കല്‍പറ്റ: നോട്ടു നിരോധമൊരുക്കിയ കുരുക്കില്‍നിന്ന് ജനത്തിന് മോചനമില്ല. കീശയില്‍ രണ്ടായിരത്തിന്‍െറ പുത്തന്‍ കറന്‍സിയുണ്ടെങ്കിലും ഒരു കട്ടന്‍ ചായ കുടിക്കാന്‍ കാശില്ലാത്ത അവസ്ഥയിലാണ് സാധാരണക്കാര്‍. സാമ്പത്തിക പരിഷ്കാരങ്ങളില്‍ നട്ടംകറങ്ങിയ ജനങ്ങള്‍, രണ്ടാഴ്ച പിന്നിടുമ്പോള്‍ കൂടുതല്‍ ഞെരുങ്ങുകയാണ്. ചില്ലറയില്ലാത്തതാണ് ഇപ്പോള്‍ തങ്ങളെ വല്ലാതെ കുഴക്കുന്നതെന്ന് പൊതുജനവും വ്യാപാരികളുമൊക്കെ തുറന്നുപറയുന്നു. നോട്ടു നിരോധത്തിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങളില്‍ ജനം ദുരിതമനുഭവിക്കാന്‍ കാരണം, കീശയിലുണ്ടായിരുന്ന നോട്ട് അസാധുവായതോടെ കാര്യങ്ങള്‍ നടക്കാതെ പോയതായിരുന്നു. 500, 1000 നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനജീവിതം തെരുവിലലഞ്ഞപ്പോള്‍ പരിഹാരമാര്‍ഗമായി ഇറക്കിയത് 2000 രൂപയുടെ നോട്ട്. എന്നാല്‍, ഇപ്പോള്‍ പൊല്ലാപ്പാവുന്നതും ഈ 2000 രൂപ നോട്ടുതന്നെ. 2000 രൂപ നോട്ട് കീശയിലുണ്ടെങ്കിലും ഒരിടത്തും ചില്ലറയില്ലാത്തതിനാല്‍ ഒരു ഉപകാരവുമില്ലാത്ത അവസ്ഥയിലായെന്ന് ജനം പരിഭവിക്കുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം 2000 രൂപയുടെ പുതിയ നോട്ട് എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ തുടക്കത്തില്‍ സാധിച്ചിരുന്നില്ല. ആ സമയത്ത്, പ്രവര്‍ത്തനനിരതമായ ചുരുക്കം എ.ടി.എമ്മുകളില്‍ 100, 50 രൂപയുടെ നോട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇങ്ങനെ ചില്ലറ ലഭിച്ചതോടെ 500ഉം ആയിരവും ഇല്ലാത്തത് സാധാരണക്കാരെ വലിയ തോതില്‍ വലച്ചിരുന്നില്ല. കൈയിലുണ്ടായിരുന്ന ചില്ലറയും കുറേശ്ശ ഉപയോഗിച്ചിരുന്നു. എന്നാല്‍, സൂക്ഷിച്ചുവെച്ച ചില്ലറ ഇല്ലാതായതോടെ എ.ടി.എമ്മുകള്‍ ജനത്തിന് വലിയ പാരയായിത്തുടങ്ങി. പഴയ നോട്ട് മാറ്റിയെടുത്ത പലരുടെയും കൈയില്‍ ഇപ്പോള്‍ 2000 രൂപയുടെ നോട്ടുകളാണുള്ളത്. കല്‍പറ്റ നഗരത്തില്‍ സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് എ.ടി.എമ്മില്‍ 2000 രൂപ നോട്ടുകള്‍ മാത്രം നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ കൂനിന്‍മേല്‍ കുരുപോലെയായി സാധാരണക്കാരന്‍െറ ജീവിതം. ഇപ്പോള്‍ എല്ലാ എ.ടി.