ഡ്രൈവര്‍ നിയമനം : ബ്ളോക്ക്് സെക്രട്ടറിയെ ഇടതു ജനപ്രതിനിധികള്‍ തടഞ്ഞുവെച്ചു

മാനന്തവാടി: മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വാഹനത്തിലെ വിവാദമായ ഡ്രൈവര്‍ നിയമനം അംഗീകരിക്കാനുള്ള ഭരണസമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. പതിനേഴിന് നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയ ആളെ നിയമിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ 10.30ഓടെ ഭരണ സമിതി യോഗം ചേര്‍ന്ന് കൂടുതല്‍ മാര്‍ക്ക് നേടിയ മൊയ്തു കാസിമിനെ നിയമിക്കുന്ന കാര്യം പ്രസിഡന്‍റ് പ്രീത രാമന്‍ യോഗത്തില്‍ അറിയിച്ചു. യു.ഡി.എഫിലെ എട്ട് പേരും സി.പി.എമ്മിലെ ഡാനിയേല്‍ ജോര്‍ജും നിയമനം അംഗീകരിച്ചതായി അറിയിച്ചു. ഇതോടെ എല്‍.ഡി.എഫിലെ ബാക്കി നാലംഗങ്ങള്‍ നിയമനത്തില്‍ അഴിമതി ആരോപിച്ച് സെക്രട്ടറി എ. കരീമിനെ തടഞ്ഞുവെക്കുകയായിരുന്നു. ഡ്രൈവര്‍ നിയമന ബോര്‍ഡില്‍ കാസിമിന് അനുകൂലമായി മാര്‍ക്ക് രേഖപ്പെടുത്തിയ സി.പി.ഐയിലെ ദിനേശ് ബാബുവും സമരത്തില്‍ പങ്കെടുത്തു. ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ സെക്രട്ടറിയെ പൊലീസ് എത്തി ജില്ല ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടറി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഫയല്‍ വീട്ടില്‍ കൊണ്ടുപോയി മാര്‍ക്ക് കൂടുതല്‍ ചേര്‍ത്ത് ഭരണപക്ഷം തീരുമാനിച്ചയാളെ നിയമിക്കാന്‍ കൂട്ടുനിന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ഹൈകോടതി നിര്‍ദേശ പ്രകാരമാണ് നിയമന നടപടികള്‍ നടന്നതെന്നും സെക്രട്ടറി നിയമപ്രകാരമുള്ള നടപടികളെ സ്വീകരിച്ചിട്ടുള്ളൂ എന്ന് ബോധ്യപ്പെട്ടതിനാലാണ് സമരത്തില്‍ നിന്ന് വിട്ടുനിന്നതെന്നും ഡാനിയേല്‍ ജോര്‍ജ് പറഞ്ഞു.നിയമനത്തെച്ചൊല്ലി സേവ് കോണ്‍ഗ്രസും വരും ദിവസങ്ങളില്‍ രംഗത്ത് വരുമെന്നാണ് സൂചന. എന്തായാലും പുതിയ നിയമനവും നിയമകുരുക്കിലേക്ക് നീങ്ങുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.