എന്‍.ഡി.എ സര്‍ക്കാര്‍ നഞ്ചന്‍കോട്–ബത്തേരി റെയില്‍വേ ഉറപ്പാക്കി –സ്മൃതി ഇറാനി

സുല്‍ത്താന്‍ബത്തേരി: ഇത്രയുംകാലം കോണ്‍ഗ്രസ് ഭരിച്ചിട്ടും നഞ്ചന്‍കോട്-ബത്തേരി റെയില്‍വേ ഉറപ്പാക്കാന്‍ എന്‍.ഡി.എ സര്‍ക്കാറിനേ സാധിച്ചുള്ളൂവെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. സ്വതന്ത്ര മൈതാനിയില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വയനാട്ടിലെ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ആറ് കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 60 വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു ഐ.ഐ.ടി സ്ഥാപിക്കാന്‍ സാധിച്ചില്ല. അതിനും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടിവന്നു. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരുടെ മക്കള്‍ക്ക് യാതൊരു ഫീസുമില്ലാതെ തന്നെ പഠിക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും എന്‍.ഡി.എ സര്‍ക്കാര്‍ ഒരുക്കി. വനത്തിനുള്ളില്‍ നിരവധി ആദിവാസികള്‍ യാതൊരു ജീവിതസൗകര്യവുമില്ലാതെ ജീവിക്കുന്നുണ്ട്. ഇവരുടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഛത്തീസ്ഗഢില്‍ ആദ്യമായി ബി.ജി.പി സര്‍ക്കാറാണ് ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ക്ക് തറവില നിശ്ചയിച്ചത്. മധ്യപ്രദേശില്‍ പൂജ്യം ശതമാനം പലിശക്കാണ് ബി.ജെ.പി സര്‍ക്കാര്‍ കാര്‍ഷികവായ്പ നല്‍കുന്നത്. 50,000 കോടിയാണ് ജലസേചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചത്. കൃഷിനാശം വന്നവര്‍ക്ക് 100 ശതമാനം നഷ്ടം നല്‍കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്കരിച്ചു. തന്‍െറ പ്രശ്നങ്ങള്‍ മാത്രമല്ല മറ്റുള്ളവരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നിയമപഠനം നടത്തിയിരുന്ന ഒരു വിദ്യാര്‍ഥിയാണ് കേരളത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. എന്നാല്‍, ഇവിടുത്തെ സര്‍ക്കാര്‍ തിരിഞ്ഞുപോലും നോക്കാന്‍ തയാറായില്ല. കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തില്‍ തങ്ങള്‍ നടത്തിയ അഴിമതി ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്. 21 കോടിയാണ് മോദി സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ക്കായി അനുവദിച്ചത്. യുവാക്കള്‍ക്ക് 50,000 രൂപ മുതല്‍ പത്തുലക്ഷം വരെ യാതൊരു ഈടുമില്ലാതെ ബാങ്കുകളില്‍നിന്ന് വായ്പ നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊണ്ടു. ഐശ്വര്യത്തിന്‍െറ ദേവതയായ ലക്ഷ്മി കൈപ്പത്തിയിലോ അരിവാള്‍ ചുറ്റികയിലോ വരില്ല. ലക്ഷ്മി താമരയിലൂടെ മാത്രമേ വരികയുള്ളൂവെന്നും അവര്‍ പറഞ്ഞു. ജില്ലയില്‍ ഐശ്വര്യം കൈവരണമെങ്കില്‍ താമര അടയാളത്തില്‍ മത്സരിക്കുന്നവര്‍ വിജയിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബത്തേരി മണ്ഡലം പ്രസിഡന്‍റ് കെ.പി. മധു അധ്യക്ഷത വഹിച്ചു. ബത്തേരി മണ്ഡലം സ്ഥാനാര്‍ഥി സി.കെ. ജാനു, കല്‍പറ്റ മണ്ഡലം സ്ഥാനാര്‍ഥി കെ. സദാനന്ദന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് സജി ശങ്കര്‍, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്‍റ് എന്‍.കെ. ഷാജി, പി.ജി. ആനന്ദകുമാര്‍, പള്ളിയറ രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.