കല്‍പറ്റ: അത്രമേല്‍ ആവേശം കൊള്ളിക്കുകയാണ് ഇടതുപ്രവര്‍ത്തകരെ കല്‍പറ്റ മണ്ഡലത്തിലെ വന്‍ വിജയം. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, എതിരാളി നിലവിലെ എം.എല്‍.എ എം.വി. ശ്രേയാംസ്കുമാറിന് കടുത്ത മത്സരം സമ്മാനിച്ചെങ്കിലും ഇത്ര വലിയ വിജയം നേതാക്കള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. 4000നും 5000നും ഇടയില്‍ ഭൂരിപക്ഷത്തിന് ശശീന്ദ്രന്‍ വിജയിക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഇതുപോലും പക്ഷേ, അത്ര ഉറപ്പില്‍ പുറത്തുപറയാന്‍ അവര്‍ തയാറായിരുന്നില്ല. വോട്ടുകളെല്ലാം പെട്ടിയിലായതിന് ശേഷവും ഇതായിരുന്നു സ്ഥിതി. എന്നാല്‍, എസ്.കെ.എം.ജെ സ്കൂളില്‍ വോട്ട് എണ്ണിത്തുടങ്ങിയതിന്‍െറ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ശശീന്ദ്രന് പ്രതീക്ഷക്കുള്ള വകയുണ്ടായിരുന്നു. ആദ്യം ലീഡ് നില വളരെ കുറവായിരുന്നെങ്കിലും പുറത്തുകാത്തുനിന്ന ഇടതു പ്രവര്‍ത്തകര്‍ നെഞ്ചിടിപ്പോടെ പാര്‍ട്ടിയുടെ വിജയം കൊതിച്ച് പുറത്തുള്ള ടി.വിയില്‍ കണ്ണുംനട്ടു നിന്നു. ശശീന്ദ്രന്‍െറ ലീഡ് നില വര്‍ധിച്ച് മൂവായിരത്തിന് മുകളിലത്തെിയതോടെ വിജയ പ്രതീക്ഷ കൂടി. ഏഴായിരവും കടന്ന് പതിനായിരത്തിലേക്ക് അടുത്തതോടെ പ്രവര്‍ത്തകരുടെ മുഖത്ത് പുഞ്ചിരി പടര്‍ന്നു. ലീഡ് നില 11,000 കടന്നതോടെ വിജയം ഉറപ്പിച്ചു. പിന്നീട് ഭൂരിപക്ഷം 13,083ല്‍ എത്തി. ഇതോടെ ആഹ്ളാദത്തിന്‍െറ വെടിമുഴക്കമായി. ചെറിയ ചെറിയ ഇടത് പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ടം നഗരത്തില്‍ പിന്നെ ആഹ്ളാദത്തിന്‍െറ തിരമാലകളുയര്‍ത്തി. ബൈക്കുകളുടെ ഹെഡ്ലൈറ്റുകള്‍ തെളിച്ച് ചുവപ്പ് നിറത്തില്‍ കുളിച്ച് പ്രവര്‍ത്തകര്‍ നഗരത്തിലൂടെ ചീറിപ്പാഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് കല്‍പറ്റ നഗരത്തിലത്തെിയത്. ആര്‍പ്പു വിളിച്ചും വാദ്യോപകരണങ്ങള്‍ മുഴക്കിയും അവര്‍ പാര്‍ട്ടിയുടെ വിജയം കെങ്കേമമാക്കി. രക്തപതാക ദേഹത്ത് ചുറ്റിയും തലയില്‍ ചുവപ്പുനാട കെട്ടിയും ദേഹം മുഴുവന്‍ ചുവപ്പ് നിറം തേച്ചുമായിരുന്നു മിക്കവരുടെയും ആഹ്ളാദം. ബാന്‍റ് മേളവും ആവേശം പകര്‍ന്നു. മാനന്തവാടിയിലെ അപ്രതീക്ഷിത ജയവും സംസ്ഥാനത്ത് ഇടത് പടയോട്ടവും അണികള്‍ക്ക് ആവേശം ഇരട്ടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.