ആയിരങ്ങള്‍ അണിനിരന്ന് ശരീഅത്ത് സംരക്ഷണ റാലി

കല്‍പറ്റ: സമസ്ത ജില്ല കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലി അക്ഷരാര്‍ഥത്തില്‍ കല്‍പറ്റയെ വീര്‍പ്പുമുട്ടിച്ചു. പതിനായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലി എസ്.കെ.എം.ജെ സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ചു. റാലിയുടെ മുന്‍നിര സമ്മേളനം നടക്കുന്ന വിജയ പമ്പ് പരിസരത്ത് തിരിച്ചത്തെിയിട്ടും പിന്‍നിര പോയികഴിഞ്ഞിരുന്നില്ല. അതോടെ, സ്റ്റേജില്‍നിന്ന് റാലി അവസാനിപ്പിച്ചതായി അറിയിപ്പ് വന്നു. സമ്മേളന നഗരിയില്‍ നിന്ന് ബൈപാസ് വരെ റോഡ് പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കാല്‍നടയാത്രികര്‍ അടക്കമുള്ളവര്‍ റാലിക്കിടയില്‍പെട്ട് കുഴങ്ങി. ഓട്ടോറിക്ഷപോലും പോകാനാവാതെ വന്നതോടെ എസ്.കെ.എസ്.എസ്.എഫ് സേവന വിഭാഗമായ വിഖായയുടെ വളന്‍റിയര്‍മാരും മറ്റുള്ളവരും ചേര്‍ന്ന് ചങ്ങല തീര്‍ത്ത് ബസ് അടക്കമുള്ള വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രവര്‍ത്തകരും വളന്‍റിയര്‍മാരും പ്രത്യേകം ശ്രദ്ധനല്‍കി. കോഴിക്കോടുനിന്ന് വന്ന ബസ് അടക്കമുള്ള വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ ബൈപാസ് വഴിയാണ് പോയത്. നഗരത്തിലേക്കുള്ള യാത്രക്കാരെ ബൈപാസില്‍ ഇറക്കി. മാനന്തവാടി ബത്തേരി ഭാഗത്തേക്കുള്ള മറ്റു വാഹനങ്ങളും ബൈപാസ് വഴി തിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാറിന്‍െറ ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കത്തിനെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. ആവേശം ആവോളം ആവാഹിച്ച റാലിയില്‍ രാജ്യത്തിന്‍െറ ബഹുസ്വര പൈതൃകം കാത്തുസൂക്ഷിക്കാനുള്ള ആഹ്വാനവും മുഴങ്ങിക്കേട്ടു. നിയമകമീഷന്‍െറ സര്‍വേയും ഭരണഘടന വിരുദ്ധമായ മോദി സര്‍ക്കാറിന്‍െറ നിലപാടുകളും പരിഹാസത്തോടെ മുദ്രാവാക്യങ്ങളില്‍ നിറഞ്ഞു. മൂന്നുനിരയായി മുന്നേറിയ റാലി ഒരു പോയന്‍റ് കടന്നുപോകാന്‍ 40 മിനിറ്റോളം എടുത്തു. വ്യാപാരി ഹര്‍ത്താല്‍ മൂലം കടകള്‍ അടഞ്ഞുകിടന്നിട്ടും കാഴ്ചക്കാരായി നിരവധി പേര്‍ റോഡരികുകളിലുണ്ടായിരുന്നു. പതിനായിരത്തോളം വരുന്ന പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനാവാതെ സമ്മേളന നഗരി വീര്‍പ്പുമുട്ടി. നൂറോളം കസേരകള്‍ മാത്രം നിരത്താനിടമുള്ള വിജയ പമ്പ് വേദിക്കരികിലേക്ക് കടക്കാനാവാതെ പ്രവര്‍ത്തകര്‍ റോഡില്‍നിന്നാണ് പ്രസംഗം കേട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.