എമ്മുകളില്‍നിന്നും 2000 രൂപ മാത്രമാണ് ഉപഭോക്താവിന് ലഭിക്കുന്നത്. ഇതു കൊടുത്ത് ഒന്നും വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലത്തെി കാര്യങ്ങള്‍. ബസില്‍ കയറി 2000 രൂപ കൊടുത്താല്‍ കണ്ടക്ടര്‍മാര്‍ സ്വീകരിക്കുന്നില്ല. പുതിയ കറന്‍സിയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, പെട്രോള്‍ പമ്പുകാര്‍ക്ക് നിരോധിച്ച നോട്ടുകളോടുള്ള സ്നേഹംപോലും 2000 രൂപയോടില്ല. മുഴുവന്‍ കാശിനും പെട്രോളടിക്കാമെങ്കില്‍ സ്വീകരിക്കാമെന്ന നിലപാടിലാണവര്‍. ബൈക്കില്‍ പെട്രോള്‍ അടിക്കേണ്ടവരാണ് ഇങ്ങനെ 2000 രൂപയുമായത്തെി പെട്രോള്‍ പമ്പുകളില്‍ വട്ടംകറങ്ങുന്നവരില്‍ അധികവും. വിശന്നാല്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് കല്‍പറ്റ ടൗണിലെ കടയില്‍ സെയില്‍സ്മാനായ മനോജ് പറയുന്നു. ‘500ഉം 1000വും സ്വീകരിക്കില്ളെന്ന് ഹോട്ടലുകാര്‍ എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍, 2000 രൂപയേ ഉള്ളൂവെന്നും ഭക്ഷണം കഴിച്ചാല്‍ ബാക്കിതരുമോ എന്നും ചോദിക്കുമ്പോള്‍ ആരും അനുകൂലമായ മറുപടിയല്ല പറയുന്നത്. നാലു ദിവസമായിട്ടും ഈ 2000 രൂപ ഇതുവരെ ചില്ലറയാക്കാന്‍ കഴിഞ്ഞിട്ടില്ല’. വ്യാപാരികളാവട്ടെ, ചില്ലറയില്ലാതെ ബുദ്ധിമുട്ടുകയാണ്. ‘ചില്ലറ തീരെ ഇല്ലാത്തതിനാല്‍ 2000 രൂപ സ്വീകരിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ് ഞങ്ങള്‍. 1500 രൂപക്ക് മുകളില്‍ തുകക്ക് സാധനം വാങ്ങിയാല്‍തന്നെ ബാക്കി നല്‍കാനില്ലാത്ത അവസ്ഥയാണ്. ഈ അവസ്ഥയില്‍ 2000 രൂപ തന്ന് 200ഉം 300ഉം രൂപക്ക് സാധനം വാങ്ങാനത്തെുന്നവരെ തുടക്കത്തിലേ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ്’- ടൗണിലെ ഒരു ചെരിപ്പു കടക്കാരന്‍ പറയുന്നു. പലചരക്കു കടയില്‍ പോയി അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍പോലും ഉള്‍നാടന്‍ പ്രദേശങ്ങളിലടക്കം ജനം വല്ലാതെ ബുദ്ധിമുട്ടുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലും 500 രൂപ നോട്ട് ഇറക്കിയെന്ന് പറയുമ്പോഴും കേരളത്തിലെ ബാങ്കുകളില്‍ 500 രൂപാനോട്ട് എത്തിക്കാത്തതാണ് കൂടുതല്‍ ദുരിതമാവുന്നത്. ഒരു തീരുമാനമെടുക്കുമ്പോള്‍ പല കാര്യങ്ങളും അതോടൊപ്പം ആലോചിക്കേണ്ടതുണ്ടെന്നും വേണ്ട കരുതലൊന്നുമില്ലാതെ കാര്യങ്ങള്‍ നടപ്പാക്കിയതാണ് പൊതുജനം ഇത്ര കടുത്ത പ്രതിസന്ധിയിലാകാന്‍ കാരണമെന്നും റെഡിമെയ്ഡ് വ്യാപാരിയായ എം. മനാസ് വിലയിരുത്തുന്നു. ആവശ്യത്തിന് ചില്ലറ ഉടന്‍ എത്തിക്കേണ്ട സ്ഥാനത്ത് 12 ദിവസം പിന്നിടുമ്പോഴും ജനം 2000 രൂപാ നോട്ടുമായി ചില്ലറക്ക് പരക്കം പായുന്നത് ഇതിന്‍െറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.