കൊണ്ടും കൊടുത്തും സൈബര്‍ പോരാട്ടം

കല്‍പറ്റ: തെരഞ്ഞെടുപ്പിന്‍െറ അങ്കത്തട്ടില്‍ വീറും വാശിയും നിറയുമ്പോള്‍ പോരാട്ടം പൊടിപൊടിക്കുന്നത് പഴയതുപോലെ തെരുവോരങ്ങളിലല്ല, സൈബര്‍ ലോകത്താണ്. കൊടിവെച്ചുപായുന്ന ജീപ്പുകളിലെ ശബ്ദപ്രഘോഷണങ്ങളല്ല, വാട്സ്ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യുന്ന പ്രചാരണതന്ത്രങ്ങളാണ് കൂടുതല്‍മനസ്സുകളെ സ്വാധീനിക്കാന്‍ സഹായകമാകുന്നതെന്ന് മുന്നണികളും സ്ഥാനാര്‍ഥികളും തിരിച്ചറിയുമ്പോള്‍ നവമാധ്യമങ്ങള്‍ വോട്ടുപിടിത്തത്തിനുള്ള പ്രമുഖ ഇടമായി മാറുന്നു. സജീവ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്ന ന്യൂജെനറേഷന്‍ കൂടുതല്‍ സമയം അഭിരമിക്കുന്ന ഇടമെന്നനിലക്കും അവരുടെ നിലപാടുകളെ സ്വാധീനിക്കാനുള്ള ശ്രമം സോഷ്യല്‍ മീഡിയയിലെ പ്രചാരണതന്ത്രങ്ങളില്‍ പ്രമുഖമാണ്. ഓരോ മണ്ഡലത്തിലും ഇടതുവലത് മുന്നണിക്കും ബി.ജെ.പിക്കും നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ശക്തമായ സംവിധാനങ്ങളുണ്ട്. നിയോജകമണ്ഡലം തലങ്ങളില്‍ പ്രത്യേക സൈബര്‍ സെല്ലുകള്‍ രൂപവത്കരിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. സൈബര്‍ലോകത്തെ പ്രചാരണത്തിനു മാത്രമായി വിഡിയോ ചിത്രീകരണംവരെ എല്ലാവരും നടത്തുന്നുമുണ്ട്. ജില്ലയില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന കല്‍പറ്റയിലാണ് സൈബര്‍ പ്രചാരണങ്ങള്‍ക്ക് ചൂടും ചൂരും കൂടുതല്‍. സ്വന്തമായി വാട്സ്ആപ്, ഫേസ്ബുക് ഗ്രൂപ്പുകളൊക്കെ ഉണ്ടാക്കിയാണ് മുന്നണികള്‍ സൈബര്‍ ലോകത്ത് വോട്ടുതേടുന്നത്. വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള എതിരാളികളുടെ പോസ്റ്റുകളില്‍ എതിര്‍വാദങ്ങളുമായി മറുപക്ഷമത്തെും. ഇതിനായി പ്രത്യേകം ആളുകളുണ്ട്. യുവനേതാക്കന്മാരാണ് സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്നത്. സ്ഥാനാര്‍ഥിയുടെ ഓരോ ദിവസത്തെയും പര്യടനത്തിന്‍െറ വിശദമായ ചിത്രങ്ങള്‍ക്കും വിവരണങ്ങള്‍ക്കുമൊപ്പം യുവനേതാക്കന്മാര്‍ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നുമുണ്ട്. ജില്ലയില്‍ യു.ഡി.എഫ് ശക്തമായ പ്രചാരണമാണ് സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നത്. ജില്ലാ പഞ്ചായത്തംഗം പി.കെ. അനില്‍കുമാറാണ് നേതൃത്വം നല്‍കുന്നത്. ‘മൂന്നു മണ്ഡലങ്ങളിലും അഡ്മിന്‍മാരെ നിയോഗിച്ച് പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. ബൂത്ത് അഡ്മിന്‍മാര്‍ എല്ലാവരെയും ഉള്‍പ്പെടുത്തി വേറെ ഗ്രൂപ്പുകളും രൂപവത്കരിക്കും. ഇതില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെയാണ് ആദ്യം ഉള്‍പ്പെടുത്തുക. പിന്നീട് നിഷ്പക്ഷ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തും. എല്‍.