കല്‍പറ്റ: സങ്കുചിത സങ്കല്‍പങ്ങളില്‍നിന്ന് മാറി കേരളം കൈവരിച്ച സാംസ്കാരിക ഉന്നതികള്‍ കാലത്തിനൊത്ത് മാതൃഭാഷക്ക് ജനാധിപത്യസ്വഭാവം നല്‍കിയെന്ന് എഴുത്തുകാരി ഡോ. സി.എസ്. ചന്ദ്രിക പറഞ്ഞു. ഭാഷ ആശവിനിമയത്തിന്‍െറ ഉപാധി മാത്രമല്ല. സംസ്കാരത്തിന്‍െറ തിലകംകൂടിയാണ്. നല്ല ചിന്തകളിലേക്കും പ്രവൃത്തിയിലേക്കും നയിക്കാന്‍ മലയാളത്തിന് കഴിയണം. ജീവിതത്തിന്‍െറ നേരുകളിലേക്ക് വളരാന്‍ ഐക്യകേരളം ഇനിയും ഉണരണമെന്നും ചന്ദ്രിക പറഞ്ഞു. ഏച്ചോം സര്‍വോദയ സ്കൂളില്‍ ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച മലയാളദിനാചരണത്തിന്‍െറയും ശ്രേഷ്ഠഭാഷാ വാരാചരണത്തിന്‍െറയും ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭാഷയുടെ രൂപാന്തരണത്തിലും വളര്‍ച്ചയിലും അതത് കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിന് പങ്കുണ്ട്. പുതിയ കാലത്തില്‍ അടിമത്വത്തിന്‍െറയും അസമത്വത്തിന്‍െറയും വാക്കുകളെല്ലാം ഒഴിഞ്ഞുപോയി. പുതിയ വാക്കുകള്‍ ഉയിര്‍കൊണ്ടു. വാക്കുകളുടെ ഉല്‍പത്തിക്കുപിന്നില്‍ ഭാഷയുടെ രാഷ്ട്രീയവത്കരണവും സാമൂഹികാവസ്ഥയും വായിച്ചെടുക്കാം. ഐക്യകേരളം രൂപപ്പെടുന്നതിനുമുമ്പുള്ള കാലഘട്ടവും ഇതിനുശേഷവും വായിച്ചാല്‍ നാം നേടിയ ഉന്നതികളും അതിനു പിന്നിലുള്ള പരിശ്രമങ്ങളുടെയും തീക്ഷ്ണ ചരിത്രമറിയാം. ദലിത് ജീവിതവത്കരണത്തിന്‍െറയും ലിംഗനീതിയുടെയും പരസ്പരബന്ധിതമായ പോരായ്മകള്‍ ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്. അദൃശ്യമായ ജാതീയത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി അധ്യക്ഷത വഹിച്ചു. ഹരിത വിദ്യാലയ പ്രവര്‍ത്തന ഉദ്ഘാടനവും വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനവിതരണവും കലക്ടര്‍ നിര്‍വഹിച്ചു. ഏച്ചോം ഗോപി, സ്കൂള്‍ മാനേജര്‍ ഫാ. ബേബിചാലില്‍, പനമരം ഗ്രാമപഞ്ചായത്തംഗം സീനാ സാജന്‍, പി.ടി.എ പ്രസിഡന്‍റ് എ.എല്‍. ബെന്നി, സര്‍വോദയ സ്കൂള്‍ സുപ്പീരിയര്‍ ഫാ. വി.ടി. ജോസ്, പ്രധാനാധ്യാപകന്‍ ഫാ. വില്‍സണ്‍ പുതുശ്ശേരി, പ്രിന്‍സിപ്പല്‍ വി.ഡി. തോമസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.