കല്‍പറ്റ മണ്ഡലം: എല്‍.ഡി.എഫിനെ പുണര്‍ന്ന് തോട്ടം മേഖല

മേപ്പാടി: കല്‍പറ്റ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ. ശശീന്ദ്രന്‍െറ തിളക്കമാര്‍ന്ന വിജയത്തില്‍ അദ്ദേഹത്തെ ശക്തമായി പിന്തുണച്ചത് തോട്ടം മേഖലയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന നാല് പഞ്ചായത്തുകളിലും അദ്ദേഹം വ്യക്തമായ മേല്‍ക്കൈ നേടി. ശശീന്ദ്രന് ലഭിച്ചത് 13,083 വോട്ടുകളുടെ ലീഡാണ്. അതില്‍ 7346 വോട്ടുകളും തോട്ടംമേഖലയായ മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെ പങ്കും തോട്ടം തൊഴിലാളികള്‍ സമ്മാനിച്ചതാണ്. സി.ഐ.ടി.യു നേതൃത്വത്തില്‍ നടന്ന ബോണസ് സമരം ലക്ഷ്യംനേടാതെ വന്നതില്‍ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വലിയ തോതില്‍ അതൃപ്തിയുണ്ടായിട്ടുണ്ടെന്നായിരുന്നു യു.ഡി.എഫ് നേതൃത്വം പ്രചരിപ്പിച്ചത്. അത് യു.ഡി.എഫിനുള്ള വോട്ടുകളായി മാറുമെന്നും അവര്‍ കണക്കുകൂട്ടിയെങ്കിലും കണക്കുകളൊക്കെ തെറ്റി. പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് നേരിയ മുന്‍തൂക്കം യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടിയിരുന്നു. അതോടൊപ്പം കല്‍പറ്റ മുനിസിപ്പാലിറ്റിയിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുമെന്നും അവര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. വെങ്ങപ്പള്ളിയിലും നേരിയ ലീഡ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതിനെയൊക്കെ മറികടക്കാന്‍ പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മുട്ടില്‍, മേപ്പാടി, മൂപ്പൈനാട്, കോട്ടത്തറ പഞ്ചായത്തുകളില്‍ ലീഡ് നേടുമെന്ന് ഉറച്ച വിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. എന്നാല്‍, വോട്ടെണ്ണിയപ്പോള്‍ കണക്കുകള്‍ തെറ്റി. 3000 വോട്ടുകളുടെ ലീഡ് പ്രതീക്ഷിച്ച പടിഞ്ഞാറത്തറയില്‍ 335 വോട്ടുകളുടെ ലീഡ് എല്‍.ഡി.എഫ് നേടി. 3500 വോട്ടുകളുടെ ലീഡ് പ്രതീക്ഷിച്ച കണിയാമ്പറ്റയില്‍നിന്ന് ലഭിച്ചത് കേവലം 789 വോട്ടുകളുടെ ലീഡ് മാത്രം. കോട്ടത്തറ പഞ്ചായത്തില്‍നിന്ന് ലഭിച്ചത് 300 വോട്ടിന്‍െറ ലീഡാണ്. 2000 വോട്ടെങ്കിലും യു.ഡി.എഫ് ലീഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ച മുട്ടില്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ് 1766 വോട്ടുകളുടെ ലീഡ് നേടി. തുല്യമായി വോട്ടുകള്‍ ലഭിക്കുമെന്ന് കണക്കുകൂട്ടിയ തരിയോട് പഞ്ചായത്തിലും എല്‍.ഡി.എഫ് ലീഡ് ചെയ്തു. പൊഴുതന-1199, വൈത്തിരി-1577 എന്നിങ്ങനെയാണ് എല്‍.ഡി.എഫിന് ലഭിച്ച ലീഡ്. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ലഭിച്ച മുന്‍തൂക്കം അക്ഷരാര്‍ഥത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിക്കുകതന്നെ ചെയ്തു. 2011ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ മേപ്പാടി പഞ്ചായത്തില്‍ നിന്ന് 1300ല്‍പരം വോട്ടുകളുടെ ലീഡ് യു.ഡി.എഫ് നേടിയിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ചത് 77 വോട്ടിന്‍െറ ഭൂരിപക്ഷമാണ്. എന്നാല്‍, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളുള്‍പ്പെടുന്ന ജില്ലാ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലും യു.ഡി.എഫ് ആണ് വിജയിച്ചത്. എക്കാലത്തും 2000ഓളം വോട്ടുകള്‍ ലീഡ് സമ്മാനിച്ചിരുന്ന മൂപ്പൈനാട് പഞ്ചായത്തില്‍ എല്‍.ഡി.എഫ് 741 വോട്ടിന്‍െറ ലീഡ് നേടി. ലീഡ് നേടുമെന്ന് പ്രതീക്ഷിച്ച മേപ്പാടി പഞ്ചായത്തിലാകട്ടെ 3829 വോട്ടുകളുടെ ലീഡ് നേടിയ എല്‍.ഡി.എഫ് അക്ഷരാര്‍ഥത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിക്കുകതന്നെ ചെയ്തു. കല്‍പറ്റ നഗരസഭയില്‍നിന്ന് എല്‍.ഡി.എഫിന് ലഭിച്ച 2572 വോട്ടുകളുടെ ഭൂരിപക്ഷം കൂടിയായപ്പോള്‍ യു.ഡി.എഫിന്‍െറ പരാജയം ദയനീയമായി. 2011ല്‍ 18,169 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ച എം.വി. ശ്രേയാംസ്കുമാറിനുമേല്‍ 13,083 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഇത്തവണ സി.കെ. ശശീന്ദ്രന്‍ നിയമസഭയിലത്തെുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.