വള്ളുവാടി കര്‍ഷക സംരക്ഷണ സമിതി പ്രക്ഷോഭമാരംഭിക്കും

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യത്തിനെതിരെ വള്ളുവാടി കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി 25ന് 10.30ന് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 23ന് ജില്ല കലക്ടര്‍ ബി.എസ്. തിരുമേനിയുടെ അധ്യക്ഷതയില്‍ വന്യമൃഗശല്യവും മറ്റു പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിച്ചെങ്കിലും തീരുമാനമൊന്നുമുണ്ടായില്ല. തുടര്‍ന്ന് നവംബര്‍ നാലിന് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ അധ്യക്ഷതയിലും വിഷയം ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിച്ചു. എന്നാല്‍, ആ യോഗത്തിലും തീരുമാനമുണ്ടായില്ല. ചില പദ്ധതികള്‍ തയാറാക്കാമെന്ന് പറഞ്ഞതല്ലാതെ അധികൃതര്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചില്ല. തുടര്‍ച്ചയായി കബളിപ്പിക്കപ്പെടുന്നതിനത്തെുടര്‍ന്നാണ് കര്‍ഷകസംരക്ഷണ സമിതി പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ചത്. നൂല്‍പ്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളുള്‍പ്പെടുന്ന വള്ളുവാടി, വടക്കനാട്, പണയമ്പം, പള്ളിവയല്‍ എന്നിവിടങ്ങളില്‍ വന്യമൃഗശല്യം മൂലം ജനജീവിതം ദുസ്സഹമായി. വിളവ് മുഴുവനും ആനയും മറ്റ് വന്യമൃഗങ്ങളും ചേര്‍ന്ന് നശിപ്പിക്കുകയാണ്. ഏതുവിധേനയും ഇവിടെനിന്ന് മാറിത്താമസിക്കുന്നതിനാണ് ആളുകള്‍ ശ്രമിക്കുന്നത്. വന്യമൃഗശല്യത്തില്‍നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്ക് നിരവധി നിവേദനങ്ങളും പരാതികളും അയച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍പോലും ബന്ധപ്പെട്ടവര്‍ തയാറായില്ല. കാടും നാടും വേര്‍തിരിച്ച് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുക, ഇതിനായി റെയില്‍ ഫെന്‍സിങ് നിര്‍മിക്കുക, വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസികള്‍ക്ക് സംരക്ഷണം നല്‍കുക, കര്‍ഷക പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരപരിപാടികള്‍ ആരംഭിക്കുന്നത്. ചെയര്‍മാന്‍ ഫാ. വര്‍ഗീസ് മബ്രത്ത്, യോഹന്നാന്‍ വര്‍ഗീസ്, എം.കെ. മോഹനന്‍, പി.കെ. ശശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.