യു.ഡി.എഫിനെ തുരത്തേണ്ടത് അനിവാര്യം –വൃന്ദ കാരാട്ട്

മാനന്തവാടി: കേരളത്തിന്‍െറ എല്ലാ രീതിയിലുമുള്ള വികസനത്തിന് യു.ഡി.എഫിനെ തുരത്തേണ്ടത് അനിവാര്യമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കേരളം കണ്ട ഏറ്റവുംവലിയ അഴിമതി സര്‍ക്കാറാണ് ഉമ്മന്‍ചാണ്ടിയുടേത്. അഴിമതിയും കോണ്‍ഗ്രസും തമ്മില്‍ ഭാര്യ-ഭര്‍തൃ ബന്ധമാണ്. മന്ത്രിസഭയിലെ മന്ത്രിമാരെ അഴിമതിക്കേസുകളില്‍നിന്ന് രക്ഷിക്കാനുള്ള തിരക്കിലാണ് ഉമ്മന്‍ ചാണ്ടി. ഇതിനിടയില്‍ കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സമയമില്ല. കേരളത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എല്‍.ഡി.എഫിന്‍െറ വിജയം ജനങ്ങള്‍ ഉറപ്പിച്ചുകഴിഞ്ഞെന്നും വൃന്ദ പറഞ്ഞു. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മാനന്തവാടിയില്‍ നടത്തിയ വനിതാ കണ്‍വെന്‍ഷനിലും പേരിയ, പടിഞ്ഞാറത്തറ, പിണങ്ങോട്, അരപ്പറ്റ, ഇരുളം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ‘അച്ഛാദിന്‍’ വരുമെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, നരേന്ദ്ര മോദി അധികാരത്തിലേറി രണ്ടുവര്‍ഷമായപ്പോള്‍ നല്ലതിന്ുപകരം ചീത്തദിനങ്ങളാണ് രാജ്യത്തിന് സമ്മാനിച്ചത്. നല്ലദിനം വരുന്നത് കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കുമാണ്. നല്ലദിനം എന്ന പേരുപറഞ്ഞ് ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ നടപ്പാക്കുമെന്നാണ് മോദി പറയുന്നത്. ഗുജറാത്തില്‍ വികസനമെന്ന പേരില്‍ കോര്‍പറേറ്റുകള്‍ക്കും ധനികര്‍ക്കും രാജ്യത്തിന്‍െറ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ അവസരം നല്‍കി. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല -ഇതാണ് ഗുജറാത്ത് മോഡല്‍ എന്നും വൃന്ദ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.