തെരഞ്ഞെടുപ്പ് ദിവസവും വെള്ളമുണ്ടയില്‍ ലീഗ് നിര്‍ജീവം

വെള്ളമുണ്ട: പഞ്ചായത്ത് ആസ്ഥാനമായ എട്ടേനാലിലും പരിസരത്തും വോട്ടെടുപ്പ് ദിവസവും ലീഗ് പ്രവര്‍ത്തനം നിര്‍ജീവം. മുസ്ലിം ലീഗിന്‍െറ ഉരുക്കുകോട്ടയായ 104, 105, 106 ബൂത്തുകളില്‍ രാവിലെ മുതല്‍ ലീഗ് പ്രവര്‍ത്തകരുടെ അസാന്നിധ്യം ചര്‍ച്ചയായി. കോണ്‍ഗ്രസിന്‍െറ ചില പ്രവര്‍ത്തകരും വിരലിലെണ്ണാവുന്ന ലീഗ് പ്രവര്‍ത്തകരും മാത്രമാണ് വോട്ടിങ് പ്രവര്‍ത്തനത്തിനുണ്ടായിരുന്നത്. വിമത, ഒൗദ്യോഗികനേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. കൊട്ടിക്കലാശത്തിലും ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. പത്തില്‍ ചുവടെ പ്രവര്‍ത്തകര്‍ മാത്രമാണ് കോണ്‍ഗ്രസിനൊപ്പം കൊട്ടിക്കലാശത്തിലുണ്ടായിരുന്നതത്രെ. വെള്ളമുണ്ട പഞ്ചായത്തിലെ തന്നെ പ്രധാന ബൂത്തുകളായ 104, 105, 106 ബൂത്തുകളില്‍ ബൂത്ത് കമ്മിറ്റികളടക്കം സജീവമല്ലാതിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസാനനിമിഷവും ലീഗിലെ ഒൗദ്യോഗിക, വിമതപക്ഷങ്ങള്‍ ഒരുപോലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നത് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന കമ്മിറ്റികളില്‍നിന്ന് മാറ്റിനിര്‍ത്തിയതാണ് വിമതപക്ഷം സജീവമാകാതിരിക്കാന്‍ കാരണം. ഒൗദ്യോഗികപക്ഷമാവട്ടെ പി.കെ. ജയലക്ഷ്മിയുടെ ചില പ്രവര്‍ത്തനങ്ങളില്‍ നീരസം രേഖപ്പെടുത്തിയിരുന്നു. പ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ യൂത്ത് ലീഗ് നേതാവിനോട് ചോദിച്ചപ്പോള്‍ ‘ലീഗ് പ്രവര്‍ത്തകര്‍ യു.ഡി.എഫിന് വോട്ട് ചെയ്യും. എന്നാല്‍, പ്രവര്‍ത്തനത്തില്‍നിന്ന് മാറിനിന്ന് പ്രതിഷേധമറിയിക്കും’ എന്നായിരുന്നു മറുപടി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കമാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ വെള്ളമുണ്ടയില്‍ വിള്ളലുണ്ടാക്കിയത്. വിമതപക്ഷം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നതുവരെ എത്തി. അടുത്തുനടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാന-ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നെങ്കിലും തൊലിപ്പുറത്തെ ചികിത്സ മാത്രമായിരുന്നെന്നതാണ് ഇപ്പോഴത്തെ നിര്‍ജീവത തെളിയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.