പഴം, പച്ചക്കറി സംസ്കരണ പാക്കിങ് യൂനിറ്റ് 24ന് തുടങ്ങും

മാനന്തവാടി: സംസ്ഥാനത്തെ ആദ്യത്തെ പഴം, പച്ചക്കറി സംസ്കരണ പാക്കിങ് യൂനിറ്റിന്‍െറ പ്രവര്‍ത്തനം വയനാട്ടില്‍ ആരംഭിക്കുന്നു. 2.39 കോടി രൂപ ചെലവഴിച്ച് എടവക ഗ്രാമ പഞ്ചായത്തിലെ കമ്മനയില്‍ നിര്‍മിച്ച യൂനിറ്റാണ് ജില്ലയിലെ പഴം, പച്ചക്കറി കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് നവംബര്‍ 24ന് പ്രവര്‍ത്തനം തുടങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ വകുപ്പിന് കീഴിലുള്ള അപ്പേഡ (അഗ്രികള്‍ചറല്‍ പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റി)യുടെ സഹായത്തോടെ സംസ്ഥാനത്ത് തുടങ്ങാനിരിക്കുന്ന അഞ്ച് യൂനിറ്റുകളില്‍ ആദ്യത്തെതാണ് വയനാട്ടിലേത്. 2.39 കോടി രൂപ വകയിരുത്തിയ യൂനിറ്റിന് 2.15 കോടി രൂപ അപ്പേഡയാണ് നല്‍കിയിരിക്കുന്നത്. തൃശൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം അതല്ളെങ്കില്‍ കൊല്ലം എന്നിവിടങ്ങളില്‍ യൂനിറ്റുകള്‍ തുടങ്ങാനാണ് കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലുമായി അപ്പേഡ ധാരണയിലത്തെിയത്. തൃശൂരിലെ പരിയാരത്ത് നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന നേന്ത്രക്കായ ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍, വിവിധയിനം പച്ചക്കറികള്‍ എന്നിവ ശേഖരിച്ച് സംസ്കരിച്ച ശേഷം ഏറ്റവും ആകര്‍ഷകമായ രീതിയില്‍ പാക്ക് ചെയ്ത് ദീര്‍ഘകാലം സൂക്ഷിക്കാവുന്ന വിധത്തിലാണ് എടവക കമ്മനയില്‍ ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. 10 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള പ്രീ കൂളിങ് യൂനിറ്റ്, 20 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ശീതീകരണ അറ, ആറ് വാഷിങ് ടാങ്കുകള്‍, ഓട്ടോമാറ്റിക് കണ്‍വെയര്‍ യൂണിറ്റ്, ഗുണപരിശോധനാ ലബോറട്ടറി എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയില്‍ 750 സ്വാശ്രയ സംഘങ്ങളാണ് വി.എഫ്.പി.സി.കെക്ക് കീഴിലായി രജിസ്റ്റര്‍ ചെയ്ത് പച്ചക്കറി പഴവര്‍ഗ കൃഷി നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ സംഘത്തിലും 10 മുതല്‍ 25 വരെ അംഗങ്ങളുണ്ട്. 12,500 കര്‍ഷകരാണ് ജില്ലയിലുള്ളത്. ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഇനിമുതല്‍ യൂനിറ്റിലത്തെിച്ച് വിപണിയിലെ ഡിമാന്‍ഡ് അനുസരിച്ച് ഗ്രേഡിങ്, പാക്കിങ്, ശീതീകരിക്കല്‍, ആവശ്യാനുസരണമുള്ള സംഭരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അകലെയുള്ള വിപണികളിലത്തെിക്കാന്‍ കഴിയും. കേടുപാടുകളോ മറ്റുക്ഷതങ്ങളോ ഏല്‍ക്കാതെ ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും പാക്ക് ചെയ്ത് ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നതിലൂടെയും കൂടുതല്‍ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വി.എഫ്.പി.സി.കെയുടെ കീഴില്‍ ജില്ലയിലുള്ള 20 വിപണന കേന്ദ്രങ്ങളിലൂടെ വില്‍പന നടത്തുന്നതിന് പുറമെ വിദേശങ്ങളിലേക്ക് കൂടി കയറ്റുമതി ചെയ്യാനുതകുന്ന സംവിധാനത്തിലാണ് ജില്ലയിലാദ്യമായി ഇത്തരം യൂനിറ്റ് 24ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നത്. അപ്പേഡയുടെ അംഗീകാരമുള്ള പാക്ക് ഹൗസുകളില്‍ പാക്ക് ചെയ്ത ഉല്‍പന്നങ്ങള്‍ മാത്രമേ വിദേശകയറ്റുമതിക്ക് അനുവാദം ലഭിക്കുകയുള്ളൂ. കയറ്റുമതിക്ക് അനുമതി ലഭ്യമായാല്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.