കല്‍പറ്റ: ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 14 മുതല്‍ 20 വരെ ‘ചൈല്‍ഡ് ലൈന്‍ സേ ദോസ്തി’ കാമ്പയിന്‍ ആചരിക്കും. ജില്ലയില്‍ വിപുലമായ പരിപാടികളാണ് നടപ്പാക്കുന്നത്. കല്‍പറ്റ ഗവ. എല്‍.പി സ്കൂളില്‍ തിങ്കളാഴ്ച 10 മുതല്‍ കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍ നടക്കും. നവംബര്‍ 15ന് രണ്ടിന് കുപ്പാടി ഗവ. ഹൈസ്കൂളില്‍ ‘ഫലപ്രദമായ രക്ഷാകര്‍തൃത്വവും കുട്ടികളുടെ അവകാശങ്ങളും’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ളാസ് നടക്കും. 16ന് ഉച്ചക്ക് രണ്ടിന് പനമരം ടീച്ചേഴ്സ് ട്രെയിനിങ് സെന്‍ററില്‍ അധ്യാപക പരിശീലനാര്‍ഥികള്‍ക്കായി ‘കുട്ടികളുടെ അവകാശങ്ങള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. 17ന് തിരുനെല്ലിയിലെ അപ്പപ്പാറ ഗിരിവികാസ് സ്കൂളില്‍ കുട്ടികള്‍ക്ക് ജീവിത നൈപുണ്യ പരിശീലനം നല്‍കും. 18ന് പുല്‍പള്ളി കൃപാലയ സ്പെഷല്‍ സ്കൂളില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കലാപരിപാടികളും കരകൗശല പ്രദര്‍ശനവും നടക്കും. 19ന് നല്ലൂര്‍നാട് എം.ആര്‍.എസില്‍ ഇഷ്ടബാല്യം എന്ന പേരില്‍ കുട്ടികള്‍ക്കായി ഓപണ്‍ ഹൗസ് സംഘടിപ്പിക്കും. 20ന് നൂല്‍പ്പുഴ എ.എം.ആര്‍ സ്കൂളില്‍ ബാലവിവാഹങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ളാസും നടത്തും. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കല്‍പറ്റ ഗവ. എല്‍.പി സ്കൂളില്‍ ജില്ലാതല ശിശുദിനാഘോഷം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചൈല്‍ഡ് ലൈന്‍ സേ ദോസ്തി കാമ്പയിന്‍ ജില്ലാ കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സന്‍ ബിന്ദു ജോസ് അധ്യക്ഷത വഹിക്കും. സബ് കലക്ടര്‍ ശീറാം സാംബശിവ റാവു മുഖ്യപ്രഭാഷണം നടത്തും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. തോമസ് തേരകം ശിശുദിന സന്ദേശം നല്‍കും. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ജില്ലാ ശിശുക്ഷേമ കൗണ്‍സില്‍, സാമൂഹിക നീതി വകുപ്പ്, ചൈല്‍ഡ് ലൈന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ശിശുസംരക്ഷണ യൂനിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.