ആര്‍.ടി.ഒയും ജോ. ആര്‍.ടി.ഒയും ഇല്ലാതെ വയനാട്

കല്‍പറ്റ: ആര്‍.ടി.ഒയും ജോയന്‍റ് ആര്‍.ടി.ഒയും ഇല്ലാതെ ഒരു മാസമായി വയനാട് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ്. ആര്‍.ടി.ഒ പി.എ. സത്യന്‍ വിരമിച്ചശേഷം പുതിയ ആര്‍.ടി.ഒയെ ജില്ലയില്‍ നിയമിച്ചിട്ടില്ല. ജോ. ആര്‍.ടി.ഒ രാജന്‍ ഫെബ്രുവരിയില്‍ വിരമിച്ചശേഷം അദ്ദേഹത്തിനു പകരക്കാരനെയും നിയമിച്ചിട്ടില്ല. ജില്ലയുടെ മൊത്തം ചുമതല ഇപ്പോള്‍ മാനന്തവാടി ജോ. ആര്‍.ടി.ഒ മനോഹരനാണ്. സുല്‍ത്താന്‍ ബത്തേരി ജോയന്‍റ് ആര്‍.ടി.ഒ ഇപ്പോള്‍ അവധിയിലുമാണ്. സംസ്ഥാനത്തുടനീളം മോട്ടോര്‍ വാഹനവകുപ്പില്‍ ഒരുപാട് ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. വയനാട്ടില്‍ ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ളവര്‍ ഇല്ലാത്തതിനാല്‍ ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളിലും വാഹന പരിശോധനയിലുമൊക്കെ ഇതുയര്‍ത്തുന്ന പരിമിതികളുണ്ട്. വയനാടിനു പുറമെ കൊല്ലത്തും മൂവാറ്റുപുഴയിലും ആര്‍.ടി.ഒ മാരില്ല. ബസ് ഗതാഗതവുമായി ബന്ധപ്പെട്ടതടക്കമുള്ള കാര്യങ്ങളില്‍ ആര്‍.ടി.ഒമാരുടെ അഭാവം വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നാലുമാസം മുമ്പ് ജോ. ആര്‍.ടി.ഒ വിരമിച്ചശേഷം ആ ഒഴിവിലേക്ക് ആരെയും നിയമിച്ചിട്ടില്ല. ഇതിനിടയിലാണ് മാര്‍ച്ച് 31ന് ആര്‍.ടി.ഒയും വിരമിച്ചത്. മാനന്തവാടി ജോ. ആര്‍.ടി.ഒ നേരത്തേ അപേക്ഷിച്ച അവധിയിലായിരുന്നതിനാല്‍ എം.വി.ഐമാരുടെ നേതൃത്വത്തിലാണ് വകുപ്പിന്‍െറ പ്രവര്‍ത്തനം ഇക്കാലയളവില്‍ മുന്നോട്ടുകൊണ്ടുപോയത്. ഒഴിഞ്ഞുകിടക്കുന്ന ആര്‍.ടി.ഒ, ജോ. ആര്‍.ടി.ഒ തസ്തികയിലുള്ളവര്‍ ചെയ്യേണ്ട പിടിപ്പത് ജോലികളും ഇവരുടെ ചുമലിലാണ്. ബസ്, ലോറി പെര്‍മിറ്റുകളടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ഒരുപാടു കാലമായി നടക്കുന്നേയില്ല. മതിയായ മുഴുവന്‍ ജീവനക്കാര്‍ ഉള്ളപ്പോള്‍ പോലും ജോലിഭാരം കൂടുതലുള്ള അവസ്ഥയാണ് മോട്ടോര്‍ വാഹനവകുപ്പില്‍. ഇതിനിടയില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം ഇല്ലാതായതോടെ ജീവനക്കാര്‍ രാവിലെ മുതല്‍ രാത്രി വരെ ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്. അതിരാവിലെ തുടങ്ങുന്ന ഡ്രൈവിങ് ടെസ്റ്റ്, ഓഫിസ് ഡ്യൂട്ടികള്‍, ടാക്സ് സംബന്ധമായ കാര്യങ്ങള്‍, ആക്സിഡന്‍റ് ഇന്‍സ്പെക്ഷന്‍, ലൈസന്‍സ് തയാറാക്കല്‍ തുടങ്ങിയ ഒരുപാട് ജോലിക്കിടയില്‍ വാഹന പരിശോധന നടക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാറിന് കോടികള്‍ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന വകുപ്പായിട്ടും ഫണ്ടില്ളെന്നു പറഞ്ഞ് അവശ്യമായവയൊന്നും അനുവദിക്കപ്പെടാത്ത സാഹചര്യത്തില്‍ ജോലി ഏറെ ദുഷ്കരമാണെന്ന് മോട്ടോര്‍ വകുപ്പ് ജീവനക്കാര്‍ പറയുന്നു. വകുപ്പില്‍ 2015 ഡിസംബര്‍ മുതലുള്ള ഉദ്യോഗസ്ഥ പ്രമോഷനുകളില്‍ തീരുമാനമൊന്നുമായിട്ടില്ല. പ്രമോഷന്‍ നിശ്ചയിക്കണമെങ്കില്‍ ഡിപാര്‍ട്മെന്‍റല്‍ പ്രമോഷന്‍ കമ്മിറ്റി (ഡി.പി.സി) യോഗം ചേരണം. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞേ ഡി.പി.സി യോഗം ചേരാനിടയുള്ളൂ. ജോയന്‍റ് ട്രാന്‍സ്പോര്‍ട് കമീഷണര്‍ പി. സൈനുദ്ദീനും സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമീഷണറുടെ ചുമതലയുള്ള എന്‍.കെ. രവീന്ദ്രനാഥനും അടക്കമുള്ള 35 ജീവനക്കാര്‍ മെയ് 31ന് വിരമിക്കുന്നതോടെ ഉന്നത ഉദ്യോഗസ്ഥരില്ലാത്ത പ്രതിസന്ധി ഗുരുതരമാകുമെന്നാണ് അറിയുന്നത്. മോട്ടോര്‍ വാഹന വകുപ്പില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ പരിശോധനകളെ ബാധിച്ചതോടെ 2014-15ല്‍ 92.09 കോടി രൂപ പിഴയായി ലഭിച്ച സ്ഥാനത്ത് 2015-16ല്‍ ലഭിച്ചത് 86.25 കോടി രൂപയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.