വൈത്തിരി: നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി വൈത്തിരി താലൂക്കില്‍ വീണ്ടും ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നു. അതീവ പരിസ്ഥിതിലോല പ്രദേശമായ വൈത്തിരി പഞ്ചായത്തിലാണ് വന്‍കിട റിസോര്‍ട്ടുകളും ഫ്ളാറ്റുകളും ഹോംസ്റ്റേകളും പെരുകുന്നത്. ചുരത്തിന് ഭീഷണിയായ തരത്തിലടക്കം അപകടകരമായ രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പരിസ്ഥിതി നിയമങ്ങളെ മറയാക്കി, കോടികള്‍ ചിലവിട്ട നിരവധി വന്‍കിട ബഹുനില കെട്ടിടങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. റിയല്‍ എസ്റ്റേറ്റ് ലോബികള്‍ ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന ഇത്തരം കെട്ടിടങ്ങളുടെ നിര്‍മാണ അനുമതി പലയിടങ്ങളിലും ആവശ്യമായ ഉത്തരവുകള്‍ പാലിക്കാതെയാണ് നേടിയെടുത്തിരിക്കുന്നത്. ഏക്കര്‍ കണക്കിന് വയലുകളും ചതുപ്പ് പ്രദേശങ്ങളും മണ്ണിട്ട് നിരത്തിയാണ് പത്തും പതിനഞ്ചും നിലയിലേറെയുള്ള കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നത്. കെട്ടിട നിര്‍മാണത്തിന് ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന രീതിയിലുള്ള രേഖകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് റിയല്‍ എസ്റ്റേറ്റ് ലോബി സ്വന്തമാക്കുന്നത്. ജില്ലയിലെ പ്രകൃതി ദുരന്ത സാധ്യത മുന്‍നിര്‍ത്തി കഴിഞ്ഞ 2015 ജൂണ്‍ 30ന് വയനാട്ടില്‍ ബഹുനില കെട്ടിട നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി അന്നത്തെ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉത്തരവിറക്കിയിരുന്നു. ജില്ലയുടെ പാരിസ്ഥിതിക ദുര്‍ബലാവസ്ഥ പരിഗണിച്ചും മറ്റു സ്ഥലങ്ങളില്‍ അടുത്തുണ്ടായ വന്‍ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലുമായിരുന്നു ഉത്തരവ്. പാരിസ്ഥിതിക സംരക്ഷണത്തിനായി അധികാരികള്‍ മുന്‍കൂട്ടി കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച സുപ്രീം കോടതി, ഹൈകോടതി നിര്‍ദേശങ്ങളും ഉത്തരവിന് കാരണമായി.ഇതുപ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ കുന്നത്തിവക വില്ളേജ് പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ലക്കിടി പ്രദേശത്ത് പരമവധി എട്ട് മീറ്റര്‍ ഉയരത്തില്‍ രണ്ട് നില കെട്ടിടങ്ങളും കല്‍പറ്റയടക്കം നഗരസഭ പ്രദേശത്ത് 15 മീറ്റര്‍ ഉയരത്തില്‍ അഞ്ച് നില കെട്ടിടങ്ങളും ഈ രണ്ടിലും ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ പത്ത് മീറ്റര്‍ ഉയരത്തില്‍ കവിയാതെ മൂന്ന് നില കെട്ടിടങ്ങളും നിര്‍മിക്കാം എന്നായിരുന്നു ഉത്തരവ്. എന്നാല്‍, ജില്ലാ കലക്ടറുടെ അന്നത്തെ ഉത്തരവ് റിയല്‍ എസ്റ്റേറ്റ് ലോബിയുടെ ഇടപടലുകള്‍മൂലം താല്‍കാലികമായി സ്റ്റേ ചെയ്തെങ്കിലും 2016 സെപ്റ്റംബറില്‍ ജില്ലയിലെ നിര്‍മാണ നിയന്ത്രണ ഉത്തരവ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരുന്നു. വയനാട് പ്രകൃതി സംരക്ഷണ സമിതി അടക്കമുള്ള പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതിയിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍െറ അനുകൂല വിധി. വിധിക്ക് പുല്ലുവില കല്‍പിച്ച് പെരുകുന്ന കെട്ടിട നിര്‍മാണം പ്രകൃതി ദുരന്ത സാധ്യതകള്‍ക്കാണ് ആക്കം കൂട്ടുന്നത്. ഇതിനിടെ, കേശവേന്ദ്രകുമാര്‍ സ്ഥലം മാറിപ്പോയതും റിയല്‍ എസ്റ്റേറ്റ് ലോബിക്ക് അനുഗ്രഹമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.