ജില്ലയില്‍ 22ന് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കും

കല്‍പറ്റ: നോട്ടു നിരോധനം വ്യാപാര, വ്യവസായ, കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22ന് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ച് ഇന്‍കം ടാക്സ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് കല്‍പറ്റ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് രാവിലെ 10ന് കൈനാട്ടിയിലെ കേന്ദ്ര ഇന്‍കം ടാക്സ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി കെ.കെ. വാസുദേവന്‍ അധ്യക്ഷത വഹിക്കും. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് കഴിഞ്ഞ 12 ദിവസത്തെ അനുഭവം. സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികളില്‍നിന്ന് കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയും പിന്മാറണം. സഹകരണ ബാങ്കുകളിലും നോട്ട് മാറുന്നതിന് സൗകര്യമൊരുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പട്ടു. നോട്ട് പിന്‍വലിക്കലിലൂടെ കാര്‍ഷിക, വ്യാപാര മേഖല പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കര്‍ഷകര്‍ കൊണ്ടുവരുന്ന അടക്ക (പൈങ്ങ), ഇപ്പോള്‍ കറന്‍സി ക്ഷാമംമൂലം വ്യാപാരികള്‍ക്ക് എടുക്കാന്‍ കഴിയുന്നില്ല. ചെറുകിട വ്യാപാരികള്‍ സംഭരിച്ച ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ മൊത്ത വ്യാപാരികള്‍ക്കും കഴിയുന്നില്ല. കേന്ദ്ര സര്‍ക്കാറിന്‍െറ സാമ്പത്തിക പരിഷ്കരണം ജനങ്ങളെ ഒന്നടങ്കം ഭീതിയിലാക്കിയിരിക്കയാണ്. കറന്‍സി ക്ഷാമം രൂക്ഷമായിരിക്കെ വ്യാപാര സ്ഥാപനങ്ങളില്‍ കയറി കേന്ദ്ര ഏജന്‍സികള്‍ ഭീതി പരത്തുന്നതായും നേതാക്കള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, കെ. കുഞ്ഞിരായിന്‍ ഹാജി, കെ. ഉസ്മാന്‍, കെ.ടി. ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.