ആനക്കൊല തുടരുന്നു, തലവേദന ഒഴിയാതെ വനം വകുപ്പ്

കേണിച്ചിറ: വയനാടന്‍ വനമേഖലകളില്‍ കാട്ടാനകള്‍ക്ക് വെടിയേല്‍ക്കുന്നത് തുടര്‍ക്കഥയാകുമ്പോള്‍ വനം വകുപ്പിന് തലവേദന ഒഴിയുന്നില്ല. ജില്ലയില്‍ ആറു മാസത്തിനിടയില്‍ മൂന്ന് ആനകളാണ് വെടിയേറ്റ് ചെരിഞ്ഞത്. ഇതില്‍ അഞ്ച് മാസം മുമ്പ് ചെതലയത്ത് ആന വെടിയേറ്റ് ചെരിഞ്ഞ സംഭവത്തില്‍ റിസോര്‍ട്ട് ഉടമയേയും മറ്റും അറസ്റ്റ് ചെയ്തതിന്‍െറ ആശ്വാസത്തിലിരിക്കുമ്പോഴാണ് കേണിച്ചിറ അതിരാറ്റുകുന്നിലെ വയലില്‍ 20 വയസ്സ് തോന്നിക്കുന്ന മോഴയാന വെടിയേറ്റ് ചെരിഞ്ഞത്. ചെതലയത്തെ സംഭവത്തിനുശേഷം വനം വകുപ്പ് ജാഗ്രതയിലാണ്. ചെതലയത്തെ ആനക്കൊല സംഭവത്തില്‍ തുടക്കത്തില്‍ത്തന്നെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെങ്കിലും തെളിവ് ശേഖരിക്കാന്‍ അഞ്ചുമാസം വേണ്ടി വന്നു. ഇത് വനം വകുപ്പിന് ഏറെ ക്ഷീണമുണ്ടാക്കി. ഈ സാഹചര്യത്തില്‍ അതിരാറ്റുകുന്നില്‍ കാലതാമസമില്ലാതെ പ്രതികളെ വലയിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഉയര്‍ന്ന വനം അധികൃതര്‍ പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന പ്രദേശമാണ് അതിരാറ്റുകുന്ന്. എന്നാല്‍, ഏറെക്കാലമായി തുടരുന്ന ഈ പ്രശ്നത്തില്‍ ആനകളെ ഉപദ്രവിക്കാനൊന്നും കര്‍ഷകര്‍ മുതിരാറില്ല. എങ്കിലും കൃഷിയിടത്തില്‍ നാശം വരുത്തിയതിന്‍െറ പ്രതികാരമായോ മുമ്പ് നടന്ന അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢനീക്കം ലക്ഷ്യമിട്ടോ ആനയെ വകവരുത്താനുള്ള സാധ്യതയും വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. തോക്ക് കൈവശം വെക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഴയാനയാണ് കൊല്ലപ്പെട്ടത് എന്നതിനാല്‍, കൊമ്പിന് വേണ്ടിയല്ല കൊന്നതെന്ന് വ്യക്തമാണ്. ആന വെടിയേറ്റ് ചെരിഞ്ഞത് അതിരാറ്റുകുന്ന് നെല്‍വയലിലാണെങ്കിലും ഇതിന് തൊട്ടടുത്തുതന്നെ റോഡുണ്ട്. അതിനാല്‍ കൃത്യം നിര്‍വഹിച്ചവര്‍ക്ക് റോഡിലൂടെ വാഹനത്തില്‍ രക്ഷപ്പെടാം. ഇതു കണക്കിലെടുക്കുമ്പോള്‍ പുറത്തുനിന്നുള്ളവരുടെ പങ്കാളിത്തം ആനക്കൊലക്കേസിലുണ്ടോ എന്നതും കാര്യമായി അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ തദ്ദേശീയരുടെ പങ്കും തള്ളിക്കളയാനാവില്ളെന്ന നിലപാടിലാണ് അധികൃതര്‍. റിസോര്‍ട്ട് മാഫിയ ഉള്‍പ്പെടെയുള്ളവര്‍ വനംവകുപ്പിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനായി ആനകള്‍ക്കുനേരെ നിറയൊഴിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ആ വഴിയിലും അന്വേഷണം ശക്തമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.