പെരുന്തട്ട എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ദുരിത ജീവിതം

കല്‍പറ്റ: ഏതു നിമിഷവും നിലംപൊത്താവുന്ന ചുമരുകള്‍, പൊട്ടിപൊളിഞ്ഞ തറ, ചിതലരിച്ച് ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര, ഉപയോഗശൂന്യമായ കക്കൂസുകള്‍, അതിനിടയില്‍ ജീവിതം തള്ളിനീക്കുന്ന തോട്ടം തൊഴിലാളി കുടുംബങ്ങള്‍. പെരുന്തട്ട പദൂര്‍ പ്ളാന്‍േറഷന്‍ മാനേജ്മെന്‍റിന് കീഴിലുള്ള തേയില എസ്റ്റേറ്റ് പാടിയുടെ ചിത്രമാണിത്. തോട്ടം തൊഴിലാളികള്‍ നേരിടുന്ന ദുരിതത്തിന്‍െറ ഏറ്റവും ദയനീയമായ കാഴ്ചകളായിട്ടും തൊഴിലാളികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇനിയും ബന്ധപ്പെട്ടവര്‍ ഒരുക്കിയിട്ടില്ല. തൊഴുത്തിനേക്കാള്‍ മോശമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ ജീവിക്കുന്ന പാടിലൈനുകളുടെ ദുരന്ത കഥകള്‍ മുമ്പും മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും പ്രശ്നങ്ങള്‍ കൂടുതല്‍ മേശമായതല്ലാതെ ഒരു പരിഹാരവും ആയിട്ടില്ല. കല്‍പറ്റ വെള്ളാരംകുന്ന് ദേശീയപാതയില്‍നിന്ന് വെറും രണ്ടു കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ എത്തിപ്പെടാവുന്ന പദൂര്‍ പ്ളാന്‍േറഷനു കീഴിലുള്ള പാടികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്തിരുന്നെങ്കിലും ഇപ്പോള്‍ നേര്‍ പകുതിയായി കുറഞ്ഞിരിക്കുകയാണ്. പലരും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച പാടികളില്‍ പ്രാണഭയത്തോടുകൂടിയാണ് കഴിയുന്നത്. ചിലര്‍ വീട് വാടകക്കെടുത്തും ബന്ധുക്കളോടൊപ്പവും മറ്റിടങ്ങളില്‍ കഴിയുകയാണ്. ആകെ ഏഴു ലൈനുകളുള്ള പെരുന്തട്ട എസ്റ്റേറ്റിലെ പാടികളില്‍ 30ഓളം തൊഴിലാളികളാണ് താമസിക്കുന്നത്. അടിസ്ഥാന പ്രശ്നങ്ങള്‍ മാനേജ്മെന്‍റുകള്‍ക്ക് മുന്നില്‍ പറഞ്ഞുമടുത്തു. പാടികള്‍ ഉപേക്ഷിച്ച് തൊഴിലാളികള്‍ ഭൂരിഭാഗവും പോയതോടെ പുറമേ നിന്നുള്ള കുടുംബങ്ങളില്‍നിന്ന് 100 രൂപ പ്രതിമാസ വാടക വാങ്ങിയാണ് മാനേജ്മെന്‍റ് പാടികളില്‍ ആളുകളെ താമസിപ്പിക്കുന്നത്. ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതിലും കുടിവെള്ളം, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലും യൂനിയനുകള്‍ നിരന്തരം പ്രക്ഷോഭം നടത്തിയിട്ടും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ തൊഴിലാളി വിരുദ്ധ സമീപനം നടത്തുകയാണ് മാനേജ്മെന്‍റ് ചെയ്യുന്നതെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.