ജില്ലയില്‍ കേരള കോണ്‍ഗ്രസ് (എം) കാഴ്ചക്കാരുടെ റോളില്‍

സുല്‍ത്താന്‍ബത്തേരി: മറ്റു ജില്ലകളില്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്ന് അധികാരം നിലനിര്‍ത്താന്‍ കൈമെയ് മറന്ന് അങ്കത്തട്ടില്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ വയനാട്ടില്‍ മാത്രം എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് (എം). വയനാട്ടില്‍ ഇപ്പോള്‍ യു.ഡി.എഫ് സംവിധാനത്തിന് പുറത്തു നില്‍ക്കുന്ന പാര്‍ട്ടി എല്‍.ഡി.എഫുമായി നീക്കുപോക്കുകളില്‍ ഏര്‍പ്പെടുന്നുമില്ല. ഇതോടെ ചരിത്രത്തിലാദ്യമായി ജില്ലയില്‍ കേരള കോണ്‍ഗ്രസ് (എം) നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം കാഴ്ചക്കാരുടെ റോളിലൊതുങ്ങുകയാണ്. യു.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് യോഗങ്ങളിലേക്ക് പാര്‍ട്ടി നേതാക്കളെയോ പ്രവര്‍ത്തകരെയോ ക്ഷണിച്ചിട്ടില്ല. യു.ഡി.എഫ് ജില്ലാ കണ്‍വെന്‍ഷനിലടക്കം കേരള കോണ്‍ഗ്രസ് മാറിനിര്‍ത്തപ്പെട്ടതോടെ പാര്‍ട്ടി അണികളില്‍ മുന്നണിയോടുള്ള അരിശം മാറിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതോടെ കോണ്‍ഗ്രസിലെയും ലീഗിലെയും പ്രമുഖ നേതാക്കള്‍ പ്രശ്നപരിഹാരത്തിന് രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായിട്ടില്ല. ഇതോടെ മുന്നണി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തനരംഗത്തിറങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാകാത്ത അവസ്ഥയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനത്തെുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് കേരള കോണ്‍ഗ്രസിനെ കളത്തില്‍നിന്ന് ഗാലറിയിലത്തെിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പലയിടങ്ങളിലും കോണ്‍ഗ്രസ് തങ്ങളെ കാലുവാരിയെന്നാരോപിച്ച് ബത്തേരി മുനിസിപ്പാലിറ്റിയിലെ കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍ ടി.എല്‍. സാബു എല്‍.ഡി.എഫിന് വോട്ടു ചെയ്യുകയും അങ്ങനെ എല്‍.ഡി.എഫ്. അധികാരത്തില്‍ വരികയും ചെയ്തു. ഇതോടെ യു.ഡി.എഫ് കുത്തകയാക്കി വെച്ചിരുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറിയപ്പോള്‍ അധികാരം കൈവിട്ടു പോകുകയായിരുന്നു. 35 സീറ്റില്‍ 17 സീറ്റു വീതം യു.ഡി.എഫും എല്‍.ഡി.എഫും നേടി. ഒരു സീറ്റ് നേടിയത് ബി.ജെ.പിയാണ്. എന്നാല്‍, ബി.ജെ.പിയുടെ കൗണ്‍സിലര്‍, ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെ നിര്‍ണായകമായ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ് ഇടതിന് വോട്ടുചെയ്തത്. ബത്തേരിയിലെ യു.ഡി.എഫ് അണികളില്‍ ഇതിന്‍െറ അരിശം ഇപ്പോഴും അടങ്ങിയിട്ടില്ല. അതിന്‍െറ അലയൊലിയാണ് യു.ഡി.എഫ് സംവിധാനത്തിലും പ്രതിഫലിക്കുന്നതെന്നാണ് മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ജില്ലയില്‍ എല്ലായിടത്തും തങ്ങള്‍ തഴയപ്പെടുകയാണെന്ന് കേരള കോണ്‍ഗ്രസ് ഏറെ നാളായി പരാതി ഉന്നയിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തില്‍ താഴെ മാത്രമാണ് സീറ്റ് നല്‍കിയത്. ഇതില്‍ രണ്ടിടത്തു മാത്രമാണ് വിജയിച്ചത്. എല്ലായിടത്തും കാലുവാരിയതാണ് തോല്‍വിക്ക് കാരണമെന്ന് കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിനിടെ വിപ്പ് ലംഘിച്ചെന്നാരോപിച്ച് ടി.എല്‍. സാബുവിനെതിരെ യു.ഡി.എഫ് കേസ് നല്‍കി. കേസ് സാബുവിന് പ്രതികൂലമായാല്‍ കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുകയും തെരഞ്ഞെടുപ്പ് നടത്തേണ്ടതായും വരും. എന്നാല്‍, കേരള കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചതിനാല്‍ യു.ഡി.എഫ് വിപ്പ് ബാധകമല്ളെന്നും കേസ് അനുകൂലമാകുമെന്നും പാര്‍ട്ടി വിശ്വസിക്കുന്നു. കുടിയേറ്റ മേഖലയാ വയനാട്ടില്‍ പുല്‍പള്ളി മേഖലയില്‍ കേരള കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുണ്ട്. യു.ഡി.എഫുമായി ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ കേരള കോണ്‍ഗ്രസിന്‍െറ ഉറച്ച വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു മറിയാന്‍ കാരണമാകില്ളെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.