മാനന്തവാടി: വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിനെച്ചൊല്ലി ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട തോല്‍പ്പെട്ടി വന്യജീവി സങ്കേതം ബുധനാഴ്ച മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ ധാരണ. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍ തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതനുസരിച്ച് പച്ച പെയിന്‍റ് അടിച്ച 28 ടാക്സി ജീപ്പുകള്‍ക്ക് മുമ്പത്തേപ്പോലെ പ്രവേശനാനുമതി നല്‍കും. ബാക്കിയുള്ള വിഷയങ്ങള്‍ 18ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. പച്ച പെയിന്‍റ് അടിക്കാത്ത അഞ്ച് ജീപ്പുകള്‍ക്കുകൂടി പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഏതാനും ടാക്സി ഡ്രൈവര്‍മാര്‍ രംഗത്തുവന്നതോടെയാണ് തര്‍ക്കമുണ്ടായത്. ഇതോടെ ഒക്ടോബര്‍ 11 മുതല്‍ സങ്കേതം അടച്ചിടുകയായിരുന്നു. തുടര്‍ന്ന് നിരവധിതവണ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതുമൂലം പൂജ, ദീപാവലി അവധിക്കാലങ്ങളില്‍ എത്തിയ നിരവധി സഞ്ചാരികള്‍ നിരാശയോടെ മടങ്ങിപ്പോവുകയായിരുന്നു. വനംവകുപ്പിന് ഇതുമൂലം ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. തോല്‍പ്പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ. ഗോപാലന്‍, വിവിധ യൂനിയന്‍ നേതാക്കളായ പി.വി. സഹദേവന്‍, ഇ.ജെ. ബാബു, എം.പി. ശശികുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.