ധീരപ്രവൃത്തിയെ അവഗണിച്ച സര്‍ക്കാറിന് മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്

കല്‍പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച ആദിവാസി യുവാവിന്‍െറ കുടുംബത്തിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. പടിഞ്ഞാറത്തറ ബപ്പനം മലയിലെ അംബേദ്കര്‍ കോളനിയില്‍ ബാബുവാണ് മരിച്ചത്. ബാബുവിന്‍െറ കുടുംബത്തിന് ജോലി നല്‍കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാറിനുവേണ്ടി ചീഫ് സെക്രട്ടറിയും വയനാട് ജില്ല കലക്ടറും മൂന്നാഴ്ചക്കകം മറുപടി ഫയല്‍ ചെയ്യണം. ഡിസംബറില്‍ വയനാട്ടില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസിന്‍േറതാണ് ഉത്തരവ്. ബാബുവിന്‍െറ കുടുംബത്തിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും ആറ് കുടുംബാംഗങ്ങളുടെ പേരിലാണ് തുക നിക്ഷേപിച്ചത്. പലിശ മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയുന്നത്. പലിശ കൊണ്ടുമാത്രം ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് ബാബുവിന്‍െറ കുടുംബമെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാന്‍ കമീഷന് ഉത്തരവാദിത്തമുണ്ടെന്നും നടപടിക്രമത്തില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.