ഏലിക്കുട്ടിയും ചെടച്ചിയും പിന്നെ നിരവധിപേരും ‘ഓര്‍മമരം’ നട്ടു

കല്‍പറ്റ: തലപ്പുഴ മക്കിമലയിലെ 82കാരി പള്ളിക്കുന്നേല്‍ ഏലിക്കുട്ടിയും കണിയാമ്പറ്റ കറപ്പറ്റ കോളനിയിലെ 45കാരിയായ ചെടച്ചിയും. അങ്ങനെ നിരവധി പേരാണ് തങ്ങളുടെ വോട്ടോര്‍മയില്‍ തിങ്കാഴ്ച മരത്തൈകള്‍ നട്ടത്. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ വന്‍സുരക്ഷയൊരുക്കിയ മക്കിമല സ്കൂളിലെ ബൂത്തിലാണ് ഉച്ചക്ക് ഒരുമണിയോടെ വടി കുത്തിപ്പിടിച്ച് ബന്ധുവിന്‍െറ സഹായത്തോടെ ഏലിക്കുട്ടി വോട്ടുചെയ്യാനത്തെിയത്. മടങ്ങുമ്പോള്‍ കിട്ടിയ മരത്തൈയും ജില്ലാ കലക്ടറുടെ അനുമോദനപത്രികയും പിടിച്ചാണ് അവര്‍ ജീപ്പില്‍ വീട്ടിലേക്ക് മടങ്ങിയത്. കണിയാമ്പറ്റ സ്കൂളിലാണ് ചെടച്ചിയും അയല്‍വാസികളും ബന്ധുക്കളും വോട്ടുചെയ്തത്. വീട്ടിലത്തെിയാലുടനെ സ്വന്തം സ്ഥലത്ത് തൈ നടുമെന്ന് അവര്‍ ഉറപ്പിച്ചുപറഞ്ഞു. വോട്ടര്‍മാരെ ബോധവത്കരിക്കാനുള്ള സ്വീപ് പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കിയ ‘ഓര്‍മമരം’ പദ്ധതിയാണ് വന്‍വിജയമായത്. ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിന്‍െറ നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. തെരഞ്ഞെടുപ്പുദിവസം 71,500ഓളം തൈകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. 47 മാതൃകാ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്ത എല്ലാവര്‍ക്കും ഫലവൃക്ഷത്തൈകള്‍ നല്‍കി. കന്നിവോട്ടര്‍മാര്‍ക്ക് ‘ഓര്‍മമരം’ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കി. മറ്റുള്ള മുഴുവന്‍ ബൂത്തുകളിലും കന്നി വോട്ടര്‍മാര്‍, 75 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ നല്‍കി. ശേഷിച്ചവര്‍ക്ക് ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നല്‍കും. മാവ്, റംബുട്ടാന്‍, പേര, നെല്ലി, ലിച്ചി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. അമ്പലവയല്‍ ആര്‍.എ.ആര്‍.എസ്, വനംവകുപ്പ് എന്നിവയാണ് തൈകള്‍ ഒരുക്കിയത്. തൈ വിതരണത്തിനായി ബൂത്തുകളില്‍ എന്‍.എസ്.എസ്, എസ്.പി.സി വളന്‍റിയര്‍മാരെ നിയോഗിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന വേളയില്‍ത്തന്നെ തൈകള്‍ നല്‍കിയിരുന്നു. വോട്ടെടുപ്പ് ദിവസവും പരിസ്ഥിതിദിനത്തിലും നടുന്ന മരങ്ങളുടെ തുടര്‍സംരക്ഷണത്തിന് കര്‍മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.