ഒരു പച്ചമനുഷ്യന്‍ നിയമസഭയിലേക്ക് നടന്നുവരുന്നു

കല്‍പറ്റ: ‘വോട്ടര്‍മാരുടെ കൂടെ നില്‍ക്കുമ്പോള്‍ സ്ഥാനാര്‍ഥി ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് അത് സഖാവ് സി.കെ. ശശീന്ദ്രന്‍ ആകുമ്പോഴാണ്’ എന്ന ഫേസ്ബുക് സാക്ഷ്യത്തില്‍ എല്ലാമുണ്ട്. ചുഴലി കോളനിയിലെ കൃഷ്ണന്‍ കാണുന്നവരോടെല്ലാം ശശിയേട്ടന് വോട്ടുചെയ്യണമെന്നു പറയുമ്പോഴും അടിയുറച്ച മുസ്ലിം ലീഗുകാരനാണെങ്കിലും എന്‍െറ വോട്ട് ശശിയേട്ടനാണെന്ന് മുട്ടില്‍ ടൗണിലെ മീന്‍കച്ചവടക്കാരന്‍ നല്ളേങ്കര മുജീബ് ആവര്‍ത്തിക്കുമ്പോഴും ആ ജനപ്രിയതക്ക് അടിവരയിടുകയാണ്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം നില്‍ക്കുന്നയാളായിട്ടും ഈ കുറിയ മനുഷ്യനെ തങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ കല്‍പറ്റക്കാര്‍ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ രാഷ്ട്രീയമില്ളെന്നുതന്നെ 13,083 വോട്ടുകളുടെ ഗംഭീരവിജയം തെളിയിക്കുന്നു. ഒരു നാടിന്‍െറ മണ്ണില്‍ പതിഞ്ഞ ചുവടുകളുമായി ജനങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഇദ്ദേഹത്തിന്‍െറ വിജയം കേരളം ഏറ്റു പിടിക്കുകയാണ്. ജയിക്കേണ്ട സ്ഥാനാര്‍ഥികളിലൊരാള്‍ എന്ന് നവമാധ്യമങ്ങളിലെ നൂറുകണക്കിനാളുകള്‍ തെരഞ്ഞെടുപ്പുകാലത്ത് മലയാളത്തിനുമുമ്പാകെവെച്ച ശശീന്ദ്രന്‍ യു.ഡി.എഫിന്‍െറ കോട്ടയില്‍ ഐതിഹാസിക വിജയം കൊയ്യുമ്പോള്‍ കല്‍പറ്റക്കാര്‍ക്കതില്‍ അതിശയമില്ല. ‘നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത 100 ശതമാനം കമ്യൂണിസ്റ്റായ ഈ മനുഷ്യനാണ് കേരള നിയമസഭയിലെ ഏറ്റവും അഭിമാനകരമായ സാന്നിധ്യം’ -എന്ന് ജയത്തിനുപിന്നാലെ സാമൂഹികമാധ്യമങ്ങളിലെ പരശ്ശതം അഭിനന്ദനക്കുറിപ്പുകളിലൊന്ന്. 20,000ത്തോളം വോട്ടിന് കഴിഞ്ഞതവണ പാര്‍ട്ടി പരാജയപ്പെട്ട മണ്ഡലത്തില്‍ ശശീന്ദ്രന്‍ കച്ചമുറുക്കിയപ്പോള്‍തന്നെ എതിര്‍പാളയം അപകടം മണത്തിരുന്നു. കല്‍പറ്റ പിടിക്കാന്‍ ശശീന്ദ്രനല്ലാതെ മറ്റൊരാളില്ളെന്ന തിരിച്ചറിവിലാണ് ജില്ലാ സെക്രട്ടറിയായിട്ടും പാര്‍ട്ടി മത്സരരംഗത്തിറക്കിയത്. സിറ്റിങ് എം.എല്‍.എ എം.വി. ശ്രേയാംസ്കുമാര്‍ അങ്കത്തട്ടിലിറങ്ങുമ്പോഴേക്ക് പ്രചാരണത്തില്‍ ബഹുദൂരം മുന്നോട്ടുപോയ ശശീന്ദ്രന്‍ ശ്രദ്ധവെച്ചത് പരമാവധി ആളുകളിലേക്ക് നേരിട്ടത്തെുകയെന്നതിലായിരുന്നു. മുട്ടില്‍ മലയുടെ മുകളിലെ കോല്‍പ്പാറ കോളനിയിലേക്ക് രണ്ടു കി.മീറ്റിലധികം പതിവുപോലെ ചെരിപ്പിടാതെ കാല്‍നടയായി കയറി വോട്ടുചോദിച്ച ഒരേയൊരു സ്ഥാനാര്‍ഥിയും അദ്ദേഹമാകുന്നത് അതുകൊണ്ടാണ്. പാര്‍ട്ടിയോടുള്ള കൂറ് ഈ 58കാരന്‍െറ രക്തത്തിലലിഞ്ഞതാണ്. സി.പി.എം പനമരം, മുട്ടില്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി.പി. കേശവന്‍നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകന്‍ ചെങ്കൊടിക്കു കീഴിലത്തെിയത് ഒരു നിയോഗമായിരുന്നു. ബത്തേരി സെന്‍റ് മേരീസ് കോളജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. എസ്.എഫ്.ഐയിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. വയനാട്ടില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ് തുടര്‍ന്ന് ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി, പ്രസിഡന്‍റ് സ്ഥാനങ്ങള്‍ വഹിച്ചു. 988ലാണ് സി.പി.എം ജില്ലാ കമ്മിറ്റിയംഗമാകുന്നത്. വയനാട്ടില്‍ ആദിവാസികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശശീന്ദ്രന്‍ ആദിവാസി ഭൂമസരസഹായസമിതി ജില്ലാ കണ്‍വീനര്‍ കൂടിയാണ്. ആദിവാസി വിഭാഗക്കാര്‍ തങ്ങളുടെ രക്ഷകനായി കാണുന്ന ഈ മനുഷ്യന് മണ്ഡലത്തിന്‍െറ മുക്കുമൂലകള്‍ പച്ചവെള്ളംപോലെ അറിയാമെന്നതാണ് ഇദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. സമരമുഖങ്ങളില്‍ വീറുകാട്ടുമ്പോഴും മണ്ണിനെയും മനുഷ്യനെയും മറന്നുള്ള വികസനങ്ങളല്ല, വയനാടിനു വേണ്ടതെന്നും അദ്ദേഹം ഉറക്കെ പറയും. ഏതു പാതിരാവിലും എന്താവശ്യത്തിനും പാര്‍ട്ടി ഭേദമന്യേ വയനാട്ടില്‍ ആര്‍ക്കും സമീപിക്കാവുന്ന പച്ചയായ മനുഷ്യന്‍െറ ജനപ്രതിനിധിയായുള്ള പരിവര്‍ത്തനം ഒരു നാടിനെ പുളകം കൊള്ളിക്കുന്നതും ഇതൊക്കെക്കൊണ്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.