വെള്ളമുണ്ടയും പനമരവും ജയലക്ഷ്മിയെ തുണച്ചില്ല

മാനന്തവാടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിനച്ചിരിക്കാതെ യു.ഡി.എഫ് സ്ഥാനാര്‍ഥി മന്ത്രി പി.കെ. ജയലക്ഷ്മി പരാജയപ്പെട്ടത് യു.ഡി.എഫ് കോട്ടകളായ വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിലെ വോട്ടുചോര്‍ച്ച മൂലം. വെള്ളമുണ്ടയില്‍ 3000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, 1275 ആയി ചുരുങ്ങി. ജയലക്ഷ്മിക്ക് 10,180 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.ആര്‍. കേളുവിന് 8905, എന്‍.ഡി.എ സ്ഥാനാര്‍ഥി മോഹന്‍ദാസിന് 2309 വോട്ടുമാണ് ലഭിച്ചത്. വെള്ളമുണ്ടയിലെ ആകെയുള്ള 23 ബൂത്തില്‍ 17 എണ്ണത്തിലും ജയലക്ഷ്മി ലീഡ് നേടിയെങ്കിലും നേരിയ മാര്‍ജിന്‍ മാത്രമാണുണ്ടായത്. പനമരത്ത് 1182 വോട്ടിന്‍െറ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. ഇവിടെ 2500 വോട്ടിന്‍െറ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചത്. ജയലക്ഷ്മിക്ക് 9918 വോട്ടും കേളുവിന് 8736 വോട്ടും മോഹന്‍ദാസിന് 2761 വോട്ടുമാണ് ലഭിച്ചത്. പനമരത്ത് ആകെയുള്ള 22 ബൂത്തില്‍ 14 എണ്ണത്തിലും ജയലക്ഷ്മി ലീഡ് നേടി. തൊണ്ടര്‍നാട് 1500 വോട്ട് ഭൂരിപക്ഷം പ്രതീക്ഷിച്ച സ്ഥാനത്ത് 778 വോട്ടിന്‍െറ ഭൂരിപക്ഷം നേടാനെ ആയുള്ളൂ. എടവകയില്‍ 1000 മുതല്‍ 1500 വരെ ഭൂരിപക്ഷം പ്രതീക്ഷിച്ച സ്ഥാനത്ത് 602 വോട്ട് മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. കെല്ലൂര്‍ മേഖലയിലെ വിമതരുടെ പ്രവര്‍ത്തനവും മന്ത്രിക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന പ്രചാരണം മുസ്ലിം വോട്ടര്‍മാരെ സ്വാധീനിച്ചതുമാണ് അടിയൊഴുക്കുകള്‍ നടക്കാന്‍ കാരണം. വോട്ടെടുപ്പ് ദിനത്തില്‍തന്നെ വെള്ളമുണ്ടയിലെ മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളിലെ സജീവമില്ലായ്മ ജയലക്ഷ്മി പരാജയത്തിലേക്ക് നീങ്ങുമെന്ന സൂചന നല്‍കിയിരുന്നു. മുസ്ലിം ലീഗാണ് ജയലക്ഷ്മിയുടെ പ്രചാരണത്തിന് മുന്‍പന്തിയിലുണ്ടായിരുന്നത്. എന്നാല്‍, അണികളുടെ മനസ്സിളക്കാനായില്ളെന്നതാണ് വാസ്തവം. കൂടാതെ, ജയലക്ഷ്മിക്കൊപ്പം പ്രവര്‍ത്തിച്ച ചില കോണ്‍ഗ്രസ് നേതാക്കളും വോട്ട് മറിച്ചതായാണ് പറയപ്പെടുന്നത്. അപരയായ ലക്ഷ്മി 1300 വോട്ടുകള്‍ നേടിയതും ജയലക്ഷ്മിയുടെ പരാജയത്തിന് കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.