്റ്റേറ്റ് കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ ഷാജി ജോസ് എന്നയാള്‍ക്ക് വില്‍പന നടത്തുകയായിരുന്നു. എസ്റ്റേറ്റിലെ കാപ്പിച്ചെടികള്‍ മുഴുവന്‍ പിഴുതുമാറ്റുകയും മരങ്ങള്‍ മുറിച്ചുവില്‍ക്കുകയും ചെയ്തു. അനുവാദം വാങ്ങാതെയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്. തുടര്‍ന്ന് തോട്ടം മുഴുവന്‍ ഇഞ്ചി നടുകയായിരുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമിയുടെ ഇളവുകിട്ടിയ തോട്ടഭൂമിയില്‍ എന്നെങ്കിലും കൃഷി നശിപ്പിച്ചുകഴിഞ്ഞാല്‍ അതു വീണ്ടും മിച്ചഭൂമിയുടെ പരിധിയില്‍വരും. തോട്ടഭൂമിയാണെന്നു കാട്ടി ലാന്‍ഡ് ബോര്‍ഡിന് പ്രത്യേക അപേക്ഷ നല്‍കിയാണ് ഈ ഇളവു തരപ്പെടുത്തുന്നത്. ഈ തോട്ടം തരംമാറ്റിയാല്‍ ഇളവിന് അര്‍ഹതയുണ്ടാവില്ളെന്നാണ് നിയമം. കാപ്പി മുഴുവന്‍ പിഴുതുമാറ്റിയതോടെ തോട്ടം മിച്ചഭൂമിയുടെ പരിധിയില്‍പെടുന്നതായി കണ്ടത്തെിയെന്ന് വൈത്തിരി തഹസില്‍ദാര്‍ വ്യക്തമാക്കി. സബ് കലക്ടറാണ് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍. തോട്ടം വെളുപ്പിച്ച കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍െറ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണവും മറ്റും നടത്തിയതും ഉത്തരവിറങ്ങിയതും. പിന്നാലെ സാംബശിവറാവുവിന് സ്ഥലംമാറ്റമായിരുന്നു. മിച്ചഭൂമിയായി ഏറ്റെടുക്കുന്ന ഭൂമി ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് പതിച്ചുകൊടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.