എടക്കല്‍ ഗുഹക്ക് സമീപം അനധികൃത നിര്‍മാണം

സുല്‍ത്താന്‍ ബത്തേരി: ചരിത്രപ്രസിദ്ധമായ സംരക്ഷണ സ്മാരകമായ എടക്കല്‍ ഗുഹക്ക് കോട്ടം തട്ടുന്ന തരത്തില്‍ ഗുഹയുടെ സമീപത്ത് അനധികൃത നിര്‍മാണം. ഗുഹയോട് ചേര്‍ന്ന് പൂര്‍ണമായും നിര്‍മാണ നിരോധിത മേഖലയിലാണ് അടിക്കാടും മരവും വെട്ടിമാറ്റി മണ്ണെടുത്ത് നിര്‍മാണം പുരോഗമിക്കുന്നത്. ഗുഹയോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ ഒരു ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം നടക്കുന്നത്. പാര്‍ക്കിങ് ഏരിയയില്‍ നിന്നും ഗുഹയിലേക്കുള്ള പാതക്ക് അഭിമുഖമായ സ്ഥലമാണിത്. സ്വകാര്യ വ്യക്തി ആദ്യം അടിക്കാട് വെട്ടിമാറ്റി. പിന്നീട് സ്ഥലത്തേക്ക് വഴിവെട്ടുകയും ഇവിടെയുള്ള വലിയ ആറ് മരങ്ങള്‍ വെട്ടിമാറ്റുകയും ചെയ്തിട്ടുണ്ട്. ഗുഹക്ക് ദോഷം വരുന്നതരത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. വലിയ പാറകൂട്ടങ്ങളുള്ള കുത്തനെയുള്ള സ്ഥലമാണിത്. ഇവിടെ മരങ്ങളുടെ തടസ്സത്തിലാണ് പാറക്കൂട്ടങ്ങള്‍ നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ മരം വെട്ടിമാറ്റുമ്പോള്‍ കല്ലുകള്‍ ഇളകി ഗുഹയിലേക്കുള്ള പാതയില്‍ പതിക്കാനും സഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കാനും സാധ്യയുണ്ടെന്നുമാണ് ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതറിഞ്ഞ് നെന്മേനി പഞ്ചായത്ത് പ്രസിഡന്‍റ് കറപ്പന്‍, വൈസ് പ്രസിഡന്‍റ് മേരി ടീച്ചര്‍, എടക്കല്‍ ഗുഹയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ചുമതലവഹിക്കുന്ന ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥ ജീവ, ഡി.ടി.പി.സി മാനേജര്‍ ബിജു അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. അനധികൃത നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുരവസ്തുവകുപ്പ് പൊലീസിലും നെന്മേനി വില്ളേജ് ഓഫിസര്‍ക്കും പരാതി നല്‍കി. നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത് ഗുഹയോട് ചേര്‍ന്ന് 35 ഏക്കര്‍ സംരക്ഷിത പ്രദേശമായി പുരാവസ്തു പ്രഖ്യപിച്ച സ്ഥലത്താണ്. എന്നാല്‍, ആര്‍ക്കിയോളജി വകുപ്പിന് അനുവദിച്ച സ്ഥലത്തിന്‍െറ അതിരുകള്‍ അളന്ന് തിട്ടപ്പെടുത്താത്തത് ഇത്തരത്തിലുള്ള നിര്‍മാണപ്രവൃത്തികള്‍ തടയാന്‍ വകുപ്പിനും ഡി.ടി.പി.സിക്കും തടസ്സമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.