ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് : അനുരഞ്ജന ചര്‍ച്ച ഇന്ന്; പ്രതീക്ഷയോടെ തൊഴിലാളികളും സംഘടനകളും

മേപ്പാടി: ഒക്ടോബര്‍ 27ന് അടച്ചുപൂട്ടിയ ചെമ്പ്ര എസ്റ്റേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്‍ ആക്ഷന്‍ കൗണ്‍സിലിന്‍െറ സത്യഗ്രഹ സമരം ആറു ദിവസം പിന്നിടുമ്പോഴും പ്രശ്ന പരിഹാരത്തിനുള്ള വഴികളൊന്നും തെളിഞ്ഞിട്ടില്ല. മുന്‍ മാസത്തെ കൂലി പോലും ലഭിക്കാത്ത സ്ഥിതിയില്‍ തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലേക്ക് നീങ്ങുമ്പോള്‍ പ്രശ്നപരിഹാരത്തിനുള്ള ഫോര്‍മുലയൊന്നും ട്രേഡ് യൂനിയനുകളുടെ മുന്നിലില്ല. 316 തൊഴിലാളികള്‍ ജോലിചെയ്തുവന്ന എസ്റ്റേറ്റില്‍ ഇത്രയും തൊഴിലാളികളെ വെച്ച് തോട്ടം നടത്തിക്കൊണ്ടുപോകാനാവില്ളെന്ന നിലപാടിലാണ് മാനേജ്മെന്‍റ്. ജില്ലാ ലേബര്‍ ഓഫിസില്‍ വിളിച്ച അനുരഞ്ജന യോഗത്തില്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. അടുത്ത ഘട്ടമെന്ന നിലയില്‍ റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷണര്‍ തിങ്കളാഴ്ച കോഴിക്കോട് അനുരഞ്ജന യോഗം വിളിച്ചിട്ടുണ്ട്. നവംബര്‍ രണ്ടിന് വിളിച്ച യോഗത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം മാനേജ്മെന്‍റ് അറിയിച്ചതിനെ തുടര്‍ന്ന് യോഗം ഇന്നത്തേക്ക് മാറ്റിവെച്ചതാണ്. തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നായി കുറക്കണമെന്ന ആവശ്യത്തില്‍ മാനേജ്മെന്‍റ് ഉറച്ചുനിന്നാല്‍ പ്രശ്നം ട്രേഡ് യൂനിയനുകള്‍ക്ക് വെല്ലുവിളിയാകും. ഒത്തുതീര്‍പ്പിനുള്ള സാധ്യത മങ്ങിയാല്‍ സമരം കൂടുതല്‍ ശക്തിയായി തുടരേണ്ടിവരും. തോട്ടം പൂര്‍വസ്ഥിതിയില്‍ തുറന്നുപ്രവര്‍ത്തിക്കുകയെന്ന ആവശ്യത്തില്‍ യൂനിയനുകള്‍ ഉറച്ചുനില്‍ക്കുകയാണ്. ഏതായാലും ലേബര്‍ കമീഷണര്‍ വിളിച്ച അനുരഞ്ജന യോഗത്തെ ഉറ്റുനോക്കുകയാണ് യൂനിയനുകളും തൊഴിലാളി കുടുംബങ്ങളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.