ക്ഷേമ പെന്‍ഷന്‍കാരെ വട്ടം കറക്കി സര്‍ക്കാര്‍ ഉത്തരവ്

മാനന്തവാടി: സര്‍ക്കാര്‍ ഉത്തരവ് പെന്‍ഷന്‍കാരെ വട്ടംകറക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ ഉറപ്പിക്കാനായി ഗുണഭോക്താക്കളോട് വിവിധ രേഖകള്‍ ഹാജരാക്കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകള്‍ തരപ്പെടുത്താനായി ഗുണഭോക്താക്കള്‍ നെട്ടോട്ടത്തിലാണ്. മാസങ്ങള്‍ക്കുമുമ്പ് കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ച് ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ക്രമീകരിച്ചിരുന്നു. ഇവരില്‍നിന്ന് വീണ്ടും സ്വയംസാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദേശമാണ് പെന്‍ഷന്‍കാരെ വട്ടം കറക്കുന്നത്. നവംബര്‍ എട്ടിനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറങ്ങിയത്. നവംബര്‍ 20നുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ക്ഷേമ പെന്‍ഷന്‍കാരില്‍നിന്നും സത്യവാങ്മൂലം ശേഖരിച്ച് 25നുള്ളില്‍ ഇതിനായി തയാറാക്കിയ സോഫ്റ്റ്വെയറിലൂടെ അപ്ലോഡ് ചെയ്യണമെന്നായിരുന്നു ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കാനും വീടുകളിലത്തെി സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി വാങ്ങുന്നതിന് ഒരു അംഗത്തിന് ആറ് രൂപ വരെ പ്രതിഫലമായി നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പല പഞ്ചായത്തുകളും ഇതിനുമുമ്പ് നടത്തിയ സര്‍വേയുടെ പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്ന് കുടുംബശ്രീകള്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ തയാറായില്ല. ഏറ്റെടുത്തവരാകട്ടെ ഒറ്റപ്പെട്ടതും ദൂരങ്ങളിലുള്ളതുമായ ഗുണഭോക്താക്കളെ നേരില്‍ കണ്ട് വിവരം ശേഖരിക്കുന്നതിനുപകരം പഞ്ചായത്ത് ഓഫിസുകളിലേക്ക് അവരെ വിളിച്ചുവരുത്തുകയാണ്. ഇത് പ്രായാധിക്യത്താല്‍ പ്രയാസപ്പെടുന്ന പെന്‍ഷന്‍കാര്‍ക്ക് കൂടുതല്‍ പ്രയാസകരമായി. രണ്ട് ദിവസത്തിനകം വിവരങ്ങള്‍ എത്തിയില്ളെങ്കില്‍ പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കില്ല എന്നാണറിയിപ്പ്. ഇതോടെ പലരും പരാധീനതകള്‍ മറന്നാണ് പഞ്ചായത്തുകളിലത്തെുന്നത്. ആധാര്‍ നമ്പറുമായി നേരത്തെതന്നെ പെന്‍ഷന്‍ കൂട്ടിയോജിപ്പിച്ചിരുന്നു. പുതുതായി നല്‍കുന്ന സത്യവാങ്മൂലത്തിലും ആധാര്‍ നമ്പര്‍, ഏതിനം പെന്‍ഷനാണെന്ന വിവരം, പെന്‍ഷന്‍ ഐ.ഡി നമ്പര്‍, വീട്ടുനമ്പര്‍, വാര്‍ഡ്, നികുതി ശീട്ട്, റേഷന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, വിധവ പെന്‍ഷനാണെങ്കില്‍ പുനര്‍വിവാഹിതയാണോ എന്ന വിവരങ്ങളും വേണം. നിലവില്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടിലൂടെയോ, മണിയോര്‍ഡര്‍ വഴിയോ ലഭിക്കണമോ എന്നും സത്യവാങ്മൂലത്തില്‍ ഗുണഭോക്താക്കളോട് ചോദിക്കുന്നുണ്ട്. നവംബര്‍ 25നകം വിവരങ്ങള്‍ നല്‍കിയില്ളെങ്കില്‍ പെന്‍ഷന്‍ ലഭിക്കുന്നത് മുടങ്ങുമെന്നാണ് പറയപ്പെടുന്നത്. ജില്ലയില്‍മാത്രം ഒരുലക്ഷത്തിലധികം പേരാണ് വിവധ ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹരായത്. വിവിധ പെന്‍ഷനുകള്‍ കൈപ്പറ്റുന്നത് തടയുകയാണ് വിവരശേഖരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.