ഡി.എഫിന് സജീവമായി പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്താറില്ല.’- അനില്‍കുമാര്‍ പറഞ്ഞു. ന്യൂജെനറേഷന്‍ വോട്ടര്‍മാര്‍, സ്ത്രീകള്‍ എന്നിവരെ പ്രത്യേകം ലക്ഷ്യമിട്ടുള്ള പ്രചാരണം സോഷ്യല്‍മീഡിയയിലും അവലംബിക്കുന്നുണ്ടെന്ന് അനില്‍ പറയുന്നു. ഇതിനായി സ്ത്രീകളുടെ പ്രത്യേക വാട്സ്ആപ് ഗ്രൂപ് ഉടന്‍ ആരംഭിക്കും. ട്രോളിലെ അബദ്ധങ്ങള്‍ പിന്നീട് തിരിച്ചടി ആവാതിരിക്കാന്‍, ട്രോളുകള്‍ കുറച്ചുള്ള പ്രചാരണരീതിക്കാണ് യു.ഡി.എഫ് മുന്‍ഗണന നല്‍കുന്നത്. ഹോട്സ്പോട്ട് ഷെയറിങ്ങും കന്നിവോട്ടര്‍മാരുടെ സംഗമം ഒരുക്കുന്നതുമൊക്കെ ആലോചനയിലുണ്ട്. ഇടതുമുന്നണിക്കുവേണ്ടി സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്നത് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി റഫീഖാണ്. ‘ബൂത്തടിസ്ഥാനത്തില്‍ വാട്സ്ആപ് ഗ്രൂപ്പുകളും എല്ലാ സ്ഥാനാര്‍ഥികളുടെയും പേരില്‍ ഫേസ്ബുക് പേജുകളും എല്‍.ഡി.എഫിനുണ്ട്. ഓരോ മണ്ഡലത്തിലും ഇതിനായി സജ്ജീകരണങ്ങളുണ്ട്. പ്രഫഷനല്‍ ഗ്രൂപ്പുകളൊന്നുമല്ല, ഞങ്ങളുടെ പ്രവര്‍ത്തകര്‍തന്നെയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിഡിയോ പ്രചാരണമടക്കം നടക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് നവമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് ലഭിക്കുന്നത്. അസഹിഷ്ണുതക്കും അഴിമതിക്കുമെതിരെ പ്രതികരിക്കാനുള്ള വേദിയായി യുവാക്കള്‍ സോഷ്യല്‍ മീഡിയയിലെ ഇത്തരം ഇടങ്ങളെ കാണുന്നുണ്ട്. പലരും സ്വന്തമായി പോസ്റ്റുകളും ട്രോളുകളുമൊക്കെ ക്രിയേറ്റ് ചെയ്ത് ഇടതുമുന്നണിക്കുവേണ്ടി സജീവമായി രംഗത്തുണ്ട്. കല്‍പറ്റയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി ഇത്തരത്തില്‍ നിഷ്പക്ഷരായ ഒരുപാടു യുവാക്കളാണ് സോഷ്യല്‍ മീഡിയയില്‍ സജീവ പ്രചാരണം നടത്തുന്നത്’ -റഫീഖ് പറയുന്നു. അതേസമയം, സോഷ്യല്‍മീഡിയയില്‍ പ്രചാരണം വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് നീങ്ങുന്ന അവസരങ്ങളുമുണ്ട്. സ്ഥാനാര്‍ഥികളെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയില്‍ പോസ്റ്റുകളിടുന്നവരും ഇവിടെ നേരിയ തോതിലെങ്കിലുമുണ്ട്. സ്ഥാനാര്‍ഥിയുടെ വാട്സ്ആപ്പില്‍ കയറിക്കൂടുന്ന എതിരാളികള്‍ മറുവാദങ്ങളും നിരന്തരം പോസ്റ്റ് ചെയ്യുന്നതോടെ ഇവരെ ബ്ളോക് ചെയ്യേണ്ട അവസ്ഥയും അഡ്മിനുണ്ടാകാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.