‘കേരള വികസനം’ പരിഷത്ത് കാമ്പയിന്‍ തുടങ്ങി

കല്‍പറ്റ: വികസനം എന്നത് ഭൗതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് മാത്രം ഒതുങ്ങുന്ന പ്രവണതയാണ് കാണുന്നതെന്നും ഇത് സമൂഹത്തില്‍ അസമത്വം വര്‍ധിപ്പിക്കുകയാണെന്നും പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി. കുഞ്ഞിക്കണ്ണന്‍. പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ‘കേരള വികസനം, ഒരു ജനപക്ഷ സമീപനം’ കാമ്പയിന്‍ കല്‍പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനികര്‍ കൂടുതല്‍ ധനികരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രര്‍ ആകുകയും ചെയ്യുന്നു. കൂടുതല്‍ അസമത്വം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറി. പരിസ്ഥിതി മലിനീകരണം കുറഞ്ഞതും ആയിരക്കണക്കിനാളുകള്‍ക്ക് കുറഞ്ഞചെലവില്‍ ഒന്നിച്ച് യാത്ര ചെയ്യാവുന്നതുമായ റെയില്‍വേയുടേ വികസനത്തിന് മുന്‍ഗണന കൊടുക്കുന്നില്ല. പകരം എക്സ്പ്രസ് ഹൈവേകളെ കുറിച്ച് ചിന്തിക്കാനാണ് നമ്മുടെ വികസനനായകര്‍ ഇഷ്ടപ്പെടുന്നത്. പങ്കാളിത്ത പ്രവര്‍ത്തനങ്ങളിലൂടെ മുഴുവന്‍ ജനങ്ങളുടേയും ജീവിതം മെച്ചപ്പെടുത്തുന്നതായിരിക്കണം യഥാര്‍ഥ വികസനം. 75 ലക്ഷത്തോളം കുടുംബങ്ങള്‍ മാത്രമുള്ള കേരളത്തില്‍ 90 ലക്ഷത്തോളം വീടുകള്‍ ഉണ്ട്. ഇപ്പോഴും വീടു നിര്‍മാണം നടക്കുന്നു. എന്നാല്‍, നാലുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടില്ല. ജീവിക്കാന്‍ വൃത്തിയുള്ള പരിസരവും ശുദ്ധവായുവും ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും വലിയൊരുവിഭാഗം ജനത്തിന് നിഷേധിക്കുന്നു. ഇത് കേവലമായ സാമ്പത്തിക വളര്‍ച്ച നേടി തന്നേക്കാം. പക്ഷെ പ്രകൃതിയെ നശിപ്പിച്ചും കാലാവസ്ഥയെ തകിടം മറിച്ചും വലിയൊരുവിഭാഗം ജനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചുമുള്ള പോക്കിനെ വികസനമെന്ന് വിളിക്കാനാവില്ല. യോഗത്തില്‍ പരിഷത്ത് ജില്ലാ പ്രസിഡന്‍റ് പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നിര്‍വാഹക സമിതി അംഗം പി.വി. സന്തോഷ്, മേഖലാ സെക്രട്ടറി എം.കെ. ദേവസ്യ, കെ.ടി. ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.