മാനന്തവാടിയില്‍ നിനച്ചിരിക്കാത്ത വിജയം

മാനന്തവാടി: വിജയപ്രതീക്ഷയില്ലാതിരുന്ന മണ്ഡലമായ മാനന്തവാടിയില്‍ വെന്നിക്കൊടി പാറിക്കാനായത് ഇടതുമുന്നണി നേതാക്കളെപോലും അമ്പരപ്പിച്ചു. 862 കോടിയുടെ വികസനം ഉയര്‍ത്തിക്കാട്ടി എളുപ്പം ജയിച്ചുകയറാമെന്നായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടല്‍. വിമതര്‍ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ തവണ 12,734 വോട്ടിന്‍െറ ഭൂരിപക്ഷമായിരുന്നു ജയലക്ഷ്മിക്ക് ലഭിച്ചത്. നീണ്ട ഇടവേളക്കുശേഷം 2006ലാണ് ഇടതുമുന്നണി മണ്ഡലത്തെ ചുവപ്പിച്ചത്. അന്ന് 15,115 വോട്ടുകള്‍ക്ക് കെ.സി. കുഞ്ഞിരാമനായിരുന്നു വിജയിച്ചത്. 2011ല്‍ യു.ഡി.എഫ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ വീണ്ടും കൈവിട്ടുപോയി. തവിഞ്ഞാലിലെ ഒന്നാം റൗണ്ടില്‍ മാത്രമാണ് ജയലക്ഷ്മിക്ക് ലീഡ് നിലനിര്‍ത്താനായത്. തിരുനെല്ലിയിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ കേളു ലീഡ് നില ഉയര്‍ത്തി. പിന്നീടങ്ങോട്ട് 141 ബൂത്തുകള്‍ എണ്ണിത്തീരും വരെ ലീഡ്നില മാറി മറിഞ്ഞു എന്നല്ലാതെ കേളുവിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. എടവകയിലും തൊണ്ടര്‍നാടും യു.ഡി.എഫിന്‍െറ ഭൂരിപക്ഷം ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. വെള്ളമുണ്ടയിലും പനമരത്തും പ്രതീക്ഷിച്ച വോട്ടുകള്‍ യു.ഡി.എഫിന് നേടാനുമായില്ല. കോണ്‍ഗ്രസിലെ വിമതരുടെ പ്രവര്‍ത്തനവും ലീഗിന്‍െറ പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതുമാണ് തിരിച്ചടിയായത്. ജയലക്ഷ്മിക്ക് ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്ന തരത്തില്‍ പ്രചാരണകാലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും അവര്‍ക്ക് വിനയായിട്ടുണ്ട്. ഈ സംഭവത്തില്‍ ചില പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെങ്കിലും വിമതശല്യം ഇല്ലാതാക്കാനായില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്‍െറ മനോവിഷമത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോണ്‍ പാര്‍ട്ടി ഓഫിസില്‍ ആത്മഹത്യചെയ്ത സംഭവം ജില്ലയില്‍ കോണ്‍ഗ്രസിനെ ഏറെ ഉലച്ചിരുന്നു. മാനന്തവാടി നഗരസഭയിലെ 33ാംവാര്‍ഡായ പുത്തന്‍പുരയിലേക്കാണ് ജോണ്‍ മത്സരിച്ചത്. എന്നാല്‍, തന്‍െറ പരാജയത്തിന് കാരണക്കാര്‍ പാര്‍ട്ടിയിലെ ഉന്നതനേതാക്കളാണെന്നും ഇവരുടെ പേരടക്കമുള്ള ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നു. സംഭവത്തിന്‍െറ പേരില്‍ സില്‍വി തോമസ്, വി.കെ. ജോസ്, ലേഖാരാജീവന്‍ എന്നീ പ്രമുഖനേതാക്കളടക്കം അഞ്ചുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പോസ്റ്റര്‍ വിവാദത്തിന്‍െറ പേരില്‍ അഡ്വ. ശ്രീകാന്ത് പട്ടയന്‍, നിഷാന്ത് എന്നിവര്‍ക്കെതിരെയും നടപടിയുണ്ടായി. ഇവരുടെ നേതൃത്വത്തില്‍ മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പില്‍ നീക്കമുണ്ടായിയെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.