വോട്ടെടുപ്പിന് ഒരുക്കം പൂര്‍ത്തിയായി

കല്‍പറ്റ: തിങ്കളാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുക്കംപൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. നീതിപൂര്‍വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലയിലെ മുഴുവന്‍ സമ്മതിദായകരും വോട്ടവകാശം വിനിയോഗിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. പോളിങ് സമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ്. പോളിങ് സാമഗ്രികളുടെ വിതരണം ഞായറാഴ്ച രാവിലെ 10 മുതല്‍ മാനന്തവാടി വി.എച്ച്.എസ്.എസ്, കല്‍പറ്റ എസ്.ഡി.എം.എല്‍.പി സ്കൂള്‍, സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി നടക്കും. ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പറ്റ എന്നീ മൂന്നു നിയോജകമണ്ഡലങ്ങളിലായി 5,96,939 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,04,621 പുരുഷന്മാരും 2,92,318 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ഒരു ഓക്സിലിയറി പോളിങ് സ്റ്റേഷനുള്‍പ്പെടെ 470 പോളിങ് സ്റ്റേഷനുകളാണുള്ളത്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 184 പോളിങ് ബൂത്തുകളും കല്‍പറ്റ മണ്ഡലത്തില്‍ 145 ബൂത്തുകളും മാനന്തവാടി മണ്ഡലത്തില്‍ 141 ബൂത്തുകളുമാണുള്ളത്. ഇവിടങ്ങളിലായി മൊത്തം 2952 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. റിസര്‍വ് അടക്കം 644 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. തകരാറുകള്‍ വരുന്നപക്ഷം പുതിയ വോട്ടിങ് യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലയില്‍ 47 ബൂത്തുകള്‍ മാതൃകാ പോളിങ് ബൂത്തുകളായി സജ്ജീകരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് 70 ശതമാനത്തില്‍ കുറഞ്ഞ ബൂത്തുകളാണ് മാതൃകാ ബൂത്തുകളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവയില്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും. മറ്റു ബൂത്തുകളിലെ കന്നി വോട്ടര്‍മാര്‍, 75 വയസ്സ് കഴിഞ്ഞവര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ നല്‍കും. എട്ട് ബൂത്തുകള്‍ പൂര്‍ണമായും വനിതാ പോളിങ് ഓഫിസര്‍ മാത്രമാണുള്ളത്. മാവോവാദി ഭീഷണിയുള്ള 25 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് അല്ളെങ്കില്‍ വിഡിയോഗ്രഫി അല്ളെങ്കില്‍ മൈക്രോ ഒബ്സര്‍വര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 42 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനമുണ്ട്. 21 ബൂത്തുകളില്‍ വിഡിയോഗ്രഫിയുണ്ട്. 31 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 25 ബൂത്തുകളില്‍ സി.ആര്‍.പി.എഫും 32 ബൂത്തുകളില്‍ കര്‍ണാടക പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ചെക്പോസ്റ്റുകളിലും 24 മണിക്കൂറും പരിശോധന നടത്തിവരുന്നുണ്ട്. 95.33 ശതമാനം വോട്ടര്‍ സ്ളിപ്പുകള്‍ ബി.എല്‍.ഒമാര്‍ മുഖേന വിതരണം ചെയ്തുകഴിഞ്ഞു. വോട്ടെടുപ്പ് സമാപിക്കുന്നതിനുമുമ്പുള്ള 48 മണിക്കൂര്‍ സമയപരിധിയില്‍ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായി നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു. മേയ് 14ന് വൈകീട്ട് ആറുമുതല്‍ മേയ് 16 വൈകീട്ട് ആറുവരെ നിരോധം നിലനില്‍ക്കും. ഈ സമയപരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അച്ചടിമാധ്യമങ്ങളില്‍ രാഷ്ട്രീയ പരസ്യം നല്‍കണമെങ്കില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. അല്ലാത്ത രാഷ്ട്രീയ പരസ്യങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കരുത്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ വിശാല്‍പാല്‍ സിങ്, ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്കരന്‍ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.