കെ.എസ്.ആര്‍.ടി.സി പ്രതിനിധികളെ സ്വകാര്യ ബസുടമകള്‍ ബന്ദിയാക്കി

സുല്‍ത്താന്‍ ബത്തേരി: ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട് വയനാട് ആര്‍.ടി.ഒ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി പ്രതിനിധികളെ അപമാനിക്കുകയും ബന്ദികളാക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. ഇന്‍സ്പെക്ടര്‍ സി. കൃഷ്ണനെ ആര്‍.ടി.ഒ യോഗത്തില്‍നിന്ന് പുറത്താക്കിയതായും പരാതിയുണ്ട്. ആര്‍.ടി.ഒയുടെ ഒത്താശയോടെയാണ് സ്വകാര്യ ബസ് മുതലാളിമാരുടെ അതിക്രമമെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കും പൊലീസ് ചീഫിനും പരാതി നല്‍കി. ആര്‍.ടി.ഒക്കും സ്വകാര്യ ബസുടമകള്‍ക്കുമെതിരെ കര്‍ശനനടപടി വേണമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകളുടെ കുത്തകയായിരുന്ന ബത്തേരി-നടവയല്‍-മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി കോടതി മുഖേന 10 ബസുകള്‍ക്ക് പെര്‍മിറ്റ് നേടി സര്‍വിസ് ആരംഭിച്ചതോടെയാണ് കോര്‍പറേഷനും സ്വകാര്യ ബസുടമകളും തമ്മിലുള്ള സംഘര്‍ഷം പരിധികടന്നത്. സമയക്രമം പാലിക്കുന്നതില്‍ നടപടി ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടയിലാണ് വ്യാഴാഴ്ച സര്‍വിസില്‍നിന്ന് റിട്ടയര്‍ ചെയ്യുന്ന ആര്‍.ടി.ഒ സത്യന്‍ തിരക്കിട്ട് എഴുപതോളം സ്വകാര്യ ബസ് സര്‍വിസുകള്‍ക്ക് ഒറ്റയടിക്ക് പുതുതായി പെര്‍മിറ്റ് അനുവദിച്ചത്. ഇവയുടെ സമയക്രമം നിര്‍ണയിക്കുന്നതിനുവേണ്ടിയാണ് ആര്‍.ടി.ഒ യോഗം വിളിച്ചത്. കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ക്ക് തൊട്ടുപിന്നിലായി ഒന്നും രണ്ടും മിനിറ്റുകളുടെ വ്യത്യാസത്തില്‍ സമയം നിശ്ചയിക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി പ്രതിനിധികള്‍ പ്രതികരിച്ചതോടെ സ്റ്റേഷന്‍ മാസ്റ്റര്‍ സി. ഉണ്ണികൃഷ്ണനെ ആര്‍.ടി.ഒ പുറത്താക്കി. ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ഇന്‍സ്പെക്ടര്‍ ഹാമിദ് അലി, എം.എസ്. അനില്‍കുമാര്‍, എം.വി. വിപിന്‍, ഷാജി എന്നീ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരെ കോണ്‍ഫറന്‍സ് ഹാളിനുള്ളില്‍ സ്വകാര്യ ബസുടമകള്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്നാണാരോപണം. ഒരു ബസിനെ പ്രതിനിധാനംചെയ്ത് ഒരാള്‍ക്കുമാത്രം പങ്കെടുക്കാവുന്ന യോഗത്തില്‍ 125 പേരാണത്രെ സ്വകാര്യ ബസ് ലോബിയെ പ്രതിനിധാനം ചെയ്തത്തെിയത്. കെ.എസ്.ആര്‍.ടി.സി പ്രതിനിധികളാവട്ടെ ആകെ അഞ്ചുപേരും. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോര്‍പറേഷന്‍ പ്രതിനിധികള്‍ വിസമ്മതിച്ചു. ഇന്ന് റിട്ടയര്‍ ചെയ്യുന്ന ഉദ്യോഗസ്ഥന്‍ യോഗത്തില്‍വെച്ച് സ്വകാര്യ ബസുടമകളില്‍നിന്ന് പിരിവ് നടത്തിയതായും ഉപഹാരങ്ങള്‍ സ്വീകരിച്ചതായും യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. കെ.എസ്.ആര്‍.ടി.സിയെ കാത്തുസംരക്ഷിക്കാന്‍ ബാധ്യസ്ഥനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്വകാര്യ ബസുടമകള്‍ക്കുവേണ്ടി പരസ്യമായ നിലപാടെടുക്കുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. കെ.എസ്.ആര്‍.ടി.സി ഡ്രൈവേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ജി. ബാബു, സി.എം. സുനില്‍കുമാര്‍ കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു), ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ബാബുരാജ് കടവത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ടൗണില്‍ ബത്തേരി ഡിപ്പോയിലെ സ്ത്രീജീവനക്കാരടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. തുടര്‍ന്ന് ഗാരേജ് പരിസരത്ത് നടന്ന യോഗത്തില്‍ കെ.ജി. ബാബു അധ്യക്ഷത വഹിച്ചു. ബാബുരാജ്, വി. പുഷ്പരാജന്‍, പി.എസ്. റോണി, എന്‍. രാജന്‍, വിനോദ്കുമാര്‍, എം.എസ്. അനില